DweepDiary.com | ABOUT US | Wednesday, 24 April 2024

ദ്വീപുകാരായ ആദ്യ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് എന്ന ബഹുമതി ഇനി ഇവര്‍ക്ക്

In main news BY Admin On 20 July 2016
കവരത്തി (20/07/2016): ഇന്ത്യ റിസര്‍വ്വ് ബറ്റാലിയന്‍ എന്ന അര്‍ദ്ധ സൈനിക വിഭാഗത്തിലൂടെ ഉയര്‍ന്ന തസ്തികയിലെത്തിയിരിക്കുകയാണ് ദ്വീപുകാരായ രണ്ട് ഉദ്യോഗസ്ഥര്‍. അമിനി സ്വദേശി കെ സലീം, ആന്ത്രോത്ത് സ്വദേശി എകെ മുഹമ്മദ് റഫീഖ് എന്നീ ഇന്‍സ്പെക്ടര്‍മാരാണ് സ്ഥാന കയറ്റത്തിലൂടെ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. ജൂണിലാണ് സ്ഥാനക്കയറ്റ ഉത്തരവില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ഒപ്പ് വെച്ചത്. രണ്ടു പേരും 1999 ഒക്ടോബര്‍ 18നാണ് സബ് ഇന്‍സ്പെക്ടര്‍മാരായി സേനയുടെ ഭാഗമാകുന്നത്. തുടര്‍ന്ന്‍ അതിര്‍ത്തി സംരക്ഷണ സേനയുടെ മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നിന്നും ഒരു വര്‍ഷത്തെ കഠിന പരിശീലനം പൂര്‍ത്തിയാക്കി. മദ്യപ്രദേശിലെ തന്നെ ജവര്‍ഹര്‍ലാല്‍ നെഹ്റു പോലീസ് അക്കാദമിയില്‍ മൂന്ന്‍ മാസത്തെ ഫീല്‍ഡ് പ്രാക്ടീസും പൂര്‍ത്തിയാക്കി സേവനമാരംഭിച്ചു. ഇടയ്ക്ക് ഹൈദരാബാദിലെ കേന്ദ്ര റിസര്‍വ് സേനയോടൊപ്പം (CRPF) രണ്ടു മാസത്തെ അറ്റാച്ച്മെന്‍റ് പരിശീലനത്തില്‍ ഏര്‍പ്പെട്ടു. രണ്ടു പേരും വ്യത്യസ്ത മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരാണ്. കനത്ത ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ രണ്ടു പേരും പ്രാപ്തരെന്നാണ് ഇവരുടെ സര്‍വീസ് രേഖകള്‍ സൂചിപ്പിക്കുന്നത്.

ബ്രണ്ണന്‍ കോളേജില്‍ നിന്നും ജന്തുശാസ്ത്രവും കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും എം‌ബി‌എ ബിരുദവും നേടിയ സലീമിനെ കാത്തിരുന്നത് രണ്ടു ഉദ്യോഗങ്ങളായിരുന്നു. അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്കും സബ് ഇന്‍സ്പെക്ടറും. സബ് ഇന്‍സ്പെക്ടറുടെ റോള്‍ തെരെഞ്ഞെടുത്ത അദ്ദേഹം സേനയില്‍ എന്‍റോള്‍ ചെയ്തു. അതിര്‍ത്തി സംരക്ഷണ സേനയിലെ പരിശീലനത്തിന് ശേഷം ബാംഗ്ലൂരിലെ ബി‌എസ്‌എഫ് അക്കാദമിയില്‍ നിന്നും ബി ഗ്രേഡോടെ D.I. (Drilling Instructor) കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സേനയിലെ മികച്ച ഓഫീസറായി പ്രശംസ പിടിച്ചു പറ്റിയ അദ്ദേഹത്തെ ആസാമിലെ അതിര്‍ത്തി സംരക്ഷണ സേനയുടെ കമാന്‍റോകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി അയച്ചു. ആ സമയം ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ പ്രത്യേക പരിശീലനത്തില്‍ ഏര്‍പ്പെട്ടു. 2011 മേയ് 13 നു ഇന്‍സ്പെക്ടറായി സ്ഥാനം കയറ്റം നല്കുന്നു.

ഗണിത ശാസ്ത്ര ബിരുദധാരിയായ മുഹമ്മദ് റഫീഖ് സലീമിനിടൊപ്പം 1999'ല്‍ സേനയുടെ ഭാഗമായി. കര സേനയ്ക്കൊപ്പം കമാന്‍ഡോ പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ ബോംബ് ഡിസ്പോസലില്‍ മികവ് തെളിയിച്ചിട്ടുണ്ട്. കൂടാതെ കോസ്റ്റ്ഗാര്‍ഡിനൊപ്പം തീരദേശ സുരക്ഷാ പരിശീലനാം കരസ്ഥമാക്കിയ അദ്ദേഹം സില്‍വാസ ലോക്കല്‍ പോലീസിന് ക്രമസമാധാന സംരക്ഷണത്തിനുള്ള പ്രത്യേക പരിശീലനം നല്‍കുന്നതിന് നേതൃത്വവും കൊടുത്തിട്ടുണ്ട്. പരിശീലന കാലയളവില്‍ മികച്ച ഷൂട്ടറിനുള്ള ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ദാമന്‍ ദിയുവിലെ കമ്പനി കമാന്‍ഡറുടെ ചുമതല വഹിക്കുകയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY