DweepDiary.com | ABOUT US | Thursday, 28 March 2024

ലക്ഷദ്വീപ് മുന്‍ എം.പി പി.പി മുഹമ്മദ്‌ ഫൈസലിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

In main news BY P Faseena On 27 March 2023
ന്യൂഡൽ​ഹി: എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കാത്തതിനെതിരെ ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ലോക്സഭാ സെക്രട്ടറി ജനറലിനെതിരെയാണ് ഫൈസലിന്റെ ഹർജി. ലോക്സഭാ സെക്രട്ടറിയേറ്റ് നിയമ വിരുദ്ധമായ നിഷ്ക്രിയ സമീപനം സ്വീകരിക്കുന്നുവെന്ന് ഹർജിയിൽ ആരോപിക്കുന്നു.
വധശ്രമക്കേസിൽ ഫൈസൽ കുറ്റക്കാരനാണെന്ന വിധിയും ശിക്ഷയും കേരള ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി നാളെ ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതോടൊപ്പം അംഗ്വതം അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കാത്തതിനെതിരെ മുഹമ്മദ് ഫൈസൽ നൽകിയ ഹർജിയും പരിഗണിക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
അയോഗ്യത പിൻവലിക്കാനുള്ള ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ഫൈസലിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. തുടർന്നാണ് ഹർജി ചൊവ്വാഴ്ച കേൾക്കാൻ തീരുമാനിച്ചത്. സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിങ്വി, അഭിഭാഷകൻ കെ.ആർ ശശിപ്രഭു എന്നിവരാണ് മുഹമ്മദ് ഫൈസലിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.
വധശ്രമക്കേസിൽ പത്ത് വർഷം ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ലക്ഷദ്വീപ് എം.പി ആയിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. ജനുവരി 13-നായിരുന്നു ഇതുസംബന്ധിച്ച ഉത്തരവ് ലോക്സഭാ സെക്രറിയേറ്റ് പുറത്തിറക്കിയത്.
ഫൈസൽ കുറ്റക്കാരനാണെന്ന വിധി ജനുവരി 25-ന് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫൈസൽ ലോക്സഭാ സെകട്ടറിയേറ്റിന് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെയും അയോഗ്യത പിൻവലിച്ചുകൊണ്ട് ലോക്സഭാ സെകട്ടറിയേറ്റ് ഉത്തരവ് ഇറക്കിയിട്ടില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY