പാത്ര കള്ളന്മാരെ തൊണ്ടി സഹിതം പിടികൂടി
അഗത്തി(14.10.14):- അഗത്തി സ്കൂളില്‍ കവര്‍ച്ച നടത്തിയ നാലംഗ കള്ളന്മാരെ എസ്.ഐ. അക്ബറും സംഘവും തൊണ്ടിസഹിതം പിടികൂടി. പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച മജിസ്ട്രേറ്റ് പോലീസ് കസ്റ്റ്ഡിയില്‍ വിട്ടു. ഗവര്‍മെന്‍റ് സീനിയര്‍ ബേസിക് സ്കൂളിലെ അടുക്കള സ്റ്റോര്‍ കുത്തി തുറന്ന് ഭക്ഷണമുണ്ടാക്കുന്ന ചെമ്പ് പാത്രങ്ങള്‍ മോഷ്ടിച്ചതായിരുന്നു ഇവര്‍. സ്കൂള്‍ അധികാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് അന്വേഷിക്കുകയായിരുന്നു. കൂടാതെ ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. റമളാന്‍ മാസത്തില്‍ ഇതേ സ്കൂളില്‍ നിന്ന്‍ ഇവര്‍ ചെമ്പുകള്‍ മോഷ്ടിച്ചിരുന്നു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ക്ക് മോഷണം മനസിലായില്ലായിരുന്നു. അന്ന്‍ അഗത്തി സ്വദേശിയായ ഒരു ആക്രിക്കാരന് ഇവ തൂക്കി വിറ്റപ്പോള്‍ മുപ്പത്തി ഒമ്പതിനായിരത്തോളം രൂപ പ്രതികള്‍ക്ക് കിട്ടിയിരുന്നു. മോഷ്ടിച്ച സാധനങ്ങളാണെന്ന് അറിഞ്ഞിട്ടും ഇവ വാങ്ങിയതിന് ഇയാളും അഴി എണ്ണും. തൊണ്ടി സാധനങ്ങള്‍ മുഴുവനും ഇനി ഉപയോഗിക്കാന്‍ പറ്റാത്തവിധം പ്രതികള്‍ മുറിച്ച് കഷ്ണിച്ചിരുന്നു. ഏതാനും പാത്രങ്ങളാണ് മുറിക്കാതെ കിട്ടിയത്. രണ്ടു ലക്ഷത്തിനും നാല് ലക്ഷത്തിനും ഇടയിലാണ് ഇവയുടെ മതിപ്പ് വില കണക്കാക്കിയിരിക്കുന്നത്. നഷ്ടപ്പെട്ട സാധനങ്ങള്‍ തങ്ങളുടേത് തന്നെയെന്ന് എസ്‌ബി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സ്ഥിതികരിച്ചു. കളവ് നടന്ന് 48 മണിക്കൂര്‍ കഴിയുന്നതിന് മുമ്പ് കള്ളന്മാരെ പിടികൂടിയ എസ്.ഐ. അക്ബറിനും സംഘത്തിനും സ്ഥലത്തെ വിവിധ സംഘടനകളും പൌരാവലികളും അഭിനന്ദനങ്ങള്‍ അറിയിച്ചു.