DweepDiary.com | ABOUT US | Thursday, 30 November 2023

വധശ്രമക്കേസ്: ഹൈക്കോടതി വിധി ഒക്ടോബർ 3ന്

In main news BY P Faseena On 30 September 2023
കൊച്ചി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ഉൾപ്പെട്ട വധശ്രമക്കേസിലെ ഹൈക്കോടതി വിധി ഒക്ടോബർ 3ന്. ജസ്റ്റിസ് നാഗരേഷ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിധി പറയുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2009ൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി എം സയീദിന്റെ മരുമകൻ പടന്നയിൽ മുഹമ്മദ് സാലിഹിനെ എം പി മുഹമ്മദ് ഫൈസലും കൂട്ടരും ചേർന്ന് ആക്രമിച്ച കേസിൽ കവരത്തി ജില്ലാ സെഷൻസ് കോടതി ജനുവരി 11ന് എം പിക്ക് 10 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ജനുവരി 25ന് ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. ഫൈസലിന്റെ കേസ് അപൂർവവും അസാധാരണവുമായ സാഹചര്യത്തിലുള്ളതാണെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പു നടത്തുന്നതു ഭീമമായ ചെലവിനു വഴിയൊരുക്കുമെന്നും ജയിക്കുന്നയാൾക്ക് ഒന്നര വർഷത്തിൽ താഴെ മാത്രമേ കാലയളവുണ്ടാകൂ എന്നും വിലയിരുത്തി. ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് എം പി കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഫൈസലിനെതിരായ കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദേശം നൽകി. ശിക്ഷാവിധി സ്റ്റേ ചെയ്തതിന്റെ കാരണം ശരിയായില്ലെന്ന് കോടതി നിരീക്ഷിച്ചു. ആറാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഹൈക്കോടതി തീരുമാനം വരുന്നതു വരെ ഫൈസൽ എം പി സ്ഥാനത്തു തുടരുമെന്ന് ഹൈക്കോടതി സ്റ്റേക്കെതിരെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഹരജി പരിഗണിക്കവെ സുപ്രീം കോടതി പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY