DweepDiary.com | ABOUT US | Friday, 29 March 2024

*'NDA രൂപീകരണം കേന്ദ്രസർക്കാരിന് ശക്തി പകരാൻ, ഡോ സാദിഖിനെ SLF പുറത്താക്കണം'*

In main news BY Mubeenfras On 12 January 2022
കെ ബാഹിർ
ലക്ഷദ്വീപിൽ NDA വികസിപ്പിക്കാൻ അബ്ദുല്ലക്കുട്ടിയുമായി ചർച്ച നടത്തിയതിന്റെ പേരിൽ ഡോ.സാദിഖിനെ SLFൽ നിന്നും പുറത്താക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ട വ്യക്തിയാണ് ഞാൻ. ഇന്നും ഞാനതിൽ ഉറച്ചു നിൽക്കുന്നു. കെ.എൻ. കാസ്മിക്കോയാ SLF ൽ ഇരുന്ന് അഡ്മിനിസ്റ്റേറ്റർക്കനുകൂലമായി നിലപാട് എടുത്തപ്പോഴും ഞാൻ അദ്ദേഹത്തെ പുറത്താക്കണം എന്നാവശ്യപ്പെട്ടിരുന്നു (DP എ ലക്ഷൻ കഴിഞ്ഞപ്പോൾ അദ്ദേഹത്തെ ചീഫ് കൗൺസിലർ ആക്കണമെന്നും ഞാൻ ആവശ്യപ്പെട്ടിരുന്നു). അത് എന്റെ നിലപാട്. പരസ്പരം കടിച്ചുകീറി നടന്ന ഇവിടത്തെ രാഷ്ട്രീയക്കാരെ ഒരു പ്ലാറ്റുഫോമിൽ കൊണ്ടുവന്നിരുത്താൻ ഡോ.സാദിഖ് എടുത്ത പരിശ്രമത്തെ പിന്തുണക്കുകയും പ്രശംസിക്കുകയും ചെയ്ത ആളുകൂടിയാണ് ഞാൻ. അതോടൊപ്പം പട്ടേലിന്റെ വിവാദ പരിഷ്ക്കാരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉയർന്ന സമയത്ത് ചാനൽ ചർച്ചയിൽ ഡോ.സാദിഖ് എടുത്ത നിലപാട്, കേന്ദ്ര സർക്കാറിന്റെ അറിവോ സമ്മതമോ ഇല്ലാതെ പട്ടേൽ സ്വന്തം നിലയിൽ നടപ്പിലാക്കുന്നവയാണ് ഈ വിവാദ പരിഷ്ക്കാരങ്ങൾ എന്ന നിലപാടിനെ ആദ്യം തന്നെ വിമർശിച്ചതും ഒരുപക്ഷേ ഞാൻ ആയിരിക്കും.
ഇന്ന് ഇന്ത്യാരാജ്യത്ത് സംഘപരിവാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ, ജനാധിപത്യവിരുദ്ധ, മതേതരത്വ വിരുദ്ധ, മാനുഷിക വിരുദ്ധ നടപടികളിൽ ആകാംക്ഷയും ഭയവുമുള്ള ഒരാളു കൂടിയാണ് ഞാൻ. ഈ പ്രശ്നങ്ങളോടെല്ലാം ബി.ജെ.പി./എൻ.ഡി.എ.കക്ഷികളും, ഭരണാധികാരികളും കൈക്കൊണ്ട സമീപനം എന്നെപ്പോലുള്ളവരെ നിരാശരും ഭയചകിതരും ആക്കുന്നു. ജനാധിപത്യ മതേതരത്വ മനുഷ്യത്വ കാഴ്ചപ്പാടുള്ള സകലരേയും നിരാശപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമാണ്.ഈ സാഹചര്യത്തിൽ കേന്ദ്ര ഭരണാധികാരികളെ വാനോളം പുകഴ്ത്തുകയും പൂജിക്കുകയും ചെയ്യുന്ന ലക്ഷദ്വീപ് ബി.ജെ.പി.യോട് ചേർന്ന് കേന്ദ്ര ഭരണകൂടത്തിന് ശക്തി പകരാൻ പരിശ്രമിക്കാൻ തീരുമാനിച്ചത്. താങ്കളുടെ ആ നിലപാടിനെ അംഗീകരിക്കാൻ ലക്ഷദ്വീപിന്റെ ഭാവിയെക്കുറിച്ചോർക്കുന്ന ആർക്കും സാധിക്കുകയില്ല. മുൻകാലങ്ങളിൽ എന്ത് പ്രവർത്തിച്ചു എന്ത് നിലപാടെടുത്തു എന്നൊന്നും അതിനെ ലഘൂകരിക്കുകയില്ല. ബി.ജെ.പി.യുമായി സഹകരിച്ച് രാഷ്ട്രീയനേട്ടം കൊയ്ത ജമ്മു കാശ്മീരിന്റെ അവസ്ഥയും അവിടത്തെ നേതാക്കൻമാരായ ഫറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹബൂബമുഫ്ത്തി എന്നിവരുടെ അനുഭവവും കൺമുന്നിൽ തെളിഞ്ഞു നിൽക്കുമ്പോൾ നിതീഷ് കുമാറിലൂടെ നരേന്ദ്ര മോഡിയേയും കൂട്ടരേയും വരുതിയിലാക്കിക്കളയാം എന്ന മൗഡ്യത്തേക്കാൾ വലിയ വിഡ്ഢിത്തം മറ്റെന്താണുള്ളത്?
പൊതുവിവരത്തിന്റെ ഏഴയലത്തു പോകാത്തവർക്കു പോലും ഇത്ര വലിയ അബദ്ധം പറ്റുമെന്ന് തോന്നുന്നില്ല. അതിനാൽ സംഘപരിവാർ അജണ്ടയാണ് ഭരണകൂടം ദ്വീപിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ അവരുമായി കൂട്ടുചേർന്ന ഡോ.സാദിഖിനെ SLFൽ നിന്നും പുറത്താക്കണമെന്നു തന്നെയാണ് എന്റെ നിലപാട്. എന്റെ നിലപാട് അംഗീകരിക്കാനും തള്ളിക്കളയാനും SLF കേന്ദ്ര കമ്മിറ്റിക്കും അംഗങ്ങൾക്കും അധികാരമുണ്ട്. ഭൂരിപക്ഷ അഭിപ്രായങ്ങളെ മാനിക്കേണ്ടതുണ്ട്. എന്നാലും എനിക്കെന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്താമല്ലോ. ഡോ.സാദിഖും ഫൈസലും, ഹംദുല്ലയും എനിക്ക് ഒരു പോലെയാണ്. പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ അവരെ വിമർശിക്കുകയും പ്രശംസിക്കുകയും ചെയ്യാറുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY