DweepDiary.com | ABOUT US | Friday, 19 April 2024

ബംഗാരം കേന്ദ്രമാക്കി ലക്ഷദ്വീപ് ടൂറിസത്തിന് പുതിയ പദ്ധതികള്‍

In main news BY Admin On 18 March 2017
പത്തനംതിട്ട: ബങ്കാരം കേന്ദ്രമാക്കി ലക്ഷദ്വീപ് ടൂറിസത്തിനു പുതിയ പദ്ധതികള്‍. ബങ്കാരം ടൂറിസം ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയാണ് വിനോദസഞ്ചാര മേഖലയില്‍ ലക്ഷദ്വീപ് പുതിയ മേച്ചില്‍പ്പുറം തേടുന്നത്. സൊസൈറ്റി ഓഫ് പ്രമോഷന്‍ നേച്വര്‍ ടൂറിസം ആന്റ് സ്‌പോര്‍ട്‌സ് (സ്‌പോര്‍ട്‌സ്)നു കീഴിലാണ് പദ്ധതികള്‍ ക്രമീകരിച്ചിരിക്കുന്നത്. 100 ഏക്കറോളമാണ് ബങ്കാരം ദ്വീപിന്റെ വിസ്തൃതി. സമീപത്തെ ചെറുദ്വീപുകളായ തിണ്ണക്കര, പറളി-1, പറളി-2 എന്നിവയും ബങ്കാരം ടൂറിസത്തിനു കീഴില്‍ കൊണ്ടുവരുന്നതിനാണ് പദ്ധതികള്‍. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 30 കുടിലുകളാണ് താമസത്തിനായി ക്രമീകരിച്ചിരിക്കുന്നത്. 10 കുടിലുകള്‍ തിണ്ണക്കരയിലുമുണ്ട്. ഓല മേഞ്ഞ കുടിലുകളില്‍ എസിയോ ടിവിയോ ഒന്നുമില്ല. ഭക്ഷണം തയ്യാറാക്കുന്നതും വിളമ്പുന്നതുമെല്ലാം പരമ്പരാഗത ദ്വീപുശൈലിയില്‍. പാചകവും പൂര്‍ണമായി പ്രകൃതിദത്ത ശൈലിയില്‍. പാചകവാതകം ഉപയോഗിക്കില്ല. ശുദ്ധജലം നല്‍കാനുള്ള ക്രമീകരണമുണ്ട്. ബങ്കാരം ദ്വീപിലെ ജലത്തില്‍ സള്‍ഫറിന്റെ ചേരുവയുള്ളതിനാല്‍ ഇവ കുടിക്കാന്‍ യോഗ്യമല്ല. ബങ്കാരത്തേക്കെത്താന്‍ ജല-വ്യോമമാര്‍ഗങ്ങള്‍ മാത്രമാണ് ആശ്രയം. പ്രധാനമായും കൊച്ചി കേന്ദ്രീകരിച്ചാണ് ലക്ഷദ്വീപ് കാണാനെത്തുന്നവര്‍ യാത്ര ചെയ്യുന്നത്. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ് യാത്രയ്ക്കാവശ്യമായ രേഖകളെല്ലാം കൈവശമുണ്ടാവണം. കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് യാത്രാവിമാനമുണ്ട്. കപ്പലിലാണെങ്കിലും അഗത്തി വരെ എത്താനാവും. അഗത്തിയില്‍ നിന്നു ബങ്കാരത്തേക്ക് ആവശ്യമെങ്കില്‍ ഹെലികോപ്റ്റര്‍ ക്രമീകരിക്കും. അഗത്തി മുതല്‍ ബങ്കാരം വരെയുള്ള യാത്രയും താമസസൗകര്യവുമെല്ലാം സ്‌പോര്‍ട്‌സ് ക്രമീകരിക്കുമെന്ന് ലക്ഷദ്വീപ് ടൂറിസം ജനറല്‍ മാനേജര്‍ യൂസുഫ് കോയ പറഞ്ഞു. താമസത്തിന് രണ്ടു പേര്‍ക്ക് പ്രതിദിനം 15,000 രൂപയും നികുതിയുമാണ് ഈടാക്കുന്നത്. മറ്റു പാക്കേജുകളും സ്‌പോര്‍ട്‌സ് മുഖേന ലഭ്യമാണ്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ചെയര്‍മാനായ സ്‌പോര്‍ട്‌സ് സൊസൈറ്റി ലക്ഷദ്വീപ് ടൂറിസം ജനപ്രിയമാക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി സമുദ്ര പാക്കേജ് എന്ന പേരില്‍ മറ്റൊരു ടൂറിസം യാത്രയും ക്രമീകരിക്കുന്നുണ്ട്. മിനിക്കോയി, കല്‍പേനി, കവരത്തി ദ്വീപുകള്‍ കപ്പല്‍ മുഖേന സന്ദര്‍ശിക്കാന്‍ കഴിയുന്നതാണ് പദ്ധതി. ഇതേവരെ ലക്ഷദ്വീപ് ടൂറിസത്തിന് ഔേദ്യാഗിക മുഖമുണ്ടായിരുന്നില്ലെന്ന് ജനറല്‍ മാനേജര്‍ പറഞ്ഞു. ബങ്കാരം കേന്ദ്രീകരിച്ച് ഇതിനുള്ള ശ്രമം ആരംഭിച്ചതോടെയാണ് പുതുതലമുറയ്ക്ക് ജോലിസാധ്യത ഉള്‍പ്പെടെ ടൂറിസം രംഗത്തേക്കു കടക്കാന്‍ ഭരണകൂടം തീരുമാനിച്ചത്.
(കടപ്പാട്- തേജസ്.കോം)

SHARE YOUR FEEDBACK

RECENT IN THIS CATEGORY