DweepDiary.com | ABOUT US | Thursday, 25 April 2024

ചെറിയപാണിയില്‍ കള്ളകടത്ത് നടത്തുകയായിരുന്ന ശ്രീലങ്കന്‍ ബോട്ട് പിടിയില്‍

In main news BY Admin On 25 April 2014
ചെത്ലാത്: ലക്ഷദ്വീപ് കടലില്‍ ഒരു അജ്ഞാത ബോട്ട് ചുറ്റിത്തിരിയുന്നതായുള്ള മീന്‍ പിടിത്തക്കാരുടെ അറിയിപ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ ഡോണിയര്‍ വിമാനം നിരീക്ഷണം നടത്തി. ഈ കഴിഞ്ഞ ഏപ്രില്‍ 7'നായിരുന്നു സംഭവം. വിമാനത്തിലെ ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ പകര്‍ത്തിയ ചിത്രത്തില്‍ സംശയകരമായ നിലയില്‍ ഒരു വെളുത്ത ബോട്ടും കൂടെ ചെറിയ ഒരു വള്ളവും കണ്ടെത്തി. ഡോണിയറില്‍ നിന്നുള്ള അടിയന്തിര സന്ദേശത്തെത്തുടര്‍ന്ന് ലക്ഷദ്വീപ് കടലില്‍ പെട്രോളിങ്ങില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഷിപ്പ് (ICS) രാജ്ദൂത് സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി. കൃത്യം 04.30നു ബോട്ടിനെ പിന്തുടര്‍ന്ന് പിടിച്ചു. ശ്രീലങ്കന്‍ ബോട്ടായ "കൊളംബോ മറൈനും" അതിലെ 16 ജീവനക്കാരെയും കീഴടക്കിയ സേന പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ ലക്ഷദ്വീപിലെ ജനവാസമില്ലാത്തതും മല്‍സ്യ സമ്പന്നമായതുമായ ചെറിയപാണി ദ്വീപില്‍ നിന്നും അനധികൃതമായി കോക്ക(ദ്വീപ് ഭാഷ) അതവാ കടല്‍വെള്ളരി (Sea Cucumber) പിടിക്കുകയായിരുന്നു. ഇവരില്‍ നിന്നും 2000 കിലോയോളം കടല്‍ വെള്ളരി കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ പിടിച്ചെടുത്തു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 12 മുതല്‍ 18 ലക്ഷം രൂപവരെ വിലയുള്ള ഈ കടല്‍ ജീവിയെ പിടിക്കുന്നത് ശിക്ഷാര്‍ഹമാണ്. വംശനാശ ഭീഷണി നേരിടുന്ന ഈ ജീവിയെ 1972'ലെ ദേശീയ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍പ്പെടുത്തി സംരക്ഷിക്കുന്ന ഒന്നാണ്. കൂടാതെ പവിഴ നിരകളിലെ ആവാസ വ്യവസ്ഥയെ തുലനം ചെയ്യുന്നതിന് അതീവ പ്രാധാന്യമുള്ള സ്ഥാനമാണ് കടല്‍ വെള്ളരികള്‍ക്കുള്ളത്. ആഴം കുറഞ്ഞ ലഗൂണും പവിഴനിരകളും നിറഞ്ഞ ദ്വീപിലേക്ക് വലിയ ബോട്ട് അടുപ്പിക്കാന്‍ സാധിക്കാത്തത്തിനാല്‍ ഇവ പുറം കടലില്‍ നിര്‍ത്തി വള്ളത്തിലൂടെ ദ്വീപില്‍ പ്രവേശിച്ച് ആഴം കുറഞ്ഞ ലഗൂണില്‍ നിന്ന്‍ ഇവര്‍ കടല്‍ വെള്ളരി വന്‍തോതില്‍ ശേഖരിച്ചു. ദ്വീപിനെക്കുറിച്ചും അതിനെ ചുറ്റി സംരക്ഷിക്കുന്ന പവിഴ നിരകളെക്കുറിച്ചും മനസിലാക്കി വളരെ ആസൂത്രിതമായിട്ടാണ് ഇവരുടെ ഉദ്യമം എന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു. ഭാരതീയ സമുദ്ര അതിര്‍ത്തി ലംഘിച്ചതിനും ദേശീയ വന്യജീവി സംരക്ഷണ നിയമ പ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തു.

ലക്ഷദ്വീപിലെ ആള്‍വാസമില്ലാത്ത ഇത്തരം മല്‍സ്യ സമ്പന്ന മേഖലയില്‍ മുമ്പും അജ്ഞാത കപ്പലുകളും ബോട്ടുകളും കാണുന്നതായി റിപ്പോര്ട്ട് ചെയ്തിട്ടുണ്ടെങ്കിലും അധികൃതര്‍ മുഖവിലക്കെടുക്കാറില്ലെന്ന് മീന്‍പീടിത്തക്കാര്‍ ആരോപിച്ചു. സോമാലിയന്‍ കടല്‍കൊള്ളക്കാരുടെ സാന്നിധ്യം അറിഞ്ഞത് മുതലാണ് ലക്ഷദ്വീപ് കടലില്‍ പെട്രോളിങ്ങ് കൂടുതല്‍ സജീവമായത്. ലക്ഷദ്വീപുകള്‍ ഭാരതത്തിന്‍റെ തന്ത്രപ്രധാനമായ മേഖലകളാണ്.


(കടല്‍ വെള്ളരി)

SHARE YOUR FEEDBACK

RECENT IN THIS CATEGORY