DweepDiary.com | ABOUT US | Friday, 19 April 2024

ദ്വീപിന്റെ ചിറകൊടിഞ്ഞു, ഇനി ചലിക്കുകയില്ല ആ തൂലിക

In main news BY Admin On 18 July 2018
കിൽത്താൻ (18/07/2018): കവരത്തി ദ്വീപിലുണ്ടായ ബൈക്ക് ആക്സിഡൻറിൽ ലക്ഷദ്വീപിലെ പ്രമുഖ എഴുത്തുകാരൻ ചമയം ഹാജാ ഹുസൈൻ (58) മരണപ്പെട്ടു. ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ എയർ ആംബുലൻസിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി മരണം സംഭവിക്കുകയായിരുന്നു. എഴുത്തുകാരൻ ചമയം ഇസ്മത് ഹുസ്സൈൻ സഹോദരനാണ്. ഭാര്യ കെപി ആറ്റബി, മക്കൾ നാജിയ ഹുസ്സൈൻ, ജിയാദ് ഹുസ്സൈൻ. ഖബറടക്കം മട്ടാഞ്ചേരി മുഹ്‌യിദ്ദീൻ പള്ളിയിൽ ഇന്ന് രാവിലെ നടന്നു.


ഉപദ്വീപിൽ കുറെ ദ്വീപുകൾ... അതിലെ മൂർച്ചയുള്ള തൂലികാ വാളിൽ ഭരണം നടത്തിയ സുൽത്താനായിരുന്നു ചമയം. 1960 ജനുവരി 1നു ചമയം ആറ്റബിയുടെയും വലിയപാത്തോട് മുഹമ്മദ് കോയയുടെയും മൂത്തമകനായി കിൽത്താൻ ദ്വീപിൽ ജനിച്ചു. ദ്വീപിലെ ഏക മുഴുവൻ സമയ എഴുത്തുകാരനായിരുന്നു അദ്ദേഹം. കിൽത്താൻ ഹൈസ്‌കൂൾ, ജവഹർലാൽ നെഹ്‌റു കോളേജ് കവരത്തി എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. പഠന കാലത്ത് തന്നെ വേറിട്ട ചിന്തകൾ അദ്ദേഹത്തെ വ്യത്യസ്തനാക്കി. വിപ്ലവ ചിന്തകൾ കാരണം ഏഴിൽ പഠിക്കുമ്പോഴും പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴും സസ്‌പെന്റ് ചെയ്യപ്പെട്ടു. 1993ൽ "യുവമുന്നണി" രൂപീകരിച്ചു ലക്ഷദ്വീപിലെ അധികാരി വർഗ്ഗത്തെ വിറപ്പിച്ചു. പൊതുവേദിയിൽ പ്രസംഗിച്ചു നിൽക്കെ പോലീസ് അറസ്റ്റു ചെയ്തത് കോളിളക്കം സ്യഷ്ടിച്ചിരുന്നു. ലക്ഷദ്വീപിലെ കപ്പൽ സമരം കാരണം ലക്ഷദ്വീപിൽ ക്ഷാമം പിടിപ്പെട്ടപ്പോൾ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹരജി സമർപ്പിച്ച് പൊതുജനങ്ങളുടെ കൈയ്യടി നേടി. അടിയന്തിരമായി ഇടപെട്ട ഹൈക്കോടതി ദ്വീപിലേക്ക് അവശ്യ സാധനങ്ങളുമായി നാവിക സേനയെ അയക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് വന്ന അതെ ദിവസം കപ്പൽ സമരം ഒത്തു തീർന്നെങ്കിലും അദ്ദേഹം ജനമനസ്സിൽ നായകനായി. വോൾട്ടേജ് ക്ഷാമം, bsnl ൻറെ അനാസ്ഥ, പൊതുവിതരണം വഴി നടത്തിയ ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വിതരണം എന്നിവക്കെതിരെയും നിയമത്തിൻറെ വഴിയിൽ സമരം നയിച്ചു. ആഭ്യന്തരമന്ത്രിയുടെ ഐലൻഡ് അഡ്വൈസറി കൗൺസിൽ, ജില്ലാപഞ്ചായത് അംഗം, ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം പ്രസിഡന്റ്, ദ്വീപ് കലാസമിതി പ്രസിഡന്റ്, കിൽത്താനത്ത് ഫൗണ്ടേഷൻ തുടങ്ങി ഒട്ടനവധി സമുന്നത തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.


"ഉപദ്വീപിൽ കുറെ ദ്വീപുകൾ", "അറബിക്കടലിലെ കഥാഗാനങ്ങൾ", "തെക്കൻ ദ്വീപുകൾ", "നിയമത്തിൻറെ വഴിയിൽ", "ലക്ഷദ്വീപിലെ ഔലിയാക്കൾ", "നിങ്ങൾക്കൊരു ജോലി" എന്നിവയാണ് പ്രധാന ക്യതികൾ. www.dweepdiary.com

SHARE YOUR FEEDBACK

RECENT IN THIS CATEGORY