DweepDiary.com | ABOUT US | Thursday, 28 March 2024

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് സ്ഥാന ചലനം - ഡോ. റണ്‍ബീര്‍സിങ്ങ് പുതിയ അഡ്മിനിസ്ട്രേറ്റര്‍

In main news BY Admin On 24 June 2016
കവരത്തി (24/06/2016): ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ വിജയ്കുമാര്‍ ഐ‌എ‌എസിന് സ്ഥലം മാറ്റം. പകരം ഡല്‍ഹിയിലെ മിസോറാം ഹൌസിലെ റസിഡന്‍ഷ്യല്‍ കമ്മീഷണറായി സ്ഥലം മാറ്റിയ ഡോക്ടര്‍ റണ്‍ബീര്‍ സിങ്ങിന്‍റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്ത് ലക്ഷദ്വീപിന്‍റെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. പ്രധാനമന്ത്രിക്കും ബി‌ജെ‌പിക്കും എപ്പോഴും കനത്ത പ്രഹരമേല്‍പ്പിക്കുന്ന കേജ്രിവാള്‍ സര്‍ക്കാരിനെ അനുനയിപ്പിക്കാനാണ് ഈ സ്ഥലം മാറ്റമെന്ന് കരുതുന്നു. ഡല്‍ഹി സര്‍ക്കാരിന്‍റെ കണ്ണിലുണ്ണിയായ വിജയ്കുമാര്‍ ഡല്‍ഹി VAT കമ്മീഷ്ണറായിരിക്കുമ്പോയാണ് കേന്ദ്രസര്‍ക്കാര്‍ എ‌എ‌പിയുമായുള്ള ശീതസമരത്തിനിടെ ലക്ഷദ്വീപിലേക്ക് മാറ്റിയത്. ഇത് എ‌എ‌പി'ക്ക് കനത്ത ആഘാതമാണുണ്ടാക്കിയത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ബിരുദ വിഷയത്തിലും ലെഫ്റ്റനന്‍റ് ഗവര്‍ണറുമായുള്ള വടം വലിയും കേന്ദ്ര സര്‍ക്കാരിന് അപമാനമുണ്ടാക്കിയ സാഹചര്യത്തില്‍ കേജ്രിവാളിനെ അനുനയിപ്പിക്കാനാണ് ബി‌ജെ‌പിയുടെ ശ്രമം. അതിനായി വിജയ്കുമാറിനെ തിരിച്ച് കൊണ്ടുവരുന്നതിന് ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ ചീഫ് സെക്രട്ടറിയായി നിയമിച്ചാണ് കേന്ദ്രസര്‍ക്കാര്‍ അനുനയ ശ്രമം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്ത ലക്ഷദ്വീപുകാര്‍ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. ജനകീയനും എന്നാല്‍ നിയമപാലനത്തില്‍ കാര്‍ക്കശ്യക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായാണ് വിജയ്കുമാര്‍ ദ്വീപുകളില്‍ അറിയപ്പെട്ടിരുന്നത്. സ്ഥാനമേറ്റ് കുറച്ചുനാള്‍ക്കകം ഉദ്യോഗസ്ഥര്‍ക്കും ദ്വീപിലെ സാധാരണക്കാര്‍ക്കും പ്രിയങ്കരനായി മാറിയ അദ്ദേഹം ഉദ്യോഗസ്ഥ അകമ്പടികളും കവാത്തുകളും ഇഷ്ടപ്പെട്ടിരുന്നില്ല. നടപടിയില്ലാതെ ഫയല്‍ കുടുങ്ങിക്കിടക്കുന്നത് ഒരിയ്ക്കലും പൊറുത്തിരുന്നില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പരാതി പറയാനായി സാധാരണക്കാരന്‍ ഇംഗ്ലീഷോ ഹിന്ദിയോ പഠിക്കണ്ടെന്നും പകരം താന്‍ മലയാളം പഠിച്ചോളാമെന്നും തീരുമാനിച്ച ഈ ഡല്‍ഹിക്കാരന്‍ അതിനായി ഒരു മലയാളം അദ്ധ്യാപകനെ നിയമിക്കുകയും ചെയ്തിരുന്നു.

ജീവശാത്ര ഡോക്ടറും സര്‍ജനുമായ ഡോക്ടര്‍ റണ്‍ബീര്‍ സിങ്ങിന്‍റെ വരവ് ലക്ഷദ്വീപിലെ ആരോഗ്യ മേഖലയില്‍ കനത്ത മാറ്റം ഉണ്ടാകുമെന്നാണ് ലക്ഷദ്വീപ് നിവാസികളുടെ പ്രതീക്ഷ. അലങ്കോലമായി കിടക്കുന്ന ലക്ഷദ്വീപ് ആരോഗ്യ മേഖലയ്ക്ക് ശാസ്ത്രീയമായ അഴിച്ചു പണിയുണ്ടാകുമെന്നും നിരീക്ഷകര്‍ വിശ്വസിക്കുന്നു. 1991 ഐ‌എ‌എസ് ബാച്ച് ഉദ്യോഗസ്ഥനായ റണ്‍ബീര്‍ സിങ്ങ് ഹരിയാനയിലെ ഹസന്‍ഗാര്‍ഹ് സ്വദേശിയാണ്. നിലവില്‍ ഡല്‍ഹിയിലുള്ള മിസോറാം ഹൌസിന്‍റെ റസിഡന്‍ഷ്യല്‍ കമ്മീഷ്ണറാണ് അദ്ദേഹം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY