DweepDiary.com | ABOUT US | Tuesday, 16 April 2024

പട്ടേലിനെ വരവേറ്റത് കനത്ത പ്രതിഷേധങ്ങൾ; സുരക്ഷയുടെ പേരിൽ ദ്വീപ് ജീവനക്കാരെ കാണുന്നത് സംശയക്കണ്ണോടെ

In main news BY Raihan Rashid On 15 June 2021
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ തൻ്റെ മൂന്നാം വരവിൽ ദ്വീപിൽ നിന്ന് നേരിട്ടത് കടുത്ത പ്രതിഷേധങ്ങളാണ്. കേന്ദ്രത്തിൻ്റെ ഇഷ്ട തോഴനെ ഒരിക്കലും മാറ്റില്ല എന്ന ആത്മവിശ്വാസം കൂട്ടിനുണ്ടായിട്ടും, കേരളത്തിലും ലക്ഷദ്വീപിലും കനത്ത പ്രതിഷേധങ്ങൾ അലയടിച്ചപ്പോൾ സുരക്ഷയുടെ പേരിൽ റൂട്ട് മാറ്റിയാണ് പട്ടേൽ ദ്വീപിൽ എത്തിയത്. കേരളത്തിൽ നിന്നുള്ള യുഡിഎഫ് സംഘം അദ്ദേഹത്തെ കാണാൻ വിമാനത്താവളത്തിൽ എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. സംഘത്തിൽ എം പി മാരായ ഹൈബി ഈഡനും ടി എൻ പ്രതാപനുമുണ്ടായിരുന്നു. കൊച്ചിവഴിയുള്ള യാത്ര റദ്ദാക്കിക്കൊണ്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഒളിച്ചോടിയെങ്കിലും ഭരണഘടനാപരമായ അധികാരമുപയോഗിച്ചള്ള ഇടപെടലും പോരാട്ടവും തങ്ങള്‍ തുടരുമെന്ന് അവർ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സുരക്ഷാ കാരണങ്ങൾ ചൂണ്ടി കാണിച്ച് അഡ്മിനിസ്ട്രെറ്റർ നാവിക സേന വിമാനത്തിൽ ദാമൻ ദിയു വിൽ നിന്നും ലക്ഷദ്വീപിലെ അഗത്തിയിലേക്ക് നേരിട്ടാണ് പറന്നത്. ഇതിനിടെ രാത്രി കർഫ്യൂ മാത്രം നില നിൽക്കുന്ന അഗത്തി ദ്വീപിൽ പോലീസ് റോഡിൽ ഇറങ്ങിയവരെ ഒക്കെ തടഞ്ഞു നിർത്തി. പി പി ജംഗ്ഷൻ മുതൽ തെക്കോട്ട് എയർപോർട്ട് റോഡ് മുഴുവൻ കനത്ത പോലീസ് വലയത്തിലായിരുന്നു. എയർപോർട്ടിലേക്ക് പോകുന്ന ഓട്ടോ ഡ്രൈവർമാരെ പോലീസ് ചോദ്യം ചെയ്തിട്ടാണ് വിട്ടത്. കറുത്ത വസ്ത്രം ധരിച്ച ആളുകളെ തടഞ്ഞു.

കവരത്തി ദ്വീപിൽ പട്ടേൽ കടന്നു പോകുന്ന വഴികളിൽ തൊട്ടടുത്തുള്ള കെട്ടിടങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച് ആളുകൾ പ്രതിഷേധം അറിയിച്ചു. അതിനിടെ തൻ്റെ ബംഗ്ലാവിലെ ദ്വീപ് നിവാസികളായ ജീവനക്കാരെ മാറ്റി. സ്വന്തം ഷെഫിനെ മാറ്റി കോസ്റ്റ് ഗാർഡ് സേനയിൽ നിന്നുള്ള ഷെഫിനെ വെച്ചു.മറ്റ് സുരക്ഷാ ജീവനക്കാരെയും മാറ്റുന്നു എന്ന തരത്തിലുള്ള സ്ഥിതികരിക്കാത്ത റിപ്പോർട്ട് ഉണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY