DweepDiary.com | ABOUT US | Friday, 29 March 2024

യാത്രാദുരിതം മനഃപൂർവമല്ലെന്ന് ഭരണകൂടം; അറ്റകുറ്റപണി ഉടൻ പൂർത്തിയാക്കണമെന്ന് ഹൈകോടതി

In main news BY P Faseena On 28 June 2022
കൊച്ചി: ലക്ഷദ്വീപിലെ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി സര്‍വീസ് പുനരാരംഭിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കപ്പല്‍സര്‍വീസ് വെട്ടിചുരുക്കിയതോടെ ദ്വീപുജനത നേരിടുന്ന യാത്രാദുരിതം ചൂണ്ടികാട്ടി ജെ.ഡി.യു ലക്ഷദ്വീപ് സംസ്ഥാന അധ്യക്ഷന്‍ ഡോ. കെ.പി മുഹമ്മദ് സാദിഖ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ദ്വീപിലേക്ക് മതിയായ കപ്പല്‍ സര്‍വീസില്ലെന്ന ഹര്‍ജിക്കാരന്റെ വാദം ലക്ഷദ്വീപ് ഭരണകൂടം ശരിവെക്കുന്നുണ്ടെങ്കിലും മനഃപൂർവം വീഴ്ച്ചവരുത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബഞ്ച് അഭിപ്രായപ്പെട്ടു.
ദ്വീപില്‍ സര്‍വീസ് നടത്തുന്ന രണ്ട് വലിയ കപ്പലുകള്‍ ഉള്‍പ്പെടെ മൂന്ന് കപ്പലുകളുടെ അറ്റകുറ്റപ്പണി ഉടന്‍പൂര്‍ത്തിയാക്കി സര്‍വീസ് യോഗ്യമാക്കാനും, ദ്വീപ് നിവാസികളുടെ യാത്രാദുരിതം പരിഹരിക്കാനും നടപടി വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അഞ്ച് കപ്പലുകളില്‍ രണ്ടെണ്ണം മാത്രമേ സർവീസ് നടത്തുന്നുള്ളു എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ദ്വീപിലെ ഏറ്റവും വലിയ കപ്പലായ എം.വി കവരത്തിയുടെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണെന്ന് ദ്വീപ് ഭരണകൂടം അറിയിച്ചു. മറ്റ് കപ്പലുകളുടെ തകരാറുകളും പരിഹരിച്ചുകൊണ്ടിരിക്കുന്നു. മോശം കാലാവസ്ഥ രണ്ട് കപ്പലുകളുടെ സര്‍വീസിനെ ബാധിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടത്തില്‍ രോഗികളെ കൊണ്ട് പോകാന്‍ മൂന്ന് ഹെലികോപ്റ്ററുണ്ട്. അറ്റകുറ്റപണികള്‍ തീര്‍ത്ത് എല്ലാ കപ്പലുകളും സര്‍വ്വീസ് പുനരാരംഭിക്കുന്നതോടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY