DweepDiary.com | ABOUT US | Thursday, 25 April 2024

കണ്ണൂർ അഴിക്കൽ തുറമുഖത്ത് ലക്ഷദ്വീപ് മാര്‍ക്കറ്റിങ് ഫെഡറേഷൻ ഓഫിസ് ഉടനെ പ്രവർത്തനം ആരംഭിക്കും

In main news BY Admin On 20 September 2016
കണ്ണൂര്‍ (20/09/2016): ലക്ഷദ്വീപ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍െറ ബുക്കിങ് ഓഫിസ് അഴീക്കലില്‍ ഉടനെ തുടങ്ങാന്‍ ബന്ധപ്പെട്ടവര്‍ തത്വത്തില്‍ തീരുമാനിച്ചു. അതേസമയം നിശ്ചിത സമയത്തിനുള്ളില്‍ ഉരുവിന് നങ്കൂരമിടാവുന്ന വിധം അഴീക്കല്‍ തുറമുഖം ആഴം കൂട്ടാനുള്ള നടപടി ഇഴയുന്നതും മംഗളൂരു ബിസിനസ് ലോബി ലക്ഷദ്വീപില്‍ പുതിയ ഓഫറുകളുമായി രംഗത്ത് വരുന്നതായി മാധ്യമം ആരോപിക്കുന്നു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ലക്ഷദ്വീപ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എം.ഡിയുടെ നേതൃത്വത്തില്‍ ഉന്നത സംഘവും അഴീക്കല്‍ തുറമുഖം സന്ദര്‍ശിച്ചിരുന്നു. ഒക്ടോബറോടെ അഴീക്കലില്‍ കയറ്റിറക്കുമതി ചെയ്യാന്‍ ഫെഡറേഷന്‍ സന്നദ്ധമാണെന്ന് തുറമുഖ വകുപ്പിനെ അറിയിച്ചു. ലക്ഷദ്വീപില്‍ നിന്ന് ഇതുവരെയും വ്യക്തിഗത സ്ഥാപനങ്ങളല്ലാതെ കണ്ണൂരില്‍ കയറ്റിറക്കുമതി കരാര്‍ ഉണ്ടാക്കിയിരുന്നില്ല. കൊച്ചിയിലും ബേപ്പൂരിലും ഫെഡറേഷന് ഓഫിസുകളുണ്ട്. ഇവിടെ നിന്നാണ് ചരക്ക് ടെന്‍ഡര്‍ ക്ഷണിക്കുന്നതും കയറ്റിറക്കുമതി കരാര്‍ ഉറപ്പാക്കുന്നതും.

മംഗളൂരുവിലും ബേപ്പൂരിലുമാണ് ദ്വീപിലെ ഉരുക്കള്‍ ഇപ്പോള്‍ വന്ന് പോകുന്നത്. മത്സ്യവും തേങ്ങയും ഒഴികെയുള്ള പലചരക്ക് മുഴുവന്‍ ദ്വീപ് സമൂഹത്തിലേക്ക് കയറ്റുമതി ചെയ്യാം. ദ്വീപിലെ മികച്ചയിനം നാളികേരവും ഉത്തരമലബാറിലെ വെളിച്ചെണ്ണ മില്ലുകള്‍ക്ക് ഇറക്കുമതി ചെയ്യാനാവും. അതേസമയം, മംഗളൂരുവില്‍ നിലവില്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് പ്രത്യേകം നികുതി ഇളവും തുറമുഖ പ്രവേശ ഫീസ് സൗജന്യവും അനുവദിക്കുന്നുണ്ട്. അഴീക്കല്‍ തുറമുഖവുമായി ലക്ഷദ്വീപ് വ്യാപാര ഉടമ്പടി യാഥാര്‍ഥ്യമാവുന്നത് മംഗളൂരു ലോബിക്ക് അലോസരമാണ്. ഇത് മുന്നില്‍ കണ്ട് ഇപ്പോള്‍ തന്നെ പ്രലോഭനങ്ങളും തടസ്സവാദങ്ങളുമായി അവര്‍ രംഗത്തുണ്ടെന്നാണ് വിവരം. തുറമുഖത്തിന്‍െറ ആഴം നാലരമീറ്ററെങ്കിലും വേണമെന്ന നിബന്ധന ലക്ഷദ്വീപ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ വൃത്തങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അഴീക്കലില്‍ ഇപ്പോള്‍ മൂന്നര മീറ്റര്‍ ആഴമേ ഉള്ളൂ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY