DweepDiary.com | ABOUT US | Friday, 29 March 2024

ദേശീയ പതാകയോട് അനാദരവ്; ബി.ജെ.പി ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.കെ മുഹമ്മദ് കാസിമിനെതിരെ കേസെടുത്തു

In main news BY P Faseena On 17 August 2022
കവരത്തി: ദേശീയ പതാക തലതിരിച്ചു പിടിച്ച് അപമാനിച്ച വിഷയത്തിൽ ബി.ജെ.പി ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.കെ മുഹമ്മദ് കാസിമിനെതിരെ കവരത്തി പോലീസ് കേസെടുത്തു.1971ലെ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നതിനെതിരായ നിയമത്തിലെ വകുപ്പ് 2 പ്രകാരമാണ് കാസിമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രൈം നമ്പർ 16/2022 ൽ എടുത്ത കേസിൽ ഈ മാസം 25 ന് രാവിലെ പത്തരയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനായ സർക്കിൾ ഇൻസ്പെക്ടർ ആർ.എം അലി അക്ബറിന് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കാസിമിന് നോട്ടീസയച്ചു. മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണ് കാസിമിനെതിരെ ചുമത്തിയിരിക്കുന്നത്. പോലീസിന് മുന്നിൽ ഹാജരാകാതിരിക്കുകയോ നോട്ടീസ് കൈപ്പറ്റുന്നതിന് വിസമ്മതിക്കുകയോ ചെയ്യുന്നത് ഐ.പി.സി 174 വകുപ്പ് പ്രകാരം ശിക്ഷാർഹമാണെന്നും സർക്കിൾ ഇൻസ്പെക്ടർ അലി അക്ബർ ഒഗസ്റ്റ് 16ന് നൽകിയ നോട്ടീസിൽ പറയുന്നു.
'ഹർ ഘർ തിരംഗ' യുടെ ഭാഗമായി കാസിം ദേശീയ പതാക ഉയർത്തിയത് തല തിരിച്ചു പിടിച്ചായിരുന്നു. ഈ ദൃശ്യങ്ങൾ കാസിം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. അതെസമയം ദേശീയ പതാകയെ തലകീഴായി പിടിച്ചു ഫോട്ടോ എടുത്തതിൽ കാസിം ഖേദം പ്രകടിപ്പിച്ചിരുന്നു. മനപ്പൂർവ്വം ദേശീയ പതാകയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ആരുടെയും വികാരങ്ങളെ വൃണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. തെറ്റുപറ്റിയതാണെന്ന് തുറന്നു സമ്മതിക്കുന്നു. എന്നെപ്പോലൊരു പൊതു പ്രവർത്തകനിൽ നിന്നും ഇത്തരം ഒരു വീഴ്ച സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. പറ്റിയ തെറ്റ് ഏറ്റുപറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് എച്ച്.കെ മുഹമ്മദ് കാസിം പ്രതികരിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY