DweepDiary.com | ABOUT US | Friday, 26 April 2024

ലക്ഷദ്വീപിന് സ്വയംഭരണം വേണം : ഡോ. മുഹമ്മദ് സാദിഖ്

In main news BY P Faseena On 03 December 2022
കവരത്തി: ലക്ഷദ്വീപിന് സ്വയംഭരണം വേണമെന്ന ആവശ്യത്തെ പിന്തുണച്ച് ലക്ഷദ്വീപ് ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് സാദിഖ്. ദ്വീപുജനതയും ഇന്ത്യക്കാരാണ് സ്വതന്ത്രരാണ് എന്നാല്‍ ലക്ഷദ്വീപില്‍ സ്വയംഭരണത്തിനുള്ള സ്വാതന്ത്ര്യം ലഭിക്കുമോ എന്നാണ് ഡോ. സാദിഖ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥ മേധാവിത്വമാണ് ലക്ഷദ്വീപിലുള്ളത്. ഭരണാധികാരികള്‍ക്ക് ഭരണം നടത്താന്‍ ഉദ്യോഗസ്ഥന്‍മാരെ ആശ്രയിക്കേണ്ട അവസ്ഥ നിലനില്‍ക്കുന്നിടത്തോളം ജനാധിപത്യത്തിന് ലക്ഷദ്വീപില്‍ പ്രസക്തി ഉണ്ടാവില്ല. ഉദ്യോഗസ്ഥര്‍ പറയുന്നതെല്ലാം അതേപടി വിഴുങ്ങാത്ത സ്വന്തമായ പദ്ധതികള്‍ ഉണ്ടാക്കാനും നടപ്പിലാക്കാനും ആവശ്യങ്ങള്‍ ഉന്നത തലത്തില്‍ നിന്നും വാങ്ങിച്ചെടുക്കാനും കഴിവുള്ള ജനപ്രധിനിധികള്‍ ലക്ഷദ്വീപില്‍ വരണമെന്നും ഡോ.സാദിഖ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഡോ.സാദിഖിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം.
നമ്മള്‍ ഇന്ത്യക്കാരും സ്വതന്ത്രരുമാണ് എന്നാല്‍ ലക്ഷദ്വീപില്‍ നമുക്ക് സ്വയം ഭരണത്തിനുള്ള സ്വാതന്ത്രം ലഭിക്കുമോ?. കാരണം ലക്ഷദ്വീപില്‍ നമുക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഇല്ല എന്നതു തന്നെ. രാഷ്ട്രീയക്കാരെക്കാളും ഉദ്യോഗസ്ഥ മേധാവിത്വമാണ് ലക്ഷദ്വീപിലുള്ളത്. അവര്‍ രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്ന അവസ്ഥ മാറിയാല്‍ മാത്രമെ ജനാധിപത്യത്തിന് ദ്വീപില്‍ രക്ഷ കിട്ടുകയുള്ളു. പരിമിത അധികാരമുള്ള പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികള്‍ക്ക് ഭരണം നടത്താന്‍ ഉദ്യോഗസ്ഥന്‍മാരെ ആശ്രയിക്കേണ്ട അവസ്ഥ നിലനില്‍ക്കുന്നിടത്തോളം ജനാധിപത്യത്തിന് ലക്ഷദ്വീപില്‍ പ്രസക്തി ഉണ്ടാവില്ല. അതിന് അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കള്‍ രാഷ്ട്രീയ സ്ഥാനങ്ങള്‍ വഹിക്കണം. ഉദ്യോഗസ്ഥര്‍ പറയുന്നത് മുഴുവന്‍ വിഴുങ്ങി ഛര്‍ദ്ദിക്കാതെ സ്വന്തമായ പദ്ധതികള്‍ ഉണ്ടാക്കാനും നടപ്പിലാക്കാനും ആവശ്യങ്ങള്‍ ഉന്നത തലത്തില്‍ നിന്നും വാങ്ങിച്ചെടുക്കാനും പറ്റുന്ന ജനപ്രതിനിധികള്‍ വരണം.
വിവിധ കേന്ദ്ര ഗവണ്‍മെന്റുകള്‍ നിയമിച്ച വ്യത്യസ്ഥ ഭരണാധികാരികള്‍ ചുരുങ്ങിയ കാലത്തേക്ക് വന്ന് ലക്ഷദ്വീപുകാരുടെ വിധി തീരുമാനിക്കുന്നു. അടിസ്ഥാന യാഥാര്‍ത്ഥ്യത്തെ പരിഗണിക്കാതെ, ജനങ്ങളുടെ ആവശ്യങ്ങളോ അവകാശങ്ങളോ ഇവര്‍ പലപ്പോഴും പരിഗണിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതെ, മറ്റ് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിലൂടെ സര്‍ക്കാര്‍ രൂപീകരിച്ചാല്‍, (കേരളം ഉള്‍പ്പെടെയുള്ള ) കോര്‍പ്പറേറ്റുകളുടെ ആഗ്രഹപ്രകാരമാണ് പല തിരഞ്ഞെടുക്കപ്പെട്ട ആളുകളും സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്, പക്ഷേ ഒരു പരിധിവരെ അവര്‍ ജനങ്ങളുടെ അഭിപ്രായം പരിഗണിക്കുന്നു.
ലക്ഷദ്വീപിലെ സ്വയംഭരണത്തെ കുറിച്ചാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ച.
എന്റെ അഭിപ്രായത്തില്‍ ലക്ഷദ്വീപില്‍ നമുക്ക് ഒരു സ്വയം ഭരണ സംവിധാനം വേണം.
ആളുകള്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദിക്കുന്നുണ്ടെങ്കിലും അതേക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തണം.
എന്താണ് സ്വയം ഭരണം?. എന്തൊക്കെയാണ് ഗുണങ്ങളും ദോഷങ്ങളും?. പോരായ്മകളെ നമുക്ക് എങ്ങനെ മറികടക്കാം?. സ്വയം ഭരണം കൊണ്ട് നമ്മുടെ ഇപ്പോഴത്തെ സംവിധാനം മെച്ചപ്പെടുമോ?. സ്വയം ഭരണ സംവിധാനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പങ്ക് എന്തായിരിക്കും?. എന്ത് തരത്തിലുള്ള സ്വയം ഭരണമാണ് നമുക്ക് വേണ്ടത്?. ലക്ഷദ്വീപിന്റെ വരുമാന സ്രോതസ്സുകള്‍ എന്തൊക്കെയാണ്?. അവരുടെ അധികാരം കൈകാര്യം ചെയ്യാന്‍ നമ്മുടെ ഇപ്പോഴത്തെ പഞ്ചായത്ത് മതിയോ?. അഡ്മിനിസ്ട്രേറ്റര്‍/ലെഫ്റ്റനന്റ് ഗവര്‍ണറുടെ റോള്‍ എന്തായിരിക്കണം?.
പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ചില കാര്യങ്ങളാണിവ.
നേരത്തെ ലക്ഷദ്വീപില്‍ പ്രദേശ് കൗണ്‍സിലിന് ധാരാളം അധികാരമുണ്ടായിരുന്നു. പ്രദേശ് കൗണ്‍സില്‍ മീറ്റിംഗില്‍ അഡ്മിനിസ്ട്രേറ്റര്‍ അടക്കം എല്ലാ എച്ച്.ഒ.ഡി മാരും പങ്കെടുത്തിരുന്നു. കൂടാതെ പ്രദേശ് കൗണ്‍സിലി ന് ഉത്തരം നല്‍കാന്‍ ഇവര്‍ ബാധ്യസ്ഥരുമായിരുന്നു. എന്നാല്‍ പിന്നീട് കുറച്ച് ലക്ഷദ്വീപ് ഉദ്യോഗസ്ഥര്‍ ഇത് തങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കുമെന്ന് കണ്ടെത്തി അതിന്റെ അധികാരം കുറയ്ക്കാന്‍ ശ്രമിച്ചു. ലക്ഷദ്വീപില്‍ പഞ്ചായത്ത് സംവിധാനം കൊണ്ടുവരാന്‍ അത് കാരണമായി. എന്നാല്‍ ലക്ഷദ്വീപില്‍ അവതരിപ്പിച്ച പഞ്ചായത്ത്രാജ് സംവിധാനം ദുര്‍ബലവും ശക്തമായ പ്രദേശ് കൗണ്‍സിലിന്റെ നഷ്ടത്തിലും ആയിരുന്നു. ആദ്യം മുഴുവന്‍ അധികാരവും പഞ്ചായത്തിന് കൈമാറാന്‍ ഭരണാധികാരിയും ഭരണസമിതിയും തയ്യാറായില്ല. ഇപ്പോള്‍ പരിഷ്‌കരിച്ച പഞ്ചായത്ത് വീണ്ടും ഒന്നാം പഞ്ചായത്തിന്റെ അധികാരവും കുറച്ചു.
ജനസംഖ്യ, ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടല്‍, സ്വയം ഭരണത്തെക്കുറിച്ചുള്ള അറിവില്ലായ്മ, ലക്ഷദ്വീപ് രാഷ്ട്രീയത്തില്‍ ജീവനക്കാരുടെ പങ്കാളിത്തം എന്നിവ കണക്കിലെടുക്കുമ്പോള്‍, സ്വയം ഭരണത്തിനായി മൂന്ന് ഘട്ട പദ്ധതിയിലേക്ക് പോകണമെന്നാണ് എന്റെ അഭിപ്രായം. 1.ഇപ്പോഴത്തെ പഞ്ചായത്തിനെ ശക്തിപ്പെടുത്തുക.
2.അഡ്മിനിസ്ട്രേറ്റര്‍ക്കോ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കോ പരിമിതമായ അധികാരത്തോടെ നമ്മുടെ ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട്, സ്വയം ഭരണത്തിനുള്ള നിയമങ്ങളും നിയന്ത്രണങ്ങളും തീരുമാനിക്കാന്‍ അധികാരമുള്ള പ്രദേശ് കൗണ്‍സിലോ പ്രദേശിക സ്വയംഭരണ കൗണ്‍സിലോ അവതരിപ്പിക്കുക.
3. പ്രദേശ് കൗണ്‍സില്‍ വഴി ശരിയായ സംവിധാനം സ്ഥാപിച്ച ശേഷം മിനി അസംബ്ലി എന്നതിലേക്ക് പോകുക, പോണ്ടിച്ചേരി ( പുതുശ്ശേരി) മാതൃകയില്‍ ഒരു ചെറിയ സംവിധാനം. ലക്ഷദ്വീപില്‍ നിയമസംഹിത ശരിയായ രീതിയില്‍ അല്ല നടക്കുന്നത്. മറ്റു പ്രദേശങ്ങളില്‍ ഒരു കച്ചവടം ചെയ്യാനോ, വീടെടുക്കാനോ, സ്വയം തൊഴിലെടുക്കാനോ, യാത്ര ചെയ്യാനോ, തൊഴില്‍ നിയമന അതോറിറ്റികള്‍, etc എല്ലാറ്റിനും നിയമവും സംവിധാനങ്ങളുമുണ്ട്. പക്ഷെ ലക്ഷദ്വീപില്‍ പല നിയമങ്ങളുമുണ്ടങ്കിലും അത് നടപ്പിലാക്കാനുള്ള സംവിധാനങ്ങളോ, അത് ഉദ്യോഗസ്ഥരെക്കൊണ്ട് നടപ്പില്‍ വരുത്തിക്കാന്‍ ഇച്ചാശക്തിയുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോ ഇല്ല. കാരണം രാഷ്ട്രീയക്കാരെ ദ്വീപില്‍ നിയന്ത്രിക്കുന്നത് ഉദ്യോഗസ്ഥന്‍ മാരാണ്. അതിന് നിയമങ്ങളും സംവിധാനങ്ങളുമറിക്കുന്ന അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ രാഷ്ട്രീയത്തില്‍ വളരണം. പൊതുസമൂഹവും നമ്മുടെ നിയമ വ്യവസ്ഥിതികള്‍ മനസ്സിലാക്കണം, അതിന്റെ ചട്ടക്കൂടുകള്‍ അറിയണം, രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പൊള്ളയായ വാഗ്ദാനങ്ങളും, നിയമ സംവിധാനങ്ങള്‍ക്കധീനമായ പ്രലോഭനങ്ങളും നടത്തുമ്പോള്‍, എന്താണ് അതിന്റെ യഥാര്‍ത്ത നിയമം എന്ന് പൊതുജനങ്ങളെ മനസ്സിലാക്കിക്കൊടുക്കാനുള്ള എന്‍.ജി.ഒ കള്‍ ഉടലെടുക്കണം. എല്ലാവരും എല്ലാ മേഘലകളും കൈകാര്യം ചെയ്യുന്നതിന് പകരം, വ്യത്യസ്ഥ മേഘലകളില്‍ പ്രാവീണ്യമുള്ളവര്‍ അതാത് മേഘലകള്‍ കൈകാര്യം ചെയ്യണം. നമുക്ക് അതിനും കൂടിയാവട്ടെ സമരങ്ങളും സംവാദങ്ങളും.
ചര്‍ച്ചകളും സെമിനാറുകളും നടക്കട്ടെ. ജനങ്ങള്‍ അന്തരാഷ്ട്രീയ ഭക്തത മറന്ന് നാടിന് വേണ്ടിയുള്ള രാഷ്ട്രമാംസ പഠിക്കട്ടെ. പാര്‍ട്ടി രഷ്ട്രീയത്തിനപ്പുറം ഭരണതന്ത്ര സംവിധാനം മനസ്സിലാക്കി, അവകാശങ്ങള്‍ക്കൊപ്പം ഉത്തരവാദിത്വങ്ങളെപ്പറ്റിയും പ്രബുദ്ധരാവട്ടെ ജനങ്ങള്‍. വിവിധ ജനപ്രതിനിധി സഭകളുടെ വ്യത്യാസവും അധികാര പരിധിയും ജനങ്ങളും നേതാക്കളും മനസ്സിലാക്കട്ടെ.
ഇതെല്ലാം നോക്കാതെ സ്വയം ഭരണം എന്ന അജണ്ട മാത്രം മുന്നോട്ട് വെച്ച് നീങ്ങിയാല്‍ ഒരു പക്ഷെ ജനസംഖ്യ പ്രശ്നം പറഞ്ഞ് ലക്ഷദ്വീപ്, ദാമന്‍ & ദിയു, ദാദ്ര നഗര്‍ഹവേലി, സില്‍വാസ എന്നിവ ഒന്നിച്ച് ചേര്‍ത്ത് ഒരു അസംബ്ലി വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. Dr Mohammed sadique

SHARE YOUR FEEDBACK

RECENT IN THIS CATEGORY