DweepDiary.com | ABOUT US | Friday, 19 April 2024

അഴീക്കല്‍ -ലക്ഷദ്വീപ് ഉരു സര്‍വീസ് പുനരാരംഭിക്കുന്നു

In main news BY P Faseena On 27 November 2022
കവരത്തി: അഴീക്കല്‍ തുറമുഖത്തു നിന്ന് ലക്ഷദ്വീപിലേക്ക് ഉരുവഴിയുള്ള ചരക്കുനീക്കം പുനരാരംഭിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൈം മെറിഡിയന്‍ ഷിപ്പിങ് കമ്പനിയാണ് സര്‍വീസ് നടത്തുന്ന്. ഇതിനായി എ.എസ്.വി ജല്‍ജ്യോതി എന്ന ഉരു അഴീക്കല്‍ തുറമുഖത്ത് നങ്കൂരമിട്ടു. ചരക്ക് ലഭിക്കുന്നതനുസരിച്ച് ഉരുവിന്റെ സര്‍വീസ് ആരംഭിക്കുമെന്ന് പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രതീഷ് അറിയിച്ചു. നിര്‍മാണ സാമഗ്രികളായ കല്ല്, ജില്ലി, കമ്പി, സിമന്റ് തുടങ്ങിയവയായിരിക്കും പ്രധാനമായും കൊണ്ടുപോകുക. വളര്‍ത്തുമൃഗങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവ ലക്ഷദ്വീപിലേക്ക് കൊണ്ടുപോകും, തേങ്ങ, കൊപ്ര, ഉണക്കമീന്‍, എന്നിവ ദ്വീപില്‍ നിന്ന് തിരിച്ച് കൊണ്ടുവരും. ചരക്ക് ലഭിക്കാന്‍ അഴീക്കല്‍ തുറമുഖ ഉദ്യോഗസ്ഥര്‍,കമ്പനി ഡയറക്ടര്‍ എന്നിവര്‍ ജില്ലയിലെ കച്ചവടക്കാരുമായി ചര്‍ച്ചനടത്തി.
282 ടണ്‍ ശേഷിയുള്ള ഉരു 24 മണിക്കൂര്‍കൊണ്ട് ലക്ഷദ്വീപില്‍ എത്തും. ക്യപ്റ്റന്‍ ഹാറൂണ്‍ ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ആറ് ജീവനക്കാരാണ് ഉരുവില്‍ ഉണ്ടാവുക. അഴീക്കലില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള ദൂരം മംഗുളൂരുവില്‍ നിന്നുള്ളതിനേക്കാള്‍ കുറവാണ്. അത്‌കൊണ്ട് തന്നെ അഴീക്കലില്‍ നിന്നുള്ള ചരക്ക് നീക്കത്തിന് ചെലവ് കുറയും എന്നാണ് പ്രതീക്ഷ. ഉരു സര്‍വീസ് ആരംഭിച്ചാല്‍ അഴീക്കല്‍ തുറമുഖ വികസനത്തിന് കുതിപ്പേകുമെന്നും ചരക്ക് കയറ്റി അയക്കാനുള്ള കച്ചവടക്കാര്‍ തുറമുഖ ഓഫീസുമായി ബന്ധപ്പെടണമെന്നും കെ.വി സുമേഷ് എം.എല്‍.എ പറഞ്ഞു.
2008 വരെ അഴീക്കലില്‍ നിന്ന് ലക്ഷദ്വീപിലേക്ക് തുടര്‍ച്ചയായി ഉരു സര്‍വീസുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായിരുന്നു ഭക്ഷ്യസാധനങ്ങളും, നിര്‍മാണ സാമഗ്രികളും ലക്ഷദ്വീപിലേക്ക് കൊണ്ടുപോയിരുന്നത്. രാമചന്ദ്രന്‍ കടന്നപ്പള്ളി തുറമുഖ മന്ത്രിയായിരിക്കെ 2020ല്‍ ലക്ഷദ്വീപിലേക്ക് ഉരു സര്‍വീസ് ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും ഒരു സര്‍വീസ് മാത്രമേ നടന്നുള്ളൂ. കെട്ടിട നിര്‍മാണ സാമഗ്രികളുമായി എം.എസ്.വി കൈരളി എന്ന ഉരുവാണ് അന്ന് കല്‍പേനി ദ്വീപിലേക്ക് സര്‍വീസ് നടത്തിയത്. നിലവില്‍ ബേപ്പൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ് ദ്വീപിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY