DweepDiary.com | ABOUT US | Friday, 19 April 2024

അന്ന് ബി‌ജെ‌പിയുടെ മുഖത്തടിച്ചത് പി‌എം സഈദ്, ഇന്ന് ഹാമിദ് അന്‍സാരി

In main news BY Admin On 21 July 2014
ന്തീരാണ്ട് കാത്തിരുന്നാലും നേരെയാവാത്തതും ശരിയാവാത്തതുമായ പലതിനെക്കുറിച്ചും നമ്മള്‍ പരാമര്‍ശിക്കാറുണ്ട്. ആ പട്ടികയിലേക്കിതാ പുതിയൊരിനം കൂടി, ഇന്ത്യന്‍ പാര്‍ലമെന്‍റിനോടുള്ള ബി.ജെ.പിയുടെ സമീപനം. പോയവാരം ലോക്സഭയിലും രാജ്യസഭയിലും ഇസ്രായേലിന്‍െറ ഗസ്സ അതിക്രമങ്ങള്‍ ചര്‍ച്ചചെയ്ത് പ്രമേയം പാസാക്കണം എന്ന പ്രതിപക്ഷത്തിന്‍െറ ആവശ്യം ബി.ജെ.പി സര്‍ക്കാറിനുവേണ്ടി വെങ്കയ്യനായിഡുവും പിന്നീട് സുഷമ സ്വരാജും പരിഹാസ്യമായ നിലയില്‍ പ്രതിരോധിച്ചു. സുഹൃദ്രാഷ്ട്രങ്ങള്‍ക്കെതിരെ അപ്രിയസംസാരം പാര്‍ലമെന്‍റില്‍ പാടില്ല എന്ന മുളക്കാത്ത ന്യായം പറഞ്ഞ് ഗസ്സ പ്രശ്നം രാജ്യസഭയില്‍ ചര്‍ച്ചക്കെടുക്കരുതെന്ന് വിദേശകാര്യമന്ത്രി രാജ്യസഭാ അധ്യക്ഷന് കത്തുനല്‍കി. വിദേശകാര്യവും പാര്‍ലമെന്‍ററി കാര്യവും ഒരുപോലെ അറിയുന്ന ഉപരാഷ്ട്രപതി സര്‍ക്കാറിന്‍െറ അഭിപ്രായം തെറ്റും അതിനാല്‍ അസ്വീകാര്യവുമാണെന്ന നിലയില്‍ റൂളിങ് നല്‍കിയിരിക്കുകയാണ്.

ഇത്തരുണത്തില്‍ ഓര്‍ക്കപ്പെടേണ്ട ഒരു സംഭവം 2002ല്‍ ലോക്സഭയില്‍ നടന്നിരുന്നു. ആയിരങ്ങള്‍ കൊലചെയ്യപ്പെട്ട ഗുജറാത്ത് കലാപത്തെക്കുറിച്ച് വോട്ടിങ് വിഭാവനം ചെയ്യുന്ന 184ാം ചട്ടപ്രകാരം അന്ന് പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടപ്പോള്‍ വോട്ടിങ് കൂടാതെ 193ാം ചട്ടപ്രകാരമുള്ള ചര്‍ച്ച മാത്രം മതി എന്ന് അന്ന് ബി.ജെ.പി സര്‍ക്കാര്‍ ശാഠ്യംപിടിക്കുകയും അതിന് ലോക്സഭക്ക് അകത്തും പുറത്തും ഡെപ്യൂട്ടി സ്പീക്കര്‍ പി.എം. സഈദിനുമേല്‍ കടുത്ത സമ്മര്‍ദം ചെലുത്തുകയും ചെയ്തു. എന്നാല്‍, രാജ്യത്തിന്‍െറ പൊതുജനാഭിപ്രായം പ്രതിനിധാനംചെയ്യാനുള്ള പാര്‍ലമെന്‍റിന്‍െറ ബാധ്യത ഉയര്‍ത്തിപ്പിടിച്ച ഡെപ്യൂട്ടി സ്പീക്കര്‍ 184 പ്രകാരമുള്ള ചര്‍ച്ചക്ക് റൂളിങ് നല്‍കി. പന്ത്രണ്ടുവര്‍ഷത്തിനപ്പുറവും ഇപ്പുറവും വ്യത്യസ്ത വിഷയങ്ങളില്‍ വ്യത്യസ്ത വേദികളില്‍ ബി.ജെ.പി പ്രവര്‍ത്തിച്ചത് ഒരേ തെറ്റ് -പാര്‍ലമെന്‍റിന്‍െറ അവകാശങ്ങളും പ്രാധാന്യവും കുറച്ചുകണ്ടു. 2002ല്‍ ഗുജറാത്ത് കലാപംപോലെ ഗുരുതരമായ ഒരു സംഭവത്തെക്കുറിച്ച് വോട്ടിങ്ങോടുകൂടിയ ചര്‍ച്ച അനുവദിച്ചത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന ബാലിശമായ പ്രസ്താവന അന്ന് പ്രധാനമന്ത്രി വാജ്പേയിപോലും നടത്തുകയുണ്ടായി. എന്നാല്‍, അന്നത്തെ ചര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ വിഷംചീറ്റിയത് ബി.ജെ.പി അംഗങ്ങളാണെന്ന് ചര്‍ച്ചകേട്ടവര്‍ ഇന്നും ഓര്‍ക്കുന്നുണ്ടാവും. ഒരു വ്യാഴവട്ടത്തിനിപ്പുറം ലോകമനസ്സാക്ഷിയെ പിടിച്ചുലച്ച, ഇന്ത്യന്‍ ജനത എന്നും പ്രയാസത്തോടെ നോക്കിക്കണ്ടിട്ടുള്ള ഗസ്സയിലെ ഇസ്രായേലി അതിക്രമം രാജ്യസഭയില്‍ ചര്‍ച്ചചെയ്താല്‍ ഇസ്രായേലുമായുള്ള സുഹൃദ്ബന്ധം തകരാറിലാവുമെന്ന് രാജ്യാന്തര രാഷ്ട്രീയത്തിലും നയതന്ത്രത്തിലും ഏറെ നിപുണനായ ഹാമിദ് അന്‍സാരിയെ ഉപദേശിച്ച മോദി സര്‍ക്കാറിന്‍െറ അല്‍പത്തം സഹതാപം ഉളവാക്കുന്നു. സര്‍ക്കാറിന്‍െറ ഈ നിലപാട് തള്ളിക്കളയാന്‍ രണ്ട് വാദമുഖങ്ങള്‍ മുന്നോട്ടുവെക്കാവുന്നതാണ്. ഒന്ന്, ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍െറ ഭരണഘടനാപരമായ ചുമതലകളിലൊന്ന് പൊതുജന താല്‍പര്യം ഉളവാക്കുന്ന ദേശീയ അന്തര്‍ദേശീയ വിഷയങ്ങള്‍ ചര്‍ച്ചക്കെടുത്ത് പോതുജനാഭിപ്രായത്തിന്‍െറ വിവിധ മുഖങ്ങളെയും തലങ്ങളെയും പ്രതിനിധാനംചെയ്ത് രേഖപ്പെടുത്തുക എന്നതാണ്. സുഹൃദ്രാജ്യങ്ങള്‍ക്കെതിരെ അപ്രിയമായ അഭിപ്രായപ്രകടനം നടത്തരുതെന്ന് സഭാ ചട്ടങ്ങളില്‍ എഴുതിച്ചേര്‍ത്തത് സഭയുടെ സഭ്യതയും ഇന്ത്യയുടെ നയതന്ത്ര വിശ്വസ്തതയും നിലനിര്‍ത്താനുള്ള ആത്മനിയന്ത്രണ രൂപേണ മാത്രമാണ്. ഇന്ത്യയില്‍ ചാനലുകള്‍ മുതല്‍ ചായക്കടകള്‍ വരെ തീക്ഷ്ണമായ പ്രതികരണങ്ങള്‍ ഉളവാക്കുന്ന ഗസ്സ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍നിന്ന് ഈ ചട്ടം സര്‍ക്കാറിനെയോ പാര്‍ലമെന്‍റിനെയോ തടയുന്നില്ല. രണ്ട്, തങ്ങള്‍ ഗസ്സയില്‍ എടുത്ത നടപടിക്രമങ്ങള്‍ ഇന്ത്യന്‍ ജനതക്കെന്നല്ല ലോകത്താകമാനം ഉള്ള ജനസാമാന്യത്തിന് രോഷമുണ്ടെന്നു മറ്റാരെക്കാളും നന്നായി ഇസ്രായേലികള്‍ക്കറിയാം. ഈ ആഗോളരോഷം ഇസ്രായേലികള്‍ക്ക്് പ്രശ്നമല്ളെന്നിരിക്കെ ഇന്ത്യന്‍ പാര്‍ലമെന്‍റ് ഇസ്രായേലിനെതിരെ പ്രമേയം പാസാക്കിയാല്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനുമാല്ലാതെ ആര്‍ക്ക് എന്ത് തകരാന്‍...!

ഇന്ത്യ യു.എസ്.എസ്.ആറിനെ എല്ലാ അര്‍ഥത്തിലും ആശ്രയിച്ച് കഴിഞ്ഞിരുന്ന 1980ല്‍ അവരുടെ അഫ്ഗാന്‍ ആക്രമണത്തെക്കുറിച്ച് അന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി പി.വി. നരസിംഹറാവു രേഖപ്പെടുത്തപ്പെട്ട ഒരു ഒൗദ്യോഗിക ചര്‍ച്ചയില്‍ റഷ്യന്‍ വിദേശമന്ത്രി ആന്ദ്രേ ഗുമിക്കോവിനെ നിശിതമായി വിമര്‍ശിച്ചത് വിദേശകാര്യ വിദഗ്ധന്‍ ജെ.എന്‍. ദീക്ഷിതിന്‍െറ ഒരു പുസ്തകത്തില്‍ വായിച്ചത് സാന്ദര്‍ഭികമായി ഓര്‍ക്കുകയാണ്. അന്നത്തെ സോവിയറ്റ് യൂനിയന്‍െറ അഫ്ഗാന്‍ അധിനിവേശം ഇന്ത്യ പരസ്യമായി എതിര്‍ത്തിരുന്നില്ല എന്നും ഓര്‍ക്കേണ്ടതുണ്ട്. വിലകുറഞ്ഞ രാഷ്ട്രീയതാല്‍പര്യത്തിന് മോദി സര്‍ക്കാര്‍ സുഹൃദ്ബന്ധവും നയതന്ത്രബന്ധവും തമ്മില്‍ കൂട്ടിക്കുഴക്കുകയാണ്. ഇസ്രായേലിന്‍െറ ചെയ്തികളെ പിന്തുണക്കുന്ന ഇന്ത്യക്കാര്‍ ഒരുപക്ഷേ നാഗ്പൂരിലെ ഝണ്ടേവാലനിലും ന്യൂഡല്‍ഹി 24അക്ബര്‍ റോഡിലെ ബി.ജെ.പി ഓഫിസിലും മാത്രമേ കാണൂ. പിന്നെ ജെ.എന്‍.യുവിലെ പി.ആര്‍. കുമാരസ്വാമി, പയനിയര്‍ പത്രത്തിലെ കാഞ്ചന്‍ ഗുപ്ത തുടങ്ങി അങ്ങിങ്ങ് ചില വിദഗ്ധന്മാരും. അങ്ങനെയിരിക്കെ വെങ്കയ്യനായിഡു ലോക്സഭയിലും സുഷമ സ്വരാജ് രാജ്യസഭയിലും നടത്തിയത് അംഗങ്ങളുടെ അവകാശലംഘനത്തിനപ്പുറം വിലകുറഞ്ഞ ഒരു രാഷ്ട്രീയ പ്രതിനിധാനമാണ്. ഒരേസമയം, ഇന്ത്യന്‍ പാര്‍ലമെന്‍ററി പാരമ്പര്യത്തെയും നയതന്ത്രക്ഷമതയെയും അവഹേളിക്കാന്‍ സര്‍ക്കാറിന്‍െറ നടപടി കാരണമായി.അഭിപ്രായവ്യത്യാസങ്ങളും വേണ്ടിവന്നാല്‍ തുറന്ന വിയോജിപ്പുകളും പങ്കുവെച്ച് മുന്നോട്ടുപോകുന്ന നയതന്ത്ര ബന്ധങ്ങളാണ് ഇന്ത്യപോലൊരു ജനാധിപത്യരാജ്യത്തിന് ഭൂഷണം. ബി.ജെ.പിയുടെ സ്വാഭാവികമായ ഇസ്രായേല്‍ ഭക്തിയും മുസ്ലിം വിരോധവും മാത്രമാണ് ഗസ്സ പ്രതിസന്ധിപോലെ മാനവിക മുഖമുള്ള ഒരു വിഷയത്തില്‍നിന്നും അവരെ ഒളിച്ചോടാന്‍ പ്രേരിപ്പിക്കുന്നത്. ഭാവിയില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് ചരിത്രം പഠിക്കുന്ന വിദ്യാര്‍ഥികള്‍ പി.എം. സഈദിനെയും ഡോ. മുഹമ്മദ് ഹാമിദ് അന്‍സാരിയെയും അഭിവാദ്യം ചെയ്യാതിരിക്കില്ല. കാരണം, രണ്ട് സഭാധ്യക്ഷന്മാരും തങ്ങള്‍ക്ക് മുന്നില്‍ വന്ന രണ്ട് വിഷയങ്ങളില്‍ ഭരണകൂടത്തിന്‍െറ രാഷ്ട്രീയ താല്‍പര്യങ്ങളും ഉപജാപങ്ങളും മറികടന്ന് അതത് സഭകളുടെ പദവിക്കനുസരിച്ച് ഉയരാന്‍ തയാറായി.

(ഡല്‍ഹി യൂനിവേഴ്സിറ്റി രാഷ്ട്രമീമാംസ വകുപ്പ് അസി. പ്രഫസറാണ് ലേഖകന്‍)


കടപ്പാട്: മാധ്യമം ദിനപത്രം (കേരളം)

SHARE YOUR FEEDBACK

RECENT IN THIS CATEGORY