DweepDiary.com | ABOUT US | Tuesday, 16 April 2024

ലക്ഷദ്വീപിൽ പ്രതിഷേധം ശക്തം: മദ്യത്തിനെതിരെ അഡ്വ. ഹംദുള്ള സയീദ്, ബീഫ് വിഷയത്തിൽ മുഹമ്മദ് ഫൈസൽ - ഭീമ ഒപ്പ് ശേഖരവുമായി മത സംഘടനകൾ

In main news BY Admin On 28 February 2021
കവരത്തി: ബീഫ് നിരോധനം മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നു കയറ്റം ആണെന്നും അഡ്മിനിസ്ട്രേറ്ററുടെ മാത്രം താൽപര്യത്തിനാണ് നിയമം കൊണ്ട് വരുന്നതെന്നും ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ "ദ വീക്ക്" നോട് പ്രതികരിച്ചു. ജനപ്രതിനിധികളോടോ പ്രാദേശിക വ്യവസ്ഥകളോടോ ആലോചിക്കാതെ സ്വന്തം ഇഷ്ടം പ്രവർത്തിക്കുന്ന ആളാണ് പുതിയ അഡ്മിനിസ്ട്രേറ്ററും ബിജെപി നേതാവുമായ പ്രഫുൽ കൊഡ പട്ടേൽ എന്നും ഫൈസൽ ആരോപിച്ചു. നിയമം വരുന്ന പക്ഷം നിയമപരമായി നേരിടുമെന്നും എം പി കൂട്ടി ചേർത്തു. കുറ്റകൃത്യങ്ങൾ ഇല്ലാത്ത ദ്വീപിൽ ഗുണ്ടാ നിയമം കൊണ്ട് വരാനുള്ള നീക്കവും മുഹമ്മദ് ഫൈസൽ ചൂണ്ടി കാണിച്ചു. ബീഫ് വിഷയത്തിൽ മൃഗ സംരക്ഷണ സെക്രട്ടറി ദാമോദർ ഐ എഫ് എസുമായി നടത്തിയ ചർച്ചയിൽ ഗുണാത്മകമായ മറുപടിയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ മാനിക്കുമെന്നും കരട് നിയമത്തിൽ കാളയെ കൂടി ഉൾപ്പെടുത്തിയത് അബദ്ധമാണെന്നും സെക്രട്ടറി സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു. തുടർച്ചയായി വന്ന ഇത്തരം ആനുകാലിക വിഷയങ്ങളിൽ എംപി മൗനം പാലിച്ചത് സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. ബിജെപി യോടു അനുഭാവം കാണിക്കുന്നത് കൊണ്ടാണ് മിണ്ടാത്തത് എന്ന് കോൺഗ്രസ്സും ആരോപിച്ചിരുന്നു. എന്നാൽ ആൾബലമില്ലാത്ത ഇടത്ത് തന്ത്രങ്ങളിലൂടെ കാര്യങ്ങൾ നേടിയെടുക്കാൻ അദ്ദേഹം പ്രയത്നത്തിലായിരുന്നു എന്ന് എൻസിപി നേതൃത്വം പ്രതികരിച്ചു.

ഇതിനിടെ ലക്ഷദ്വീപിലെ മദ്യ നിരോധനം എടുത്ത് കളഞ്ഞ ഉത്തരവിനെതിരെ രൂക്ഷ വിമർശവുമായി മുൻ എം പിയും ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ്സ് പ്രസിഡൻ്റുമായ അഡ്വ. ഹംദുള്ള സയീദ്. ഭരണകൂടത്തിൻ്റെ അധികാര ദു൪വിനിയോഗമാണ് ഈ ഉത്തരവെന്നും കോൺഗ്രസ്സ് അതിനെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. വിവാദ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് കവിയും ലക്ഷദ്വീപിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ യു സി കെ തങ്ങൾ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഹംദുള്ള സയീദിന്റെ ഇടപെടൽ മൂലം നിലവിലെ വിവിധ പ്രശ്നങ്ങൾ കോൺഗ്രസ്സിൻ്റെ വിവിധ നേതാക്കൾ വഴി പാർലെമൻ്റിൽ ഉന്നയിച്ചിരുന്നു.

മദ്യ നിരോധനം നീക്കുന്നതിനെതിരെ വിവിധ ദ്വീപുകളിൽ ലക്ഷദ്വീപ് sksff ഭീമൻ ഒപ്പ് ശേഖരണം ആരംഭിച്ചു. സമസ്ത കേരള ജംഇയത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം സയീദ് ഫത്തഹുള്ള തങ്ങൾ ഒപ്പ് ശേഖരണത്തിന് നേതൃത്വം കൊടുത്തു. വിനോദസഞ്ചാരത്തിന്റെ മറവിൽ ദ്വീപ് ഭരണകൂടം പുതുതലമുറയോട് വഞ്ചനയാണ് കാണിക്കുന്നത് എന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഹുസൈൻ ഫൈസി പ്രസ്താവിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY