DweepDiary.com | ABOUT US | Tuesday, 23 April 2024

"കുഞ്ഞന്‍മാര്‍ വമ്പന്‍മാര്‍" - അന്താരാഷ്ട്ര തലത്തില്‍ ഭാരതത്തിന്റെ യശസ്സുയര്‍ത്തി ലക്ഷദ്വീപിന്റെ വിദ്യാഭ്യാസ തലസ്ഥാനത്തിലെ കുട്ടി ശാസ്ത്രജ്ഞന്‍മാര്‍

In main news BY Admin On 11 July 2018
കോലാലംപൂര്‍ (11/07/2018) : 155 രാജ്യങ്ങള്‍ പങ്കെടുത്ത അന്തര്‍ദേശീയ ശാസ്ത്രകോണ്‍ഗ്രസില്‍ ഇന്ത്യക്ക് അഭിമാന നേട്ടം. ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ അവസരം ലഭിച്ചതാകട്ടെ ലക്ഷദ്വീപിനും. ദേശീയ തലത്തില്‍ നടത്തിയ ശാസ്ത്ര കോണ്‍ഗ്രസില്‍ ലക്ഷദ്വീപിന്റെ പ്രോജക്റ്റിനായിരുന്നു അംഗീകാരം ലഭിച്ചത്. തെങ്ങിന്‍ ശര്‍ക്കരയും മീന്‍ അവശിഷ്ടങ്ങളും ഉപയോഗിച്ച് സസ്യലതാതികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ അമിനോ ആസിഡ് നിര്‍മ്മിക്കുന്ന, വമ്പന്‍ വ്യവസായിക-കാര്‍ഷിക പുരോഗമനത്തിന് സാധ്യത നല്‍കുന്ന പ്രോജക്റ്റ് ആണ് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധപിടിച്ചു പറ്റിയത്. സ്വര്‍ണ്ണം, വെള്ളി, വെങ്കല മെഡലുകള്‍ കരസ്ഥമാക്കിയാണ് ലക്ഷദ്വീപിന്റെ വിദ്യാഭ്യാസ തലസ്ഥാനമായ കല്‍പ്പേനി ഡോ. കെ.കെ. മുഹമ്മദ്കോയ ഗവണ്‍മെന്‍റ് സീനിയര്‍ സെക്കന്‍ററി സ്കൂളിലെ അഞ്ചംഗ കുട്ടി വിദ്യാര്‍ത്ഥികള്‍ അഭിമാന നേട്ടം കൈവരിച്ചത്. നിദ ഷെയ്ഖ്, നെസ്രീന നാസര്‍, ഖാലിയ ജലീല്‍, ഷാക്കിറ, ദാനിഷ് അക്തര്‍ തുടങ്ങിയവരാണ് ലക്ഷദ്വീപിന്റെ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തിയ ആ പേരുകള്‍. ഇവര്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് വലിയ പ്രചോദനമാണ് നല്‍കിയിരിക്കുന്നത്.

പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപുകളിലെ കുട്ടികളെ അന്താരാഷ്ട്രതലംവരെയെത്തിച്ചതില്‍ പ്രിയ അധ്യാപികയും ഗൈഡുമായ നസീമ ടീച്ചറും പ്രിന്‍സിപ്പിള്‍ സുബൈദ ടീച്ചറും നല്‍കിയ പ്രോല്‍സഹനം ഏറെ വിലപ്പെട്ടതെന്ന് കുട്ടികള്‍ പറയുന്നു. ലക്ഷദ്വീപ് ഭരണകൂടം സര്‍വ്വ സന്നാഹങ്ങളും നല്‍കി മുന്നോട്ട് വന്നു. വിദ്യാഭ്യാസ വകുപ്പും ലക്ഷദ്വീപ് എംപിയും ഇടപ്പെട്ടതോടെ കുട്ടികളുടെ യാത്ര എളുപ്പമായെന്ന് ശാസ്ത്രസാങ്കേതിക വകുപ്പ് എഞ്ചിനീയര്‍ എപി മാലിക് പ്രസ്താവിച്ചു.

കൊച്ചു പ്രതിഭകള്‍ക്കും കല്‍പേനി സ്കൂള്‍ അധികൃതര്‍ക്കും ദ്വീപ്ഡയറിയുടെ ഭാവുകങ്ങള്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY