DweepDiary.com | ABOUT US | Friday, 29 March 2024

യാത്ര മുടങ്ങിയ ലക്ഷദ്വീപ‌് ഉരുകൾ ഇന്ന‌് യാത്ര തിരിക്കും

In main news BY Admin On 27 April 2018
കോഴിക്കോട്: കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് യാത്രാനുമതി നിഷേധിക്കപ്പെട്ട ലക്ഷദ്വീപിലേക്കുള്ള ഉരുകൾ ബുധനാഴ്ച സർവീസാരംഭിച്ചു. ചൊവ്വാഴ്ച തന്നെ മൂന്ന് ഉരുകൾക്ക് ദ്വീപ് യാത്രയ‌്ക്കുള്ള അനുമതി പോർട്ട് ഓഫീസർ നൽകി. ബുധനാഴ്ച കൂടുതല്‍ ഉരുക്കള്‍ തുറമുഖം വിട്ടു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ജാഗ്രതാ നിർദേശം ലഭിച്ചതോടെയാണ് ദ്വീപിലേക്കുള്ള ഉരുക്കളുടെ യാത്ര തടഞ്ഞത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ലക്ഷദ്വീപിന്റെ തീരക്കടലിലുൾപ്പെടെ ശക്തമായ കാറ്റുണ്ട‌്. കൂടാതെ രണ്ടു മുതൽ മൂന്നു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കാനുമുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഉരുകൾക്ക് യാത്രാനുമതി നിഷേധിച്ചത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദ്വീപിലേക്ക് പുറപ്പെടേണ്ട പത്ത് ഉരുകൾ ചരക്കു കയറ്റി ബേപ്പൂർ തുറമുഖത്തുണ്ട്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ചരക്ക് കപ്പലുകള്‍ ഉപയോഗിച്ച് പൂര്‍ണമായും ദ്വീപിലെ ചരക്ക് നീക്കം സാധ്യമാവാറില്ല. അതിനാല്‍ ദ്വീപ് നിവാസികൾക്കാവശ്യമായ ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സർവസാധനങ്ങളും വൻകരയിൽ നിന്നാണെത്തിക്കുന്നത്. ഇതിൽ ഏറിയ പങ്കും ബേപ്പൂർ, മംഗലാപുരം തുറമുഖം വഴി ഉരു മാർഗമാണ് കൊണ്ടുപോകുന്നത്. പലചരക്ക്, പഴം, പച്ചക്കറി, സ്റ്റേഷനറി, വസ്ത്രം, പെട്രോൾ, ഡീസൽ തുടങ്ങിയവയ്ക്ക് പുറമെ നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ കമ്പി, സിമന്റ‌്, മണൽ, ഓട്, ഇഷ്ടിക, റൂഫിങ് ഷീറ്റുകൾ, മരത്തടി തുടങ്ങിയവയെല്ലാം ബേപ്പൂർ തുറമുഖം വഴി ഉരുവിൽ കയറ്റിപ്പോകുന്നുണ്ട്. ചെറുകിട മോട്ടോർ വാഹനങ്ങൾ, കന്നുകാലികൾ എന്നിവയും ഉരുവിൽ കയറ്റി അയക്കുക പതിവാണ്. ബേപ്പൂർ തുറമുഖത്തിന്റെ പ്രധാന വരുമാന സ്രോതസ്സ‌് കൂടിയാണ് ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം. ദ്വീപിൽ നിന്നും പ്രധാനമായും നാളികേരമാണ് ബേപ്പൂരിലെത്തിക്കുന്നത്. ചരക്കു നീക്കത്തിന്റെ മറവില്‍ കൂലി ഇനത്തില്‍ കടുത്ത ചൂഷണം നടക്കുന്നെങ്കിലും ആരും ദ്വീപിലെ കച്ചവടക്കാരെയും സാധാരണക്കാരേയും സഹായിക്കാനെത്താറില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY