DweepDiary.com | ABOUT US | Friday, 19 April 2024

ലക്ഷദ്വീപ് പോളിങ്ങ് ബൂത്തില്‍

In main news BY Admin On 14 December 2017
കവരത്തി(14.12.17):- അഞ്ചാമത് വില്ലേജ് ദ്വീപ് പഞ്ചായത്ത് തെരെഞ്ഞെടുപ്പിന്റെ പോളിങ്ങ് രാവിലെ 8 മണിക്ക് ആരംഭിച്ചു. പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ഇത് ആദ്യമായാണ് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന്‍ ദ്വീപുകളില്‍ ഉപയോഗിക്കുന്നത്. വോട്ടിങ്ങിനായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്ന ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വോട്ടിങ്ങ് വൈകുന്നേരം 5 ന് അവസാനിക്കും. 17-ാം തിയതിയാണ് വോട്ടെണ്ണല്‍ നടക്കുക.
ലക്ഷദ്വീപുകളിലെ ആകെ 88 വില്ലേജ് ദ്വീപ് പഞ്ചായത്തുകളിലേക്കും 26 ജില്ലാ പഞ്ചായത്തുകളിലേക്കുമാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. വില്ലേജ് ദ്വീപു പഞ്ചായത്തുകളില്‍ 32 ഉം ജില്ലാ പഞ്ചായത്തുകളില്‍ 9 ഉം സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. കൂടാതെ അഗത്തി, ആന്ത്രോത്ത്, അമിനി, ചെത്ത്ലത്ത് ദ്വീപുകളിലെ ചെയര്‍ പേഴ്സണ്‍ സ്ഥാനം വനിതകള്‍ക്കായിരിക്കും. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള കവരത്തി, ആന്ത്രോത്ത് ദ്വീപുകളില്‍ 12 വില്ലേജ് ദ്വീപ് പഞ്ചായത്തുകളും 4 ജില്ലാ പഞ്ചായത്തുകളുമുണ്ട്. ഏറ്റവും കുറവുള്ള ബിത്രയില്‍ 3 വില്ലേജ് ദ്വീപ് പഞ്ചായത്തുകളും 1 ജില്ലാ പഞ്ചായത്തുകളുമാണുള്ളത്. എന്‍.സി.പി, കോണ്‍ഗ്രസ്സ് , സി.പി.എം.സി.പി.ഐ, ബിജെ.പി, ജെഡിയു പാര്‍ട്ടികളാണ് മത്സരംഗത്തുള്ളത്.
നിലവിലെ ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത് എന്‍.സി.പിയാണ്. കൂടാതെ കവരത്തി, മിനിക്കോയി, അഗത്തി, കല്‍പേനി, അമിനി, ചെത്ത്ലത്ത് ദ്വീപുകളിലെ വില്ലേജ് ദ്വീപ് പഞ്ചായത്തുകളുടെ ഭരണവും എന്‍.സി.പിക്കാണ്. ആന്ത്രോത്ത്, കമത്ത്, കില്‍ത്താന്‍, ബിത്ര ദ്വീപുകളിലെ വില്ലേജ് ദ്വീപ് പഞ്ചായത്തുകളിലെ ഭരണം കോണ്‍ഗ്രസ്സിനാണ്. സി.പി.എം, ജെ.ഡി.യു, ബി.ജെ.പി പാര്‍ട്ടികള്‍ക്ക് ഈ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. എതായാലും അഞ്ചാമത് ജില്ലാ പഞ്ചായത്ത് ആരു ഭരിക്കുമെന്ന് കാണാന്‍ നമുക്ക് 17 വരെ കാത്തിരിക്കാം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY