DweepDiary.com | ABOUT US | Friday, 19 April 2024

ന്യൂനമര്‍ദ്ദം "മഹാ" കൊടുങ്കാറ്റായി മിനിക്കോയിയുടെ 130 കി.മീ. അടുത്ത് - സ്കൂളുകള്‍ക്ക് അവധി - കരുതലോടെ ദ്വീപുകള്‍

In main news BY Mubeenfras On 30 October 2019
കവരത്തി: ശ്രീലങ്കയ്ക്കടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് കൊടുങ്കാറ്റായി. അടുത്ത 24 മണിക്കൂറിനുള്ളില്‍ ലക്ഷദ്വീപിലെ ജനവാസ ദ്വീപുകളില്‍ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മ്യാന്‍മാര്‍ പേര് നല്‍കിയ സൂപ്പര്‍ സൈക്ലോണിക് വിഭാഗത്തില്‍പ്പെട്ട ക്യാര്‍ കൊടുങ്കാറ്റ് നാശം വിതയ്ക്കാതെ ദുര്‍ബലമായെങ്കിലും "മഹാ" കൊടുങ്കാറ്റിന്റെ പാത ലക്ഷദ്വീപിനെ ആശങ്കയിലാക്കുന്നുണ്ട്. മിനിക്കോയി, കല്‍പേനി, ആന്ത്രോത്ത് ദ്വീപുകളില്‍ ഇതിനകം കാറ്റിന്റെ സാന്നിധ്യം കണ്ട് തുടങ്ങി. വിവിധ ദ്വീപുകളില്‍ ന്യൂനമര്‍ദ്ദ സ്വാധീനത്താല്‍ കനത്ത പേമാരി തുടങ്ങിയിട്ടുണ്ട്. നേരത്തെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ലക്ഷദ്വീപ് ദുരന്ത നിവാരണ അതോരിറ്റി ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതിനോടകം സജ്ജമാണ്. ഉദ്യോഗസ്ഥരെ വിവിധ ക്യാമ്പുകളില്‍ ചുമതലപ്പെടുത്തി. ദ്വീപുകളിലെ ഡെപ്യുട്ടി കളക്ടര്‍ കാര്യാലയങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. തീരദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നു. 30, 31 തിയതികളില്‍ ദ്വീപിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടലില്‍ പോകുന്നത് നിരോധിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ഉടനെ ലക്ഷദ്വീപ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ലക്ഷദ്വീപ് പോലീസ് സേനാ വിഭാഗങ്ങള്‍ വഴിയോരങ്ങളിലെ വീഴാന്‍ സാധ്യതയുള്ള മരച്ചില്ലകള്‍ യുദ്ധകാലടിസ്ഥാനത്തില്‍ മുറിച്ച് മാറ്റി.

ഒമാന്‍ നല്‍കിയ പേരാണ് "മഹാ". അടുത്ത പേരായ "ബുള്‍ ബുള്‍" പാകിസ്ഥാന്റെ സംഭാവനയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY