DweepDiary.com | Monday, 16 September 2019

ലക്ഷദ്വീപിലെ ഇന്ദിരാനഗർ റെയിൽവേ സ്റ്റേഷന് 42 വയസ്

In main news / 30 December 2018
കവരത്തി (30/12/2018): ലക്ഷദ്വീപില്‍ ട്രെയിന്‍ ഓടിയിരുന്നു. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. എന്നാല്‍ ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയിലെ ഡോക്ക് യാര്‍ഡില്‍ ഉപേക്ഷിക്കപ്പട്ട നിലയില്‍ ഇപ്പോഴും കാണുന്ന ഡീസല്‍ എന്‍ജിനും ബോഗികളും കാടുപിടിച്ചുകിടക്കുന്ന റെയില്‍വേ സ്റ്റേഷനും ആ ചരിത്രത്തിന്റെ സ്മാരകങ്ങളാണ്. കവരത്തി ക്വ്യൂന്‍ എന്ന സതേണ്‍ റെയില്‍വേയുടെ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച തീവണ്ടി ഓടിയതിന്റെ 42-ാം വാര്‍ഷിക ദിനമാണ് ഇന്ന്. ആകെ അഞ്ച് കിലോമീറ്റര്‍ നീളവും 1.6 കിലോമീറ്റര്‍ വീതിയും മാത്രമുള്ള കൊച്ചുദ്വീപില്‍ കവരത്തി ക്വ്യൂന്‍ എന്ന സതേണ്‍ റെയില്‍വേയുടെ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച മിനി ട്രെയിന്‍ ഓടിയതിന്റെ ഓര്‍മകള്‍ക്ക് ഇപ്പോള്‍ നാലു പതിറ്റാണ്ട് പിന്നിടുകയാണ്. ലക്ഷദ്വീപിനോടും ദ്വീപ് നിവാസികളോടും പ്രത്യേക താല്‍പര്യമുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണു ദ്വീപിലെ കുട്ടികള്‍ക്കു വേണ്ടി മിനി ട്രെയിന്‍ 1976 ഡിസംബര്‍ 30നു സമര്‍പ്പിച്ചത്.

ഇന്ദിരാഗാന്ധിക്ക് ലക്ഷദ്വീപിനോടുണ്ടായിരുന്ന സ്‌നേഹത്തിന്റെ ഈ ശേഷിപ്പ് ഇന്ന് കവരത്തിയിലെ ഡോക്ക് യാര്‍ഡില്‍ അവഗണിക്കപ്പെട്ട നിലയിലാണ്. ലക്ഷദ്വീപിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്ന മുന്‍ കേന്ദ്രമന്ത്രിയും ലോക്‌സഭാ സ്പീക്കറുമായിരുന്ന പി.എം സഈദ് ലോക്‌സഭാ അംഗമായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് ഇന്ദിരാഗാന്ധി ദ്വീപിലെത്തിയത്. ലക്ഷദ്വീപിലെ കുട്ടികളുമായി സംവദിക്കുന്നതിനിടെ, ആഗ്രഹം ചോദിക്കുമ്പോഴാണു കുട്ടികള്‍ ട്രെയിന്‍ വേണമെന്ന ആഗ്രഹം പ്രധാനമന്ത്രിക്കു മുന്നില്‍വച്ചത്. കേട്ടുനിന്ന മുതിര്‍ന്നവര്‍ക്ക് അതൊരു തമാശയായി തോന്നിയെങ്കിലും കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ മകള്‍ക്ക് അത് ഒരു ഗൗരവമായ ആവശ്യമായിട്ടാണു തോന്നിയത്. അവര്‍ കുട്ടികള്‍ക്കു വാക്കുനല്‍കി.

ലക്ഷദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പരിമിതികള്‍ നന്നായി മനസിലാക്കിയ ഇന്ദിരാ ഗാന്ധി റെയില്‍വേയ്ക്ക് ലക്ഷദ്വീപിന് വേണ്ടി ഒരു മിനി ട്രെയിന്‍ നിര്‍മിക്കാന്‍ ഉത്തരവും നല്‍കി. അതനുസരിച്ച് സതേണ്‍ റെയില്‍വേയുടെ നേതൃത്വത്തില്‍ നാല് ബോഗികളോടുകൂടിയ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച ട്രെയിന്‍ മദ്രാസില്‍നിന്ന് കൊണ്ടുവന്നു. ട്രെയിന്‍ മാത്രമല്ല റെയില്‍വേ സ്റ്റേഷനും സിഗ്നല്‍ സിസ്റ്റവും പാളം മുറിച്ചുകടക്കാനുള്ള ഓവര്‍ബ്രിഡ്ജുമെല്ലാം സജ്ജമാക്കി. പൂര്‍ണമായും റെയില്‍വേ സ്റ്റേഷനും സജ്ജമാക്കി. 1976 ഡിസംബര്‍ 30ന് ഇന്ദിരാഗാന്ധി താന്‍ പുതുതലമുറയ്ക്കു നല്‍കിയ വാഗ്ദാനം പാലിക്കാന്‍ വീണ്ടുമെത്തി. ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റെയില്‍വേ പാളം നിര്‍മിച്ചുകൊണ്ടാണു കുട്ടികള്‍ക്കായി ട്രെയിന്‍ സര്‍വിസ് ആരംഭിച്ചത്. ട്രെയിന്‍ ഓടിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും വൈദഗ്ധ്യം നേടിയവരെയും കൊണ്ടുവന്നു.

ലക്ഷദ്വീപില്‍ 1973ല്‍ രൂപംകൊണ്ട ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പിനായിരുന്നു മിനി ട്രെയിനിന്റെയും റെയില്‍വേ സ്റ്റേഷന്റെയും നടത്തിപ്പുചുമതല. വന്‍കരയില്‍ എത്തി മാത്രം കണ്ടിരുന്ന തീവണ്ടിയുടെ പ്രവര്‍ത്തനം തങ്ങളുടെ നാട്ടില്‍ തന്നെ കാണാനും അനുഭവിക്കാനുമുള്ള സുവര്‍ണാവസരമായിട്ടാണ് അന്നത്തെ തലമുറ ഇന്ദിരാഗാന്ധിയുടെ സമ്മാനത്തെ കണ്ടിരുന്നത്. അതുകൊണ്ടു തന്നെ ഇന്ദിരാനഗര്‍ എന്ന് ആ സ്ഥലം നാമകരണം ചെയ്യപ്പെടുകയും ചെയ്തു. ലക്ഷദ്വീപിലെ മറ്റു ദ്വീപുകളില്‍നിന്നു കുട്ടികള്‍ ട്രെയിന്‍ കയറാന്‍ എത്തുമായിരുന്നു ഇവിടെ.

കേരളത്തില്‍നിന്നുള്ള ലോക്കോ പൈലറ്റായിരുന്നു ട്രെയിന്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. പാര്‍ക്കും കളിസ്ഥലങ്ങളുമില്ലാതിരുന്ന ദ്വീപിലെ കുട്ടികള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ വലിയൊരു സന്തോഷമായി. ഒരു പതിറ്റാണ്ടോളം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് എന്‍ജിന്റെ അറ്റകുറ്റപ്പണികളും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായി. ലക്ഷദ്വീപിന്റെ സ്വന്തം ട്രെയിന്‍ അതോടെ യാര്‍ഡിലേക്കു കയറുകയും അനുബന്ധ സൗകര്യങ്ങള്‍ കാടുകയറി നശിക്കുകയും ചെയ്തു. ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പരിമിതികളും സര്‍വിസിനെ ബാധിച്ചു.

ഇന്ന് ട്രാക്ക് കടന്നുപോയ സ്ഥലങ്ങള്‍ ജനവാസകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ട്രെയിനും റെയില്‍വേ സ്റ്റേഷനും സ്മാരകമായി നിലനിര്‍ത്തണമെന്ന ആവശ്യം ഇപ്പോള്‍ ഉയരുന്നുണ്ട്. കൊച്ചിയില്‍നിന്ന് 404 കിലോമീറ്റര്‍ മാറി അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന കൊച്ചുദ്വീപായ കവരത്തിയിലെ ട്രെയിനും റെയില്‍വേ സ്റ്റേഷനും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കേന്ദ്രമാക്കി മാറ്റാന്‍ കഴിയുമെന്നാണു ദ്വീപ്നിവാസികള്‍ കരുതുന്നത്.

കടപ്പാട്: സുപ്രഭാതം ദിനപത്രം

SHARE YOUR FEEDBACK

RECENT IN THIS CATEGORY