DweepDiary.com | ABOUT US | Tuesday, 16 April 2024

ദ്വീപ് കേന്ദ്രങ്ങള്‍ കോഴിക്കോട് സർവ്വകലാശാലാ കോളേജുകളാക്കും എന്നാൽ പുതുച്ചേരി സർവ്വകലാശാലയുടെ കീഴിലാക്കാനും നീക്കം

In main news BY Admin On 14 August 2017
കോഴിക്കോട് (06/08/2017): ലക്ഷദ്വീപിലെ സര്‍വകലാശാലാ കേന്ദ്രങ്ങള്‍ പൂര്‍ണരീതിയില്‍ റഗുലര്‍ കോളേജുകളാക്കി മാറ്റുന്നതിന് സര്‍വകലാശാല ശ്രമംതുടരുന്നതായി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. ലക്ഷദ്വീപിലെ ഉപരിപഠന നയരൂപീകരണം സംബന്ധിച്ച ശില്‍പ്പശാല സര്‍വകലാശാലയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ദ്വീപ് സമൂഹങ്ങളുടെ സാംസ്കാരിക തനിമയും പൈതൃകവും കലകളും എല്ലാം നിലനിര്‍ത്തിക്കൊണ്ടുതന്നെ നവീന വിജ്ഞാനത്തിലേക്കും അതുവഴി അത്യാധുനിക ജീവിതസൌകര്യങ്ങളിലേക്കും ദ്വീപിലെ പുതുതലമുറ മുന്നേറേണ്ടതുണ്ട്. ഇതിനാവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്തലാണ് സര്‍വകലാശാല ലക്ഷ്യമാക്കുന്നത്.

ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി വയനാട്ടില്‍ സ്ഥാപിച്ചതാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്. തൊഴില്‍ കണ്ടെത്തുന്നതിന് സമഗ്ര പരിശീലനവും നല്‍കുന്ന ഈ പദ്ധതി വലിയ വിജയമായിട്ടുണ്ട്. സമാന ശ്രദ്ധ ലക്ഷദ്വീപിലെ വിദ്യാര്‍ഥികള്‍ക്കും നല്‍കുന്നതിന് സര്‍വകലാശാല സന്നദ്ധമാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. പഠന ഗവേഷണങ്ങള്‍ക്കായി സര്‍വകലാശാലയിലെ 15 അംഗ സംഘം ഏപ്രില്‍ 16 മുതല്‍ രണ്ടാഴ്ച ദ്വീപുകളില്‍ പര്യടനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ പ്രകാശനംചെയ്തു.

ലക്ഷദ്വീപിന്റെ സാംസ്കാരിക പൈതൃകം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ അലി മണിക്ഫാന്‍ പ്രഭാഷണം നടത്തി. വിഷന്‍ 2030-നെക്കുറിച്ച് സിന്‍ഡിക്കറ്റ് അംഗം കെ കെ ഹനീഫയും ദ്വീപിലെ ഗവേഷണ സാധ്യതകളെക്കുറിച്ച് ജേര്‍ണലിസം പഠനവകുപ്പ് മേധാവി ഡോ.എന്‍ മുഹമ്മദാലിയും വിശദീകരിച്ചു. പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി മോഹന്‍ അധ്യക്ഷനായി. ലക്ഷദ്വീപിലെ മിത്തുകളെക്കുറിച്ച് സിറാജ് കോയയും ലക്ഷദ്വീപിന്റെ ചരിത്രം ഹാജാഹുസൈനും വിശദീകരിച്ചു. ലക്ഷദ്വീപ് സെല്‍ ഡീന്‍ ഡോ. പി പി മുഹമ്മദ് സ്വാഗതവും കോര്‍ഡിനേറ്റര്‍ ടി എം ഹാരിസ് നന്ദിയും പറഞ്ഞു.

എന്നാൽ കേന്ദ്ര മാനവ ശേഷി വകുപ്പ് പുതുച്ചേരി കേന്ദ്ര സർവ്വകലാശാലയുടെ കീഴിലാക്കി കൂടുതൽ മെച്ചപ്പെട്ട ഉന്നത വിദ്യാഭ്യാസം നൽകാനുള്ള ചർച്ച നടന്നതായും റിപ്പോർട്ടുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY