DweepDiary.com | ABOUT US | Wednesday, 24 April 2024

ആന്ത്രോത്തിൽ മല്‍സ്യബന്ധനത്തിനു പോയ തോണി കാണാതായി

In main news BY Admin On 22 July 2018
ആന്ത്രോത്ത് (22/07/2018): ഇന്നലെ രാവിലെ മീൻപിടിത്തത്തിനായി പുറപ്പെട്ട ഔട്ട്ബോർഡ് തോണി കാണാതായി. തൈലത്ത് ഹംസയുടെ ഉടമസ്ഥതയിലുള്ള തോണിയിൽ ഹംസയെ കൂടാതെ മറ്റു മൂന്നു പേർ കൂടി ഉണ്ട്. ഇന്നലെ പുലർച്ചെ മീൻപിടിക്കാൻ പോയ തോണി വൈകീട്ട് അഞ്ചു മണി ആയിട്ടും തിരിച്ചെത്താത്തതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. ഉടനെ തന്നെ തിരച്ചിലിനായി നാല് ബോട്ടുകൾ പുറപ്പെട്ടിരുന്നു. എന്നാൽ മോശം കാലാവസ്ഥ കാരണം രാത്രി 10 മണിയോടെ ബോട്ടുകൾ തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങിയെത്തി.

അതിനിടെ ഏളി കൽപ്പേനി ഭാഗത്തായി ഒരു ചെറുതോണിയുടെ സാന്നിധ്യം ഉണ്ടെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. പ്രതിരോധ വകുപ്പിന്റെ നുതന റഡാർ വഴി തോണിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു എന്നാണ് അറിയുന്നത്. ഈ ഭാഗങ്ങളിൽ ഇന്ന് കൂടുതൽ തിരച്ചിൽ നടത്തും. കോസ്റ്റ് ഗാർഡ് കപ്പലുകളെ വിവരമറിയിച്ചിട്ടുണ്ട്. തോണിയുടെ ഉടമസ്ഥനായ തൈലത്ത് ഹംസയെ കൂടാതെ പണ്ടാരം ഷാഹിദ്, കോളിക്കാട് അൻവർ, ബിളുത്തേത്ത് ഹസ്സൻ എന്നിവരാണ് തോണിയിലുള്ളത്.

ചെറുതോണികളിലും മത്സ്യബന്ധന ബോട്ടുകളിലും കറുത്ത നിറത്തിലുള്ള പെയ്ന്റ് അടിച്ചിരിക്കണം എന്ന് പോർട്ട്-ഫിഷറീസ് വകുപ്പുകളുടെ കർശന നിർദ്ദേശം നിലനിൽക്കുന്നുണ്ട്. അപകടത്തിൽ പെടുമ്പോൾ സാറ്റലൈറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പെട്ടെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണിത്. എന്നാൽ ഈ നിർദ്ദേശം പലപ്പോഴും പാലിക്കപ്പെടാറില്ല. ഇപ്പോൾ കാണാതായ തോണിയിലും കറുത്ത നിറത്തിലുള്ള പെയ്ന്റ് അല്ല അടിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ സാറ്റലൈറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള തിരച്ചിലുകൾക്ക് പരിമിതികളുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY