DweepDiary.com | ABOUT US | Friday, 29 March 2024

"ജസരി എന്നൊരു ഭാഷയുമില്ല; സിനിമയില്‍ അവതരിപ്പിച്ച പോലെ ദ്വീപില്‍ തീവ്രവാദികള്‍ക്ക് അകപ്പെട്ടുപോവുന്ന സമൂഹവുമില്ല, സിനിമക്ക് ദേശീയ അവാര്‍ഡ് നല്‍കിയതിലും നിഗൂഡത" - ഡോ. മുല്ലക്കോയ

In main news BY Admin On 11 May 2018
കോഴിക്കോട്: മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ സന്ദീപ് പാമ്പള്ളിയുടെ ‘സിന്‍ജാര്‍’ എന്ന ചിത്രത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി ദ്വീപിലെ പ്രമുഖ എഴുത്തുകാരനും അധ്യാപകന്മായ ഡോ. മുല്ലക്കോയ രംഗത്ത്. ലക്ഷദ്വീപില്‍ ജസരി എന്ന പേരില്‍ ഒരു ഭാഷയില്ലെന്നും എന്നിട്ടും സിനിമ അങ്ങനേയുള്ള ഒരു ഭാഷയിലുള്ളതാണെന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ലക്ഷദ്വീപില്‍ ചിത്രീകരിച്ച ‘സിന്‍ജാര്‍’ മണ്ണടിഞ്ഞുപോവാനിടയുള്ള ജസരി ഭാഷയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന നിലയിലാണ് കേരളീയനായ സംവിധായകന്‍ പൊതുസമൂഹത്തില്‍ അവതരിപ്പിച്ചത്. ആ നിലയ്ക്ക് ‘സിന്‍ജാറി’ന് മാധ്യമശ്രദ്ധ ലഭിക്കുകയും ചെയ്തു. എന്നാല്‍, ലക്ഷദ്വീപില്‍ ജസരി എന്ന ഒരു ഭാഷയില്ലെന്നും മലയാളത്തിന്റെ ഉച്ചാരണഭേദങ്ങള്‍ മാത്രമാണ് മിനിക്കോയ് ഒഴിച്ചുള്ള മറ്റെല്ലാ ദ്വീപുകളിലുമുള്ളതെന്നും ലക്ഷദ്വീപിലെ മലയാള ഭാഷയില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടുകയും ലക്ഷദ്വീപിലെ നാടോടിക്കഥകളും നാടന്‍പാട്ടുകളും സമാഹരിച്ച് ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്ത ഡോ. മുല്ലക്കോയ പറഞ്ഞു. മാലദ്വീപുമായി അടുത്തുകിടക്കുന്ന മിനിക്കോയിയില്‍ മഹല്‍ ഭാഷയാണ് സംസാരിക്കുന്നത്. അതിനു ലിപിയുമുണ്ട്. ജസരി എന്ന ഭാഷ എവിടെയുമില്ല.

അറബിയിലെ ജസീറ എന്ന പദത്തിന് ദ്വീപ് എന്നാണ് അര്‍ഥം. അതില്‍ നിന്നു ദ്വീപിലെ മലയാള വകഭേദ ഭാഷയെ ദ്വീപുകാര്‍ ജസരി എന്നു വിളിക്കുന്നുണ്ടങ്കിലും അത് പുതിയൊരു ഭാഷയല്ല. അങ്ങനെ വരുത്തിത്തീര്‍ക്കാന്‍ നേരത്തേ തന്നെ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നു ഡോ. മുല്ലക്കോയ പറയുന്നു. ചില ദ്വീപിലെ എഴുത്തുകാര്‍ ലക്ഷദ്വീപ് മലയാളത്തിലെ ഉച്ചാരണഭേദങ്ങള്‍ രേഖപ്പെടുത്തി "ജസരി നിഘണ്ടു" ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആ ശ്രമങ്ങളൊന്നും വിജയിച്ചില്ല.

ലക്ഷദ്വീപില്‍ നിന്നു രണ്ടു സ്ത്രീകള്‍ ഐഎസില്‍ ആകര്‍ഷിക്കപ്പെട്ട് ഇറാഖിലെ സിന്‍ജാറില്‍ എത്തുന്നതുമായി ബന്ധപ്പെട്ട പ്രമേയമാണ് സിനിമയുടേത്. കുറ്റവാളികളില്ലാതെ ജയിലുകള്‍ പോലും അടച്ചിട്ടിരിക്കുന്ന ദ്വീപില്‍ ഇന്നുവരേ തീവ്രവാദ ചിന്തകളോ അതിലേക്ക് ആകര്‍ഷിക്കുന്ന സമൂഹമോ രൂപപ്പെട്ടിട്ടില്ല. സമാധാനപൂര്‍വം ജീവിച്ചുപോരുന്ന മുസ്‌ലിം സമൂഹമാണ് ലക്ഷദ്വീപുകളിലേത്. ദ്വീപ് ജീവിതവുമായി യാതൊരുതരത്തിലും ബന്ധമില്ലാത്ത ഐഎസ് തീവ്രവാദത്തെ പ്രസ്തുത പ്രദേശവുമായി കൂട്ടിക്കെട്ടി സിനിമ നിര്‍മിക്കുന്നതിനു പിന്നിലുള്ള നിഗൂഡ ലക്ഷ്യങ്ങളും തിരിച്ചറിയപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഈ ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു എന്നതും സംശയത്തിന് ഇട നല്‍കുന്നു. ലക്ഷദ്വീപ് നിവാസികളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നത് നീതീകരിക്കാവുന്നതല്ലെന്നും ഇപ്പോള്‍ കേരളത്തിലുള്ള ഡോ. മുല്ലക്കോയ പറഞ്ഞു.


കാസര്‍കോട്ടും മംഗലാപുരത്തുമുള്ള മുസ്ലിം സംസാരഭാഷയില്‍ എടുത്ത ബ്യാരി എന്ന സുവീരന്റെ സിനിമ ബ്യാരി ഭാഷയിലുള്ള ചിത്രം എന്ന നിലയില്‍ നേരത്തേ ദേശീയ സിനിമാ പുരസ്‌കാരം നേടിയതും വിവാദം സൃഷ്ടിച്ചിരുന്നു. മംഗലാപുരം ഭാഗത്ത് മുസ്ലിംകള്‍ക്കിടയിലുള്ള ആചാരങ്ങളെ പരിഹസിക്കുന്നതായിരുന്നു ചിത്രം. ബ്യാരി എന്നത് കാസര്‍കോട്ടെയും ദക്ഷിണ കന്നഡയിലെയും മുസ്‌ലിംകളുടെ വിളിപ്പേരാണ്. അവരുടെ സംസാരഭാഷയെ വേറിട്ടുനില്‍ക്കുന്ന ഒരു സമൂഹത്തിന്റെ പ്രത്യേക ഭാഷയായി അവതരിപ്പിച്ചതായിരുന്നു അന്നു വിവാദങ്ങള്‍ സൃഷ്ടിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY