DweepDiary.com | ABOUT US | Wednesday, 17 April 2024

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് മൃഗസംരക്ഷണ ചുമതല ഏല്‍പിച്ച് ഭരണകൂടം

In main news BY P Faseena On 06 July 2022
കവരത്തി: ലക്ഷദ്വീപില്‍ വിവിധ വകുപ്പുകളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് മൃഗഡോക്ടര്‍മാരുടെ അധികചുമതല നല്‍കി വീണ്ടും ഭരണകൂടത്തിന്റെ ഉത്തരവ്. ഡോ. പി. കോയ ഉള്‍പ്പെടെ ആറ് ഡോക്ടര്‍മാര്‍ക്ക് 9ദ്വീപുകളിലേക്ക് ചുമതല നല്‍കി ജൂലൈ നാലിനാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ താല്‍കാലികവും ആധികചുമതലയും അടിസ്ഥാനമാക്കിയാണ് ഉദ്യോഗസ്ഥരുടെ വിന്യാസം എന്ന് ഉത്തരവില്‍ പറയുന്നു.
ലക്ഷദ്വീപില്‍ കരാര്‍അടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്ന എല്ലാ മൃഗഡോക്ടര്‍മാരെയും 2021സെപ്റ്റംബര്‍ 23ന് പിരിച്ചുവിട്ടിരുന്നു. എന്നാല്‍ 2022 ഏപ്രിലില്‍ എല്ലാ ദ്വീപുകളിലും മൃഗഡോക്ടര്‍മാരെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കല്‍പേനി സ്വദേശി ചെറിയപുറക്കാട്ട് അബ്ദുല്‍ കബീര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ദ്വീപുകളിലെ മൃഗഡോക്ടര്‍മാരെ പിരിച്ചുവിട്ടതിന് ശേഷം പക്ഷിമൃഗാദികള്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടെന്നും സാമ്പത്തിക സ്രോതസ്സുകള്‍ ഉണ്ടായിട്ടും ഡോക്ടര്‍മാരെ നിയമിക്കാതിരിക്കുകയാണെന്നുമുള്ള ഹര്‍ജിക്കാരന്റെ വാദം ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് 2022 മെയ് 10ന് നിലവിലുള്ള മൃഗഡോക്ടര്‍മാര്‍ക്ക് അധികചുമതല നല്‍കി ഹൈക്കോടതി വിധി അട്ടിമറിക്കാന്‍ ഭരണകൂടം ഉത്തരവിറക്കി. ഒമ്പത് ദ്വീപുകളിലേക്ക് രണ്ട് ഡോകടര്‍മാരെ നിയമിച്ചു കൊണ്ടാണ് അന്ന് ഉത്തരവിറക്കിയത്. മെയ് 10നിറക്കിയ ഉത്തരവിന്റെ മറ്റൊരു പകര്‍പ്പാണ് കഴിഞ്ഞ ദിവസം ഭരണകൂടം പുറത്തിറക്കിയിരിക്കുന്നത്.
ലക്ഷദ്വീപില്‍ ഒരു ദ്വീപില്‍ നിന്നും മറ്റൊരു ദ്വീപിലേക്കുള്ള യാത്ര സൗകര്യം വളരെ പരിമിതമാണ്. അതിനാല്‍തന്നെ ഈ പുതുക്കിയ ഉത്തരവ് ഒട്ടും പ്രായോഗികമല്ല എന്ന വിമര്‍ശനം ഉയരുന്നുണ്ട്. അതേസമയം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയത് ചികിത്സരീതികളെയും കാര്യമായി ബാധിക്കുമെന്നും ആശങ്കപ്പെടുന്നു. ഇരുപത് വർഷത്തോളമായി മൃഗഡോക്ടർമാരുടെ യാതൊരു സേവനവും ചെയ്യാത്തവരെയാണ് പുതിയ ഉത്തരവിൽ പുനർനിയമനം നൽകിയിട്ടുള്ളത്. കാലങ്ങളോളമായി പ്രസ്തുത വകുപ്പിൽ നിന്ന് മാറിനിൽക്കുന്ന ഈ ഉദ്യോഗസ്ഥർക്ക് ആധുനിക ചികിത്സരീതികളെ കുറിച്ചുള്ള അവബോധം കുറവായിരിക്കും. ഇത് ചികിത്സ രീതികൾ ഉൾപ്പെടെ നിരവധി സങ്കീർണ പ്രശനങ്ങൾക് കാരണമാകുമെന്ന് ചൂണ്ടികാട്ടുന്നു.പുതിയ ഉത്തരവിലൂടെ ഹൈക്കോടതി വിധിയെ മറികടക്കാനുള്ള ഭരണകൂടത്തിന്റെ തുറുപ്പുചീട്ടായി മാത്രമേ കണക്കാക്കാനാകൂ എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY