103 കിലോ കടൽവെള്ളരിയുമായി 4 പേർ പിടിയിൽ
കൊച്ചി നഗരത്തിൽ 103 കിലോ കടൽവെള്ളരിയുമായി നാലുപേർ പിടിയിൽ. ലക്ഷദ്വീപ് മിനിക്കോയ് സ്വദേശി ഹസ്സൻ ഗണ്ടിഗെ ബിദറുഗെ (52), മട്ടാഞ്ചേരി സ്വദേശി ബാബു കുഞ്ഞാമു (58), മലപ്പുറം എടക്കരയിലെ പി നജിമുദീൻ (55), മിനിക്കോയിലെ ഓടിവലുമതികെ വീട്ടിൽ ബഷീർ (44) എന്നിവരെയാണ് ഡിആർഐ, വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഹസ്സനും ബാബുവും നജീമുദീനുമാണ് പാലാരിവട്ടത്ത് ആദ്യം പിടിയിലായത്. ഇവരിൽനിന്ന് കടൽവെള്ളരിയും കണ്ടെടുത്തു. ലക്ഷദ്വീപിൽനിന്ന് എത്തിച്ച കടൽവെള്ളരി കൊച്ചിയിൽ വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. മൂന്നുപേരെയും ചോദ്യം ചെയ്‌തപ്പോൾ ബഷീറാണ് കടൽവെള്ളരി ലക്ഷദ്വീപിൽനിന്ന് അയച്ചതെന്ന് വെളിപ്പെടുത്തി. തിങ്കളാഴ്‌ച ഇയാൾ കൊച്ചിയിൽ എത്തുമെന്നും പറഞ്ഞു. കൊച്ചിയിൽ എത്തിച്ച കടൽവെള്ളരി വിൽക്കുകയായിരുന്നു ആദ്യം പിടിയിലായവരുടെ ചുമതല. വിറ്റുകിട്ടുന്ന പണം കൈപ്പറ്റാൻ ലക്ഷദ്വീപിൽനിന്ന് എത്തിയ ബഷീറിനെ മട്ടാഞ്ചേരി വാർഫിൽവച്ച് ഞായറാഴ്‌ച പിടികൂടി. പ്രതികളെ റിമാൻഡ് ചെയ്‌തു. കിലോയ്‌ക്ക് രണ്ടുലക്ഷം രൂപവരെ കടൽവെള്ളരിക്ക് ലഭിക്കും. ചൈനയിൽ ഉൾപ്പെടെ മരുന്നിനും ഭക്ഷണാവശ്യത്തിനും ഇവയെ ഉപയോഗിക്കുന്നു. വാണിജ്യാവശ്യത്തിനായി ഇവ ശേഖരിക്കുന്നതും വിൽക്കുന്നതും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. കോടനാട് റേഞ്ച് ഫോറസ്‌റ്റ് ഓഫീസർ ആർ അധീഷ്, പ്രൊബേഷണറി റേഞ്ച് ഫോറസ്‌റ്റ് ഓഫീസർ ഷമ്മി വി ഹൈദരാലി, സെക്‌ഷൻ ഫോറസ്‌റ്റ് ഓഫീസർ വി ആർ ബിജു, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാരായ എം എ അനസ്, ബേസിൽ ചാക്കോ, പി ബിനീഷ്, വിജയകുമാർ എന്നിവരടങ്ങുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടിച്ചത്. കടൽവെള്ളരിക്കടത്ത് സംഘത്തിലെ അഞ്ചാമൻ ലക്ഷദ്വീപ് സ്വദേശി ഇസ്‌മയിലിനായി അന്വേഷണം പുരോഗമിക്കുന്നു. മട്ടാഞ്ചേരിയിൽ ഇയാൾ താമസിക്കുന്ന വീട്ടിലാണ് കടൽവെള്ളരി സൂക്ഷിച്ചിരുന്നതെന്ന് പിടിയിലായവർ വെളിപ്പെടുത്തി. ലക്ഷദ്വീപിൽനിന്ന് ബഷീറാണ് കടൽവെള്ളരി ശേഖരിച്ചത്. മകന് ജോലിക്കായി പണം കണ്ടെത്താനാണെന്നും ആദ്യമായാണ് ഇടപാടിനിറങ്ങിയതെന്നും ഇയാൾ പറഞ്ഞു. എന്നാൽ, അന്വേഷകസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. പിടിയിലായ ലക്ഷദ്വീപുകാരുമായി ബഷീറിന് മുൻപരിചയമുണ്ടായിരുന്നു. മട്ടാഞ്ചേരി, മലപ്പുറം സ്വദേശികളെ സംഘത്തിൽ ഉൾപ്പെടുത്തിയത് ഹസനാണ്. ബാറിൽവച്ചാണ് ഇവർ പരിചയപ്പെടുന്നതെന്നും വിവരം ലഭിച്ചു. ഉപ്പ് പുരട്ടിയ നിലയിലായിരുന്നു പിടിച്ചെടുത്ത കടൽവെള്ളരി. അധികം ഉണങ്ങിയിട്ടില്ല. പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമ്പോൾ കൂടുതൽ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷകസംഘം.
കടപ്പാട്: ദേശാഭിമാനി
കടപ്പാട്: ദേശാഭിമാനി