DweepDiary.com | ABOUT US | Saturday, 20 April 2024

ലക്ഷദ്വീപിൽ സാന്നിധ്യം ശക്തമാക്കി നാവികസേന; ഏറ്റവും ചെറിയ ദ്വീപില്‍ വലിയ സന്നാഹങ്ങളുമായി സേന

In main news BY Admin On 08 April 2019
കൊച്ചി: ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനീസ് നാവിക സേനയുടെ നീക്കം തടയാൻ ലക്ഷദ്വീപിൽ ഇന്ത്യൻ നാവിക സേനയുടെ സന്നാഹങ്ങൾ കൂടുതൽ ശക്തമാക്കും. ലക്ഷദ്വീപിലെ ബിത്ര ദ്വീപിൽ പുതിയ നാവിക ഡിറ്റാച്ച്മെന്‍റ് സ്ഥാപിക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. ലക്ഷദ്വീപിലെ നാലാമത്തെ യൂണിറ്റാണിത്. കഴിഞ്ഞദിവസം ലക്ഷ‌ദ്വീപിൽ എത്തിയ ദക്ഷിണനാവിക സേനാ മേധാവി വൈസ് അഡ്മിറൽ എ കെ ചാവ്ള ബിത്രയിലെത്തി ഡിറ്റാച്ച്മെന്‍റിന്‍റെ അടിസ്ഥാന വികസന ജോലികളുടെ നിർമാണ പുരോഗതി വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട‌ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലും പങ്കെടുത്തു. ആന്ത്രോത്ത് ദ്വീപിലെ പുതിയ നേവൽ ഡിറ്റാച്ച്മെന്‍റ് 2016ലാണു കമ്മിഷൻ ചെയ്‌തത്. കവരത്തി, മിനിക്കോയി ദ്വീപുകളിലും ഡിറ്റാച്ച്മെന്‍റുകളുണ്ട്. തീരദേശ റഡാർ നിരീക്ഷണം, വാർത്താവിനിമയ നെറ്റ്വർക്ക്, സമുദ്ര ഗതാഗത നിരീക്ഷണം (എസ്എൽഒസി) തുടങ്ങി ചുമതലകളാണ് നേവൽ ഡിറ്റാച്ച്മെന്‍റുകൾ നിർവഹിക്കുന്നത്.

ലക്ഷദ്വീപിലെ പൂർണതോതിൽ പ്രവർത്തന സജ്ജമായ ആദ്യ നേവൽ ബേസ് ഐഎൻഎസ് ദ്വീപരക്ഷക് 2012 ൽ കമ്മിഷൻ ചെയ്തിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രധാന്യമാണു ലക്ഷദ്വീപ്-മിനിക്കോയ് ദ്വീപ് സമൂഹത്തിനുള്ളത്. രാജ്യാന്തര സമുദ്രപാത ഇതിനു സമീപത്തു കൂടി കടന്നു പോകുന്നു. പശ്ചിമ തീരം കേന്ദ്രീകരിച്ചു ഇന്ത്യൻ സമുദ്രത്തിൽ ശത്രുരാജ്യങ്ങളുടെ നീക്കങ്ങൾ ഫലപ്രദമായി തടയാൻ ലക്ഷദ്വീപ് കേന്ദ്രീകരിച്ചു നാവികസേനയ്ക്ക് സാധിക്കും. ഇതു കണക്കിലെടുത്തു കഴിഞ്ഞ ഏതാനും നാളുകളായി കവരത്തി, മിനിക്കോയി, അഗത്തി, ആന്ത്രോത്ത് ദ്വീപ് സമൂഹങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ നാവിക സേന പടിപടിയായി ഉയർത്തി കൊണ്ടുവരുകയാണ്.

ഇത്രയൊക്കെ സര്‍വ്വ സജ്ജമായെങ്കിലും തീരദേശവാസികളേയും കടലിൻ്റെ മക്കളായ മുക്കുവരേയും ദ്വീപുനിവാസികളേയും ഉള്‍പ്പെടുത്തി പ്രത്യേക സംവരണം നല്‍കി സേനയെ ശക്തമാക്കിയാലെ ഫലപ്രദമായ രീതിയിലുള്ള പെട്രോളിങ്ങും രക്ഷാപ്രവര്‍ത്തനവും സാധ്യമാവൂ എന്ന ലക്ഷദ്വീപിന്റെ ആവശ്യത്തോട് ഇപ്പോഴും സേന പുറംതിരിഞ്ഞാണ് നില്‍ക്കുന്നത്. ഓഖി കൊടുങ്കാറ്റ് സമയത്ത് സേനയുടെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നില്ല. സ്വന്തം ജീവനില്‍ പേടിയുള്ളവരാണ് സേനയിലുള്ളതെന്ന് അന്ന് രാഷ്ട്രീയക്കാരും നാട്ടുകാരും ആരോപിച്ചിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY