DweepDiary.com | ABOUT US | Friday, 29 March 2024

അമ്യതപീഡ കഴിഞ്ഞു - പുതിയവര്‍ക്കായി ദര്‍ഘാസ് വിളിച്ചു

In main news BY Admin On 25 August 2014
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ നിയന്ത്രണത്തിലുള്ള രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിലവിലെ കരാര്‍ അവസാനിച്ച സാഹചര്യത്തില്‍ ആശുപത്രി നടത്തിപ്പിന് പുതിയ ദര്‍ഘാസ് (ടെന്‍ഡര്‍) വിളിച്ചു. നാളെ മുതല്‍ (26/08/2014) ഇവ സ്വീകരിച്ച് തുടങ്ങും. നിലവിലെ കരാറുകാരായ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്‍റെ കരാര്‍ അവസാനിക്കുകയും പുതിയ കരാര്‍ നടപടികള്‍ അവസാനിക്കുന്നത് വരെ ആറുമാസത്തേക്ക് നീട്ടി കൊടുക്കുകയും ചെയ്തിട്ടുണ്ട്. അമൃതയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും നിലവിലെ കരാറുകള്‍ ഒന്നും തന്നെ ഇതുവരേയായി പാലിച്ചിട്ടില്ല. സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അടക്കം സുപ്രധാനമായ കരാറിലെ പല വ്യവസ്ഥകളും കാറ്റില്‍ പറത്തി ഏതാനും ജൂനിയര്‍ ഡോക്ടര്‍മാരെയും ട്രൈനിങ്ങ് കഴിഞ്ഞ് 'ഒന്നും അറിയാത്ത' നഴ്സുമാരേയും കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക മാത്രമാണ് ചെയ്യുന്നത് എന്ന്‍ നാട്ടുകാര്‍ ആരോപിക്കുന്നു. കാലില്‍ അബദ്ധത്തില്‍ കത്തി കൊണ്ട് മുറിവായി സ്റ്റിച്ചിങ്ങിനായി എത്തിയ മറിയം സേവിയോട ഹര്‍ഷാദ് ഹുസൈന്‍ പറയുന്നത് കേള്‍ക്കുക,
"... ആദ്യം അയാള്‍ ഫോണിലൂടെ ആര്‍ക്കോ വിളിച്ച് നൂലുകളുടെ പേര് ചോദിച്ചു. പിന്നെ കുറേ നേരം എന്റെ മേല്‍ എന്തൊക്കെയോ കാട്ടി കൂട്ടി.. ഈ സമയമെല്ലാം എന്‍റെ കാല്‍ മരവിപ്പിച്ചതിനാല്‍ വേദനയൊന്നും അറിഞ്ഞില്ല... അര മണിക്കൂറിലധികം കഴിഞ്ഞാണ് എനിക്ക് വീട്ടില്‍ പോകാനായത്..."

ഏറ്റവും ശ്രദ്ധയും പരിഗണനയും വേണ്ട ഓപ്പറേഷന്‍ തിയേറ്ററിലെ അവസ്ഥ ഒട്ടും മോശമല്ല. പേറ്റ് നോവ് തുടങ്ങിയ തന്നെ അവര്‍ ഒരു രാത്രി നിരീക്ഷണ റൂമില്‍ കിടത്തി. പിറ്റേന്ന് രാവിലെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. എന്‍റെ ഉമ്മ പറയുമായിരുന്നു ആദ്യത്തെ പ്രസവമായാല്‍ ചിലപ്പോള്‍ രണ്ടു ദിവസം വരെ നോവുണ്ടാകുമെന്ന്. അതിന് അവര്‍ക്ക് കാത്തു നില്‍ക്കാന്‍ കഴിയാഞ്ഞിട്ടായിരിക്കും വേദനയ്ക്കുള്ള ഇഞ്ചക്ഷനും തന്നു. ഇക്കാര്യം തന്‍റെ ഭര്‍ത്താവിനെ പിന്നീടാണ് അറിയിച്ചത്. എന്റെ നാവ് കുഴയുകയും തളര്‍ന്ന് പോവുകയും ചെയ്ത സമയത്ത് പെണ്ണ്‍ (നഴ്സ്) മൊബൈലിലൂടെ കൊഞ്ചി കുഴയുകയായിരുന്നു. തന്നെ ശ്രദ്ധിക്കുന്നില്ല എന്ന്‍ കണ്ടപ്പോള്‍ തനിക്ക് പേടി കൂടുകയും അവസാനം ഒരു കുഴപ്പവുമില്ലാത്ത തന്‍റെ പ്രസവം ഓപ്പറേഷനില്‍ കലാശിക്കുകയും ചെയ്തു എന്ന്‍ ആദ്യ പ്രസവത്തിന് ഇവിടെ എത്തിയ സാജിദ (പേര് യഥാര്‍ത്ഥമല്ല) സ്മരിക്കുന്നു.

കോടികളാണ് മാസവും അമൃതക്കു ഭരണകൂടം ഖജനാവില്‍ നിന്നും നല്‍കുന്നത്. അതിനൊത്ത സേവനം നല്‍കുന്ന കാര്യത്തില്‍ അമൃതക്കു ഒട്ടും ശുഷ്കാന്തിയില്ല. നിലവിലെ പഞ്ചായത്തും കഴിഞ്ഞ പഞ്ചായത്തും ഇവരെ നിയന്ത്രിക്കുന്നതില്‍ പരാചയപ്പെട്ടു. ഇവിടുത്തെ മാനേജരുടെ അതിവിദഗ്ദ്ധമായ വാഗ്സാമര്‍ത്ഥ്യത്തില്‍ ദ്വീപിലെ ഇരു രാഷ്ട്രീയക്കാരും വീണുപോയതല്ലാതെ കരാര്‍ ലംഘനം ചൂണ്ടിക്കാണിച്ച് നടപടിയെടുക്കാനോ പരിഹാരം കാണാനോ ഇവര്‍ക്ക് പറ്റിയില്ല.

ഞങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കിയ മറ്റു ചിലവ:-
(i) അലക്ഷ്യമായി ഇട്ടിരിക്കുന്ന മരുന്നുകളുടെ വലിയ പാക്കറ്റുകള്‍.
(ii) ദ്വീപിലെ പരിസ്ഥിതിയെ സംരക്ഷണ വകുപ്പ് അറിഞ്ഞിട്ടാണൊ എന്നറിയില്ല, പരിസ്ഥിതി ലോലപ്രദേശമായ ദ്വീപില്‍ രഹസ്യമായി കാലാവധി കഴിഞ്ഞ മരുന്നുകള്‍ കടലിലേക്ക് വലിച്ചെറിയുന്നു/ കടപ്പുറത്ത് 'അശാസ്ത്രീയമായി' കുഴിച്ച് മൂടുന്നു.
(iii) ഒരുപാട് തൂപ്പുകാര്‍ ഉണ്ടായിട്ടും വൃത്തി ഹീനമായ വാര്‍ഡുകള്‍.
(iv) സാധാരണക്കാരന്‍റെ ഭാഷയറിയാത്ത ഡോക്ടര്‍മാര്‍
(v) അധിക സമയവും ജീവനക്കാര്‍ കൂട്ടത്തോടെ ബീച്ചുകളില്‍ ഉല്ലസിക്കുന്നു. (നിങ്ങളുടെ വ്യക്തിപരമായ കാര്യമാവാം... സേവന കാര്യത്തില്‍ ഈ ഉല്‍സാഹം കാണിച്ചിരുന്നെങ്കില്‍ മിണ്ടാതിരിക്കാമായിരുന്നു)
(vi) രക്ത പരിശോധനയ്ക്കായി ശേഖരിച്ച രക്തം രോഗി തന്നെ ലാബ് കണ്ടുപിടിച്ച് ഏല്‍പ്പിക്കണം. (തുടക്കത്തില്‍ ഇവര്‍ തന്നെ നമ്മുടെ രക്തം എടുത്തു ഇവര്‍ തന്നെ ലാബില്‍ കൊണ്ടുപോയി ഇവര്‍ തന്നെ നമ്മുടെ പേര് വിളിച്ച് പരിശോധന ഫലം നല്‍കുമായിരുന്നു.)
(vii) താഴ്ന്ന തസ്തികകള്‍ ദ്വീപുകാര്‍ക്ക് നല്‍കണമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടു. ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി എന്നിവ ഇപ്പോയും ഇവരുടെ ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിന് ന്യായം ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെ, "നേരത്തെ ദ്വീപുകാരായിരുന്നു സെക്യൂരിറ്റി ചുമതല. അവര്‍ രാത്രി മുഴുവനും ഉറക്കമാണ്. അതിനാല്‍ പിരിച്ച് വിട്ടു. ദ്വീപുകാര്‍ ആ ജോലിക്കു കൊള്ളില്ല..."
ഇവിടെ ജോലിയില്‍ കൃത്യനിഷ്ടയില്ലാത്ത ജോലിക്കാരനെ നോട്ടീസ് പതിച്ച് പിരിച്ച് വിട്ടിരുന്നെങ്കില്‍ അടുത്തയാള്‍ക്ക് ബോധം വരുമായിരുന്നു തന്‍റെ പണിയും തെറിക്കുമെന്ന്. കൂടാതെ എല്ലാ ദ്വീപുകാരേയും അലസരെന്ന് സാമാന്യവാല്‍കരിക്കുകയും ചെയ്തു കൊണ്ട് ഹോസ്പിറ്റല്‍ അധികാരികളും ആരോഗ്യവകുപ്പും തങ്ങളുടെ കഴിവ് കേടു തുറന്ന്‍ കാണിച്ചിരിക്കുകയാണ്.
(viii) പ്രസവത്തിന് "നോര്‍മല്‍" ആയി വരുന്ന പത്തില്‍ ഒമ്പത് സ്ത്രീകളേയും സിസേറിയന് വിധേയമാക്കുന്നു. സിസേറിയന് കാരണം എല്ലാവരുടേതും ഒന്ന്‍:- "കുട്ടിയുടെ ഹൃദയമിടിപ്പ് കുറയുന്നു/ കൂടുന്നു...". വിദ്യാഭ്യാസം കുറഞ്ഞ ദ്വീപ് നിവാസികളുടെ അജ്ഞത മുതലെടുത്ത് എളുപ്പ ക്രിയ ചെയ്യുകയാണ് അമൃത.
ലോക ആരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം വളരെ അത്യാവശ്യ സമയത്ത് മാത്രമേ സിസേറിയന്‍ പാടുള്ളു. കേരളത്തില്‍ കൂട്ട സിസേറിയന്‍ നടത്തിയ സര്‍ക്കാര്‍ ആശുപത്രിയിലെ ലേഡി ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത് നമ്മള്‍ കാണാതെ പോയതെന്തെ?
(ix) അഗത്തിയില്‍ നിന്നും ആശുപത്രി കവരത്തിയിലേക്ക് മാറ്റി നടാനുള്ള ഒരു ഒരു പ്രാദേശിക ലോബിയിങ്ങ് ഞങ്ങള്‍ കണ്ടെത്തിയ മറ്റൊരു വിവരമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി ഭേദമില്ലാതെ അഗത്തിക്കാര്‍ പ്രതിരോധിക്കുന്നതും ശ്രദ്ധേയമായ ഒരു കണ്ടെത്തലാണ്. ഈ ഒരുമ നടത്തിപ്പിന്‍റെ കാര്യത്തില്‍ കൂടി നടത്തിയിരുന്നെങ്കില്‍ ഒരു പക്ഷെ, ലക്ഷദ്വീപിലെ ഏറ്റവും തിരക്കുള്ള ആശുപത്രി അഗത്തിയിലേതാവുമായിരുന്നു.
(x) ഭൂരിപക്ഷം വരുന്ന അഗത്തിക്കാരുള്‍പ്പെടെയുള്ള ദ്വീപുകാര്‍ക്ക് അമൃതയോടുള്ള വിശ്വാസം നഷ്ടപ്പെടുകയും വങ്കരയിലേക്ക് ചികില്‍സ തേടി പോവുകയും ചെയ്യുന്നു. വളരെ ദരിദ്രരും നിസാര രോഗക്കാരും നിലവിലെ വ്യവസ്ഥിതി അറിയാത്തവരും മാത്രം ചികില്‍സയ്ക്കെത്തുന്നു.

ഈ ലേഖനം അവസാനിക്കുമ്പോള്‍ കൂട്ടി വായിക്കേണ്ടത് ദ്വീപ് ഡയറി, RGSH അഗത്തിയില്‍ നിന്നും മാറ്റാനോ ഭരണ കൂടങ്ങളെ താറടിക്കാനോ അല്ല ഇവ വെളിപ്പെടുത്തുന്നത് മറിച്ച് പ്രതികരണ ശേഷി നഷ്ടപ്പെട്ട ജനങ്ങളുടെ നിസാഹയത കണ്ടാണെന്ന് മാത്രം. സ്പെഷ്യാലിറ്റി ആശുപത്രി എന്നാല്‍ ഇത്തരം സ്പെഷ്യാലിറ്റികള്‍ ആണോ എന്ന്‍ ചോദിച്ച് കൊണ്ട് ലേഖനം അവസാനിപ്പിക്കുന്നു. പുതിയ കൂട്ടക്കാര്‍ വന്നാലും നമ്മുടെ പഴഞ്ചന്‍ രാഷ്ട്രീയവും പ്രതികരണമില്ലാത്ത നിഷ്കളങ്കതയും മാറ്റി വെച്ചില്ലെങ്കില്‍ അവരും ഇതേ പോലാകുമെന്ന്‍ ഓര്‍മ്മിപ്പിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY