DweepDiary.com | ABOUT US | Saturday, 20 April 2024

പ്രമുഖരുടെ ഈദ് സന്ദേശങ്ങള്‍

In main news BY Admin On 27 June 2017
"സ്നേഹവും സമാധാനവും കാത്തുസൂക്ഷിക്കുന്നതാവട്ടെ പെരുന്നാള്‍." ബഹുമാന്യ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ ഫറൂഖ് ഖാന്‍

പ്രിയപ്പെട്ട് ദ്വീപുനിവാസികളെ,
ചെറിയ പെരുന്നാള്‍ സുദിനത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് എല്ലാ നന്മകള്‍ നേരുന്നതോടൊപ്പം എന്റെ ഊഷ്മളമായ പെരുന്നാള്‍ ആശംസകള്‍ അറിയിക്കുന്നു.

സര്‍വ്വ ശക്തനായ അള്ളാഹുവിന് നാം അനുഷ്ടിച്ച നോമ്പും പ്രാര്‍ത്ഥനകളും സമര്‍പ്പണവും മൂലം നാം കൈവരിച്ച ജ്ഞാനവും കൊണ്ട് സര്‍വ്വരിലും സ്നേഹവും സമാധാനവും കാത്തുസൂക്ഷിക്കുവാന്‍ സര്‍വ്വ ശക്തനായ അള്ളാഹു നമ്മെ സഹായിക്കട്ടെ.
******



"മാനവരാശിക്കു നേരെയുള്ള കയ്യേറ്റങ്ങളെ മനുഷ്യത്വത്തിന്റെയും ആത്മീയതയുടെയും പക്ഷത്തു നിന്ന് പ്രതിരോധിക്കുവാനുള്ള പ്രതിജ്ഞ പുതുക്കാന്‍ ഈദ് ദിനം പ്രയോജനപ്പെടുത്തണം." ബഹുമാന്യ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

തത്തിന്റെയും ദേശീയതയുടെയും പ്രാദേശികതയുടെയും പേരില്‍ ആയുധമെടുത്ത മുഴുവന്‍ ഭീകരവാദികളോടും ആയുധം താഴെവെക്കാന്‍ പരിശുദ്ധിയുടെയും സന്തോഷത്തിന്റെയും ഈ ദിനത്തില്‍ ആവശ്യപ്പെടുന്നു. യുദ്ധരഹിതമായ പുതിയൊരു ലോകക്രമത്തിന് രാഷ്ട്രനേതാക്കള്‍ മുന്‍കൈയ്യെടുക്കണം. ഈദുല്‍ ഫിത്വര്‍ ഈടുറ്റ സാമൂഹിക ബന്ധങ്ങളുടെ സൃഷ്ടിപ്പിനുള്ളതാണ്. എല്ലാ ആഘോഷങ്ങളും മനുഷ്യരുടെ ഐക്യവും സമാധാനപൂര്‍ണമായ ജീവിതവുമാണ് ഉദ്‌ഘോഷിക്കുന്നത്. വേര്‍തിരിവുകള്‍ക്കതീതമായി സ്‌നേഹത്തിന്റെ പങ്കുവെപ്പുകള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്ന പൊതുഇടങ്ങള്‍ ഗ്രാമങ്ങളില്‍ പോലും ഇല്ലാതാവുകയാണ്. നഷ്ടമായികൊണ്ടിരിക്കുന്ന നമ്മുടെ പൊതുഇടങ്ങളെ തിരിച്ചുപിടിക്കാനുള്ള ജാഗ്രത്തായ ശ്രമങ്ങള്‍ക് പെരുന്നാള്‍ദിനത്തില്‍ അവസരം കാണണം. കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതിന്റെ വേദനപ്പിക്കുന്ന വാര്‍ത്തകളാണ് നാം റമളാനില്‍ പോലും കേട്ടത്. കൊച്ചുകുഞ്ഞുങ്ങളോടും വാര്‍ദ്ധക്യത്തിന്റെ അവശപര്‍വ്വം താണ്ടുന്ന മാതാപിതാക്കളോടും കൊടുംക്രൂരത ചെയ്യുന്നവരെ മനുഷ്യരായി കാണാനാവില്ല. ഇത്തരക്കാര്‍ വര്‍ദ്ധിക്കുന്നതില്‍ തകരുന്ന കുടുംബവ്യവസ്ഥയ്ക്കും മാറുന്ന സാമൂഹികശീലങ്ങള്‍ക്കും വലിയ പങ്കുണ്ട്.

കുടുംബസന്ദര്‍ശനങ്ങള്‍ നടത്തിയും സ്‌നേഹബന്ധങ്ങള്‍ ഊഷ്മളമാക്കിയും സാമൂഹിക - കുടുംബ ബന്ധങ്ങളെ പരിരക്ഷിക്കാന്‍ പെരുന്നാള്‍ദിനം പ്രത്യേകം സമയം കാണണം. രോഗങ്ങളാലും ദാരിദ്രത്താലും ദുരിതമനുഭവിക്കുന്നരെ സമാശ്വസിപ്പിക്കാനും പെരുന്നാളിന്റെ സന്തോഷം അവര്‍ക്കും ലഭ്യമാക്കാനും നാം ശ്രദ്ധിക്കണം.

ഈദുല്‍ ഫിത്വ്‌റിന്റെ ഭാഗമായി നല്‍കുന്ന ഫിത്വര്‍ സകാത്ത് കേവലമൊരു അനുഷ്ഠാനമല്ല. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള സാമൂഹികബന്ധം ശക്തിപ്പെടുത്തലാണ്. ഇത്തരത്തില്‍ ഈദിന്റെ ഓരോ അനുഷ്ഠാനവും സാമൂഹികബോധം ഉള്‍കൊള്ളുന്നവയാണ്. സ്വന്തത്തെ പുതുക്കിപ്പണിയാനും വിജയത്തിലേക്ക് നയിക്കാനുമുള്ള മഹത്തായ ജീവിതപാഠങ്ങള്‍ ആര്‍ജ്ജിച്ചവരുടെ ആഘോഷമാണ് ഈദുല്‍ ഫിത്വ്ര്‍. പൈശാചികതയെ കീഴടക്കി മാലാഖമാരുടെ വിശുദ്ധിയിലേക്കുയര്‍ന്ന മനുഷ്യരുടെ ആഹ്ലാദസുദിനം. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനം നല്ല ജീവിതത്തിനായുള്ള മികച്ച പരിശീലനമായിരുന്നു.

സമത്വം, സാഹോദര്യം, കാരുണ്യം, സാമൂഹിക ബോധം തുടങ്ങി സമാധാനജീവിതത്തിനാവശ്യമായ ആശയങ്ങളും സദ്ഗുണങ്ങളും പകരുന്നവയായിരുന്നു റമളാനിലെ ഓരോ കര്‍മങ്ങളും. ഈ മഹത്തായ പാഠങ്ങള്‍ തുടര്‍ജീവിതത്തിലും പ്രയോഗവത്കരിക്കുന്നതിലൂടെ ശാശ്വതവിജയവും സമാധാനവും നേടാനാകും. അതിനുള്ള സന്നദ്ധത വിളംബരം ചെയ്യുകയാണ് ആഘോഷത്തിലൂടെ ചെയ്യുന്നത്. നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെ ഈ സുദിനം ചൈതന്യവത്താക്കുക. അനുഗ്രഹങ്ങളില്‍ സ്രഷ്ടാവിനെ സ്തുതിച്ച്, വ്രതം പകര്‍ന്ന പരിശുദ്ധി നഷ്ടപ്പെടുത്താതെ നല്ല ജീവിതം നയിക്കാന്‍ നമുക്ക് കഴിയണം. നാഥന്‍ അനുഗ്രഹിക്കട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍. അല്ലാഹു അക്ബര്‍... വലില്ലാഹില്‍ ഹംദ്.
******



"ചുറ്റുപാടുകള്‍ എത്ര കറുത്തിരുണ്ടാലും വിശ്വാസി അവിടെ പ്രകാശമായി മാറണം."ബഹുമാന്യ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത പ്രസിഡണ്ട് (ചേളാരി)


ഒരു മാസം നീണ്ട പരിശ്രമത്തിലൂടെ നേടിയെടുത്ത ഹൃദയ നൈര്‍മല്യവും ധാര്‍മിക ശക്തിയും ദൈവഭയവും കൈമുതലാക്കി കുടുംബത്തോടും സമൂഹത്തോടും ഇടപെടാന്‍ വിശ്വാസികള്‍ക്ക് കഴിയണം.

ചുറ്റുപാടുകള്‍ എത്ര കറുത്തിരുണ്ടാലും വിശ്വാസി അവിടെ പ്രകാശമായി മാറണം. റമദാനെ ഹൃദയത്തില്‍ സ്വീകരിച്ച ഒരു വിശ്വാസിക്ക് പ്രപഞ്ചത്തോടും ജീവ ജാലങ്ങളോടും ക്ഷമ, സത്യസന്ധത, ഗുണകാംക്ഷ എന്നിവ കൈവിട്ട് ഇടപെടാനാവില്ല. സര്‍വ്വശക്തനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു വിശ്വാസിയില്‍ നിന്നും ഇസ്ലാമിന്‍റെ സൌന്ദര്യം സമൂഹത്തിന് അനുഭവിക്കാനാകും. അക്കാര്യം ഉറപ്പുവരുത്താന്‍ നമുക്ക് കഴിയണം. രാജ്യത്തെ ദലിതുകളും ന്യൂനപക്ഷങ്ങളും കടുത്ത പരീക്ഷണങ്ങള്‍ നേരിടുന്പോഴാണ് നാം പെരുന്നാള്‍ ആഘോഷിക്കുന്നത് എന്ന കാര്യം മറന്നു പോകരുത്. അകാരണമായി കൊല്ലപ്പെട്ടവരെയും ആക്രമിക്കപ്പെട്ടവരെയും അവരുടെ കുടുംബങ്ങളെയും, പെരുന്നാള്‍ ദിനത്തിലെ സര്‍വ്വ പ്രാര്‍ത്ഥനകളിലും ഓര്‍ക്കാന്‍ മറക്കരുത്. മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഹീനമായ ആക്രമണത്തില്‍ രക്തസാക്ഷിയായ ഹാഫിള് ജുനൈദിന് വേണ്ടി പള്ളികളില്‍ മയ്യിത്ത് നമസ്കരിക്കുക. ഒപ്പം അറബ് രാഷ്ട്രങ്ങള്‍ക്കിടയിലും ലോക രാഷ്ട്രങ്ങള്‍ക്കിടയിലുമുള്ള ഐക്യത്തിനും സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക.
വിശ്വാസത്തിന്‍റെ ചൈതന്യവും റമദാന്‍റെ നറുമണവുമുള്ളതാകട്ടെ ഇനിയുള്ള നമ്മുടെ ജീവിതമെന്ന് ആശംസിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY