DweepDiary.com | ABOUT US | Friday, 29 March 2024

ഗുണനിലവാരമില്ല: ലക്ഷദ്വീപിൽ എത്തിച്ച യൂണിഫോം തിരികെ കയറ്റി അയക്കുന്നു

In main news BY P Faseena On 29 September 2022
കവരത്തി: ലക്ഷദ്വീപിൽ വിദ്യാർഥികൾക്കായി കൊണ്ടുവന്ന സ്കൂൾ യൂണിഫോമുകൾ ഗുണനിലവാരം ഇല്ലാത്തതിന്റെ പേരിൽ തിരികെ കയറ്റി അയക്കുന്നു. കേന്ദ്ര ഗവണ്മെന്റ് അംഗീകരമുള്ള കൊയമ്പത്തൂരിലെ എൻ.എ.ബി.എൽ (National accreditation board for testing and calibration laboratories) ലാബിൽ നടന്ന ഗുണനിലവാര പരിശോധനയുടെ അടിസ്ഥാനത്തിൽ ആണ് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിദ്യാർഥികൾക്ക് ധരിക്കാൻ കഴിയാത്ത തുണിത്തരം ആയത് കൊണ്ടാണ് യൂണിഫോമുകൾ മടക്കി അയക്കുന്നത്. മുംബൈ കമ്പനിയായ അമർദ്വീപ് ഉദ്യോഗ് ലിമിറ്റഡിനാണ് യൂണിഫോമിനുള്ള ടെൻഡർ നൽകിയിരിക്കുന്നത്. പ്രീ സ്കൂൾ മുതൽ ആറാംക്ലാസ് വരെയുള്ള വിദ്യാർഥികളുടെ യൂണിഫോം ആണ് തിരികെ കയറ്റി അയക്കുന്നത്. 65% പോളിസ്റ്ററും 35%വിസ്കോസും അടങ്ങിയ തുണികളാണ് വിദ്യാർഥികളുടെ യൂണിഫോമിന് വേണ്ടത്. എന്നാൽ ലാബിലെ ടെസ്റ്റിൽ ആൺകുട്ടികളുടെ യൂണിഫോമിൽ 84% പോളിസ്റ്ററും 15% വിസ്കോസുമാണ് അടങ്ങിയിരിക്കുന്നത്.പെൺകുട്ടികളുടെ യൂണിഫോമിൽ 100% പോളിസ്റ്റർ ആണ് അടങ്ങിയിരിക്കുന്നത്. തുണിയിൽ പോളിസ്റ്ററിന്റെ അളവ് കൂടിയത്കൊണ്ട് വിദ്യാർഥികൾക്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ടാകും എന്ന കണ്ടത്തലിലാണ് ദ്വീപിൽ എത്തിയ യൂണിഫോമുകൾ കയറ്റി അയക്കാൻ തീരുമാനമായത്.
നിലവിൽ കവരത്തി, അഗത്തി, ചെത്ത്ലത് എന്നീ ദ്വീപുകളിലായി 51ബണ്ടിൽ യൂണിഫോമിനുള്ള തുണി കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിൽ എത്തിയിട്ടുണ്ട്. കവരത്തിയിൽ 11, അഗത്തി 16, ചെത്ത്ലത് 24 എന്നിങ്ങനെ 51 ബണ്ടിൽ തുണികൾ എം.വി ലഗൂൺ കപ്പൽ വഴിയാണ് എത്തിച്ചത്. യൂണിഫോം ഉപയോഗിക്കാൻ കഴിയില്ല എന്ന ലാബ് റിസൾട്ടിനെ തുടർന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ രാകേഷ് ദഹിയ ഡാനിക്സ് തിരികെ കൊണ്ട് പോകാൻ ഉത്തരവിട്ടു.
അതേസമയം ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികളുടെ യൂണിഫോം സാമ്പിളുകൾ ശേഖരിച്ച് ടെസ്റ്റിനയക്കാൻ കൊച്ചിയിലുള്ള എസ്. എം. എസ്.എ പ്രൊജക്റ്റ്‌ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് ടെൻഡറുകളും അമർദ്വീപ് ഉദ്യോഗ് ലിമിറ്ഡാണ് ഏറ്റെടുത്തിട്ടുള്ളത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY