DweepDiary.com | ABOUT US | Wednesday, 24 April 2024

ലക്ഷദ്വീപ് സ്‌കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്ട്രേറ്റര്‍

In main news BY P Faseena On 13 August 2022
ന്യൂഡൽഹി: ലക്ഷദ്വീപിലെ സ്കൂളുകളില്‍ മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ  ഖോഡ പട്ടേലിന്റെ സത്യവാങ്മൂലം. സുപ്രീം കോടതിയിൽ പ്രഫുൽ ഖോഡ പട്ടേലും, ലക്ഷദ്വീപ് ഭരണകൂടവും ഒറ്റ സത്യവാങ്മൂലമാണ് ഫയൽ ചെയ്തത്. വിദ്യാർഥികൾക്ക് പഴങ്ങളും, ഡ്രൈ ഫ്രൂട്ട്‌സും നൽകാനാണ് മാംസാഹാരം ഒഴിവാക്കിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. മാംസാഹാരം വൃത്തിയായി സൂക്ഷിക്കുന്നതിനും, മൺസൂൺ സമയത്ത്  മാംസാഹാരം കൊണ്ട് വരുന്നതിനും ബുദ്ധിമുട്ട് നേരിടുന്നു. ഡയറി ഫാം നഷ്ടത്തിൽ ആയതിനെ തുടർന്നാണ് അടച്ച് പൂട്ടിയത് എന്നും സത്യവാങ്മൂലത്തില്‍ ഭരണകൂടം പറയുന്നു.
ലക്ഷദ്വീപിലെ വിദ്യാലയങ്ങളില്‍ മുന്‍കാലങ്ങളിലേതുപോലെ മാംസം, മത്സ്യം, മുട്ട  എന്നിവ ഉപയോഗിക്കാമെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ രാകേശ് ദഹിയ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. 2022 മേയ് 2ലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായശേഷം നടത്തിയ ഭരണ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ദ്വീപിലെ  സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാംഹാരം ഒഴിവാക്കിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.  ദ്വീപിന്‍റെ കാലങ്ങളായുളള ഭക്ഷണ ശൈലിയിലേക്ക് ഭരണകൂടം കടന്നുകയറുകയാണെന്ന് വിമ‍ർശനമുയർന്നു. അഡ്മിനിട്രേറ്ററുടെ തീരുമാനത്തിനെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രവര്‍ത്തകനും കവരത്തി  സ്വദേശിയുമായ അഡ്വ. അജ്മല്‍ അഹമ്മദ് നേരത്തെ  ഹൈക്കോടതിയെ സമീപിച്ചിരുന്നു.  എന്നാൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് കിട്ടാതെ വന്നതോടെയാണ് സുപ്രീംകോടതിയിലെത്തിയത്. തുടർന്നാണ് സുപ്രീംകോടതി തൽസ്ഥിതി തുടരാനും അഡ്മിനിസ്ട്രേറ്റർക്കടക്കം നോട്ടീസയക്കാനും ഉത്തരവിട്ടത്.  സുപ്രീംകോടതിയുടെ ഇടക്കാല  ഉത്തരവ് പുറത്തുവന്ന് രണ്ട് മാസത്തിനുശേഷമാണ് ഭരണകൂടം ഉത്തരവ് നടപ്പാക്കുന്നത്. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. 

SHARE YOUR FEEDBACK

RECENT IN THIS CATEGORY