DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപിൽ അടക്കം 8 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകാൻ ആവില്ലെന്ന് സുപ്രീംകോടതി

In main news BY Admin On 17 December 2019
ന്യൂഡൽഹി: എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷപദവി നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ബിജെപി നേതാവ് അഡ്വ. അശ്വിനി കുമാർ ഉപാധ്യായ 2017ൽ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

മിസോറം, നാഗാലാൻഡ്, മേഘാലയ, ജമ്മു കശ്മീർ, അരുണാചൽപ്രദേശ്, മണിപ്പുർ, പഞ്ചാബ് സംസ്ഥാനങ്ങളിലും ഹിന്ദുക്കൾ തീരെ ഇല്ലാത്ത ലക്ഷദ്വീപിലും ഹിന്ദുക്കളെ ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കണമെന്നായിരുന്നു ആവശ്യം.

സംസ്ഥാനാടിസ്ഥാനത്തിലല്ല, ദേശീയാടിസ്ഥാനത്തിലാണ് മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതെന്ന് കോടതി പറഞ്ഞു. മതം നിലനിൽക്കുന്നത് ഇന്ത്യയിൽ ആകമാനമാണ്, സംസ്ഥാനങ്ങളുടെ രാഷ്ട്രീയാതിർത്തികൾക്കുള്ളിലല്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ നിർണയത്തിന് പ്രത്യേക മാനദണ്ഡം പുറപ്പെടുവിക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്ന ആവശ്യം കോടതി തള്ളി.

ജമ്മു കശ്മീർ, പഞ്ചാബ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയടക്കമുള്ള എട്ട് സംസ്ഥാനങ്ങളെ പ്രാദേശികമായ ജനസംഖ്യാടിസ്ഥാനത്തിൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. നേരത്തെ ഈ വിഷയത്തിൽ അറ്റോർണി ജനറലിന്റെ നിലപാട് കോടതി ആരാഞ്ഞിരുന്നു. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിലെത്തി എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

കടപ്പാട്: മാത്യഭൂമി

SHARE YOUR FEEDBACK

RECENT IN THIS CATEGORY