DweepDiary.com | ABOUT US | Friday, 29 March 2024

അബ്ദുൽ റസാഖ്: ലക്ഷദ്വീപിൽ നിന്ന് വീണ്ടും ഒരു ഗവേഷണ മാർഗദർശി

In main news BY P Faseena On 26 September 2022
അഗത്തി: ലക്ഷദ്വീപിൽ നിന്ന് വീണ്ടും ഒരു ഗവേഷണ മാർഗദർശി. അഗത്തി സ്വദേശിയായ അബ്ദുൽ റസാഖാണ് ഈ പട്ടികയിൽ ഇടംനേടുന്ന മൂന്നാമത്തെ ലക്ഷദ്വീപുകാരൻ. ഭാരതിയാർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കൊമേഴ്‌സിൽ പി.എച്ച്‌.ഡി ഗൈഡ്ഷിപ്പ് കരസ്ഥമാക്കി ലക്ഷദ്വീപിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ഡോ. പി.പി അബ്ദുൾ റസാഖ്. കോയമ്പത്തൂരിലെ സി.എം.എസ് കോളേജിൽ നിന്നാണ് റസാഖ് പി.എച്ച്.ഡി പൂർത്തിയാക്കിയത്. നിലവിൽ നീലഗിരി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബികോം സി.എ വിഭാഗം മേധാവിയായി ജോലി ചെയ്യുന്ന റസാഖ് വയനാട് ഡബ്ല്യു.എം.എ കോളേജിലെ കൊമേഴ്‌സ് വിഭാഗം മേധാവിയായിരുന്നു. കോയമ്പത്തൂരിലെ സി.എം.എസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കൂടിയായിരുന്ന റസാഖ് ഇപ്പോൾ നാഗ്പൂരിൽ എൻ.സി.സി ഓഫീസറായി പരിശീലനം പൂർത്തിയാക്കി വരികയാണ്.

ലക്ഷദ്വീപിൽ നിന്നുള്ള അസിസ്റ്റന്റ് പ്രൊഫസർ അബ്ദുൽ ഗഫൂറാണ് ഈ നേട്ടം കൈവരിച്ച ആദ്യത്തെ ലക്ഷദ്വീപുകാരൻ. കേന്ദ്ര സർവ്വകലാശാലയായ പൊണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ ബാങ്കിങ്ങ്, മാനേജ്മെന്റ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസറാണ് അദ്ദേഹം. അദ്ദേഹവും ലക്ഷദ്വീപിലെ അഗത്തി ദ്വീപ് സ്വദേശിയാണ്. രണ്ടാമത് ഈ സ്ഥാനത്തെത്തിയത് ലക്ഷദ്വീപിലെ അഗത്തി ദ്വീപിലെ തന്നെ എസ് അബ്ദുൽ ജബ്ബാറാണ്. കേന്ദ്ര സർവ്വകലാശാലയായ മൌലാനാ ആസാദ് ദേശീയ ഉർദു യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് അദ്ദേഹം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY