DweepDiary.com | ABOUT US | Friday, 19 July 2024

കടൽ വെള്ള ശുദ്ധീകരണ പദ്ധതി ഗുരുതരമായ ക്രമക്കേട്

In main news BY Web desk On 23 June 2024
കിൽത്താ൯: കോടികൾ ചെലവിട്ട് നടപ്പിലാക്കുന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കടൽ വെള്ള ശുദ്ധീകരണ പദ്ധതിയുടെ അവസാന ഘട്ടത്തിൽ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപണം.
കടലിന്റെ അടിത്തട്ടിൽ സ്ഥാപിക്കുന്ന പമ്പിംഗ് സംവിധാനത്തിലാണ് ക്രമക്കേട്. നിരവധി അറകളുള്ള ഈ സംവിധാനത്തിൽ ഓരോന്നും പ്രത്യേക ആവശ്യങ്ങൾക്കു വേണ്ടി സജ്ജീകരിച്ചിട്ടുള്ളവയാണ് ചിലത് ജല സംചാലനത്തിനും ചിലത് മോട്ടോർ മുതലായ ഉപകരണങ്ങൾ സ്ഥാപിക്കാനുമാണ്. ഇതിനു പുറമേ കോൺക്രീറ്റ് നിർമ്മിതമായ ഈ ഭീമാകാരമായ പമ്പിനെ ശക്തമായ അടിയൊഴുക്കുകളെ പ്രതിരോധിച്ച് കടലിന്റെ അടിത്തട്ടിൽ ഉറപ്പിച്ചു നിർത്താൻ പമ്പിൻ്റെ ചുറ്റുമുള്ള അറകളിൽ നിശ്ചിത അളവിൽ "എം സാൻറ്", " റിവർ സാൻറ്" അഥവാ പുഴമണ്ണ് ഇവരണ്ടും ക്രമാനുസരണം നിറച്ച് ഭാരം ക്രമപ്പടുത്തേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ മാത്രമാണ് ഈ സംവിധാനം പൂർണ്ണമായും ഉറച്ചു നില്ക്കുക.
എന്നാൽ ഭീമമായ തുക ലാഭം ഉണ്ടാക്കാനും എളുപ്പം പണി തീർക്കാനും കണ്ടെത്തിയ വളഞ്ഞ വഴി ഇതിൽ നാടൻ മണ്ണും കല്ലും ചരലും കുത്തി നിറക്കുക എന്നതാണ്‌. ഇതിനുവേണ്ടി നാൽപതോളം ലോഡ് ദ്വിപിൻ്റെ പല ഭാഗങ്ങളിൽ നിന്നായി സമാഹരിക്കുകയും ഇന്നലെ വൈകുന്നേരത്തോടെ ദ്രുതഗതിയിൽ പണി പൂർത്തിയാക്കുകയും ചെയ്തു. ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയറുമാർക്കൊ മറ്റൊ ഇവിടെ മേൽനോട്ട ചുമതലകൾ ഇല്ലാത്തതിനാൽ ഇത്തരം കെടുകാര്യസ്ഥതയും മറ്റും ആരുടെയും ശ്രദ്ധയിൽ പെടില്ല.
രണ്ടു വർഷം മാത്രം പ്രവർത്തിച്ച ശേഷം സർക്കാർ ഇത് ഏറ്റെടുക്കും. പല ദ്വീപുകളിലും ദ്വീപു ഭരണകൂടം ഏറ്റെടുത്ത ശേഷം കടലിന്റെ അടിയിലുള്ള സംവിധാനങ്ങൾക്ക് തകരാറുകൾ സംഭവിക്കുന്നതും കുടിവെള്ളം മുടങ്ങലും തുടർക്കഥകളാകുന്നത് നിർമ്മാണ വേളയിലുള്ള ഇത്തരം അപാകതകൾ കാരണമാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY