DweepDiary.com | ABOUT US | Friday, 19 April 2024

ദ്വീപ് ജനതക്ക് ആശ്വാസമായി പട്ടികവര്‍ഗ കമ്മീഷന്‍: കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഉത്തരവ്

In main news BY Mubeenfras On 19 January 2022
ന്യൂദൽഹി: വിവാദ പരിഷ്‌കാരങ്ങളും നടപടികളും കൊണ്ട് ലക്ഷദ്വീപ് ജനതയെ ശ്വസം മുട്ടിച്ച ഭരണകൂടത്തിന് തിരിച്ചടി. ദ്വീപ് നിവാസികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കണമെന്ന കേന്ദ്രതല പട്ടികവര്‍ഗ കമ്മീഷന്‍ നിര്‍ദേശമാണ് ഭരണകൂടത്തിന് തിരിച്ചടിയായത്. 2019ല്‍ ലക്ഷദ്വീപ് സന്ദര്‍ശനം നടത്തിയ കമ്മീഷന്‍ ഇപ്പോൾ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, വിവിധ വകുപ്പുകളിലായി ഏകദേശം 1200 ഒഴിവുകള്‍ നികത്താനുണ്ടെന്നും ഈ ഒഴിവുകള്‍ നികത്തുകയും കൂടുതല്‍ പേരെ നിയമിക്കുകയും വേണം എന്നും പറയുന്നു. എന്നാല്‍ 2019ന് ശേഷം പുതിയ അഡ്മിനിസ്ട്രേറ്റർ ദ്വീപില്‍ ആയിരത്തിലധികം പേരെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിനിടെയാണ് ദ്വീപ്ജനതയ്ക്ക് ആശ്വാസമായി പട്ടികവര്‍ഗ കമ്മീഷന്റെ ഉത്തരവ്.
ദ്വീപിലെ 50 ശതമാനം ഡാനിക്‌സ് എന്‍ഡ്രി ഗ്രേഡ് പോസ്റ്റുകളില്‍ സ്വദേശികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കമ്മീഷന്‍ നല്‍കിയ നിര്‍ദേശങ്ങളിലൊന്ന്. അര്‍ഹമായ ജോലിക്കയറ്റം നല്‍കുന്നതിന് ലക്ഷദ്വീപ് അഡ്മിന്‌സ്‌ട്രേഷനു കീഴില്‍ കൂടുതല്‍ അസി: ഡയറക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ദ്വീപിലെ ജനത പട്ടികവര്‍ഗ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. സര്‍ക്കാര്‍ ജോലികള്‍ ലഭിക്കുന്നതിന് നിലവിലുള്ള ഉയര്‍ന്ന പ്രായപരിധി 37 വയസ്സാണ്. സര്‍ക്കാരിതര ജോലികള്‍ ദ്വീപില്‍ വിരളമായതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ളത് പോലെ എസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധി 42 ആക്കണം എന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിന് മറുപടി നല്‍കണമെന്നും നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്നും അഡ്മിനിസ്‌ട്രേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം കപ്പല്‍, വിമാന, ഹെലികോപ്ടര്‍ യാത്രകള്‍ക്ക് നല്‍കിവരുന്ന നിരക്കിളവ് പര്യാപ്തമല്ലെന്നും കൂടുതല്‍ ഇളവ് നല്‍കണമെന്നും പറയുന്നു. അതേസമയം കപ്പൽ നിരക്ക് ഈയിടെ കുത്തനെ ഉയര്‍ത്തിയിരുന്നു. പച്ചക്കറിയടക്കമുള്ള സാധനങ്ങള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് സബ്‌സിഡി ഏര്‍പ്പെടുത്തണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പുകള്‍ വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. ഭൂരിഭാഗം ജനങ്ങളും പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ലക്ഷദ്വീപിനെ ഭരണഘടനയിലെ അഞ്ചാം പട്ടികയിലൊ ആറാം പട്ടികയിലോ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഈ നിര്‍ദേശങ്ങൾ പുതിയ ലക്ഷദ്വീപ് അഡ്മിന്‌സ്‌ട്രേഷൻ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ലക്ഷദ്വീപ് നിരീക്ഷകർ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY