DweepDiary.com | ABOUT US | Thursday, 25 April 2024

അബ്ദുൽ റസാഖിന് വാണിജ്യശാസ്ത്രത്തിൽ ഗവേഷകബിരുദം

In job and education BY Atta koya On 17 July 2021
അഗത്തി: വാണിജ്യശാസ്ത്രത്തിൽ ഗവേഷണ ബിരുദം നേടിയതിന്റെ തിളക്കത്തിൽ അഗത്തി സ്വദേശി അബ്ദുൽ റസാഖ് മാഷ്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ ബാങ്കുകളുടെയും സാമ്പത്തിക പ്രകടനത്തെക്കുറിച്ചുള്ള ഗവേഷണത്തിനാണ് പിഎച്ച് ഡി. ഭാരതി ദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഗവേഷണ ബിരുദം സ്വന്തമാക്കിയത്. വർഷങ്ങളായി ദ്വീപിനു പുറത്ത് വിവിധ സ്ഥാപനങ്ങളിൽ കോളേജ് അധ്യാപകനായി പ്രവർത്തിച്ചുവരികയാണ് അദ്ദേഹം.

വയനാട് മുസ്ലിം ഓർഫനേജിലെ കൊമേഴ്സ് വിഭാഗം തലവൻ, കോയമ്പത്തൂർ സി എം എസ് കോളേജ് അസിസ്റ്റൻ്റ് പ്രഫസർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഇപ്പൊൾ തമിഴ് നാട്ടിലെ നീലഗിരി മുസ്ലിം കോളേജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് വിഭാഗത്തിലെ വകുപ്പ് മേധാവിയായി പ്രവർത്തിക്കുന്നു. ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം വളരെ പ്രയാസപ്പെട്ടാണ് ഉന്നത പഠനത്തിന് വൻകരയിലെത്തിയത്. കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ് കോളേജിൽ നിന്നും കൊമേഴ്സ് ബിരുദാനന്തര ബിരുദവും സുൽത്താൻ ബത്തേരിയിലെ കോഴിക്കോട് സർവ്വകലാശാല അധ്യാപക പരിശീലന കേന്ദ്രത്തിൽ നിന്നും ബിഎഡും സ്വന്തമാക്കി. 2008 മുതൽ വയനാട് മുസ്ലിം ഓർഫനേജ് കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി സേവനം ആരംഭിച്ചു. 2011ൽ കോയമ്പത്തൂരിലെ പ്രശസ്തമായ സി എം എസ് കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി സേവനം തമിഴ്നാട്ടിലേക്ക് മാറ്റി.

വാണിജ്യശാസ്ത്രത്തിൽ ലക്ഷദ്വീപിലെ ആദ്യ ഗവേഷണ ബിരുദവും അഗത്തി ദ്വീപിനായിരുന്നു. പുതുച്ചേരി കേന്ദ്ര സ൪വ്വകലാശാലയിലെ ലക്ഷദ്വീപ് സ്വദേശിയായ അസിസ്റ്റൻ്റ് പ്രൊഫസ൪ അബ്ദുൽ ഗഫൂറായിരുന്നു 2016 ൽ ഈ മേഖലയിൽ പിഎച്ച്ഡി കരസ്ഥമാക്കിയ ആദ്യ ലക്ഷദ്വീപുകാരൻ.

(നേരത്തെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആദ്യ കോമേഴ്‌സ് ഗവേഷകൻ അബ്ദുൽ റസാഖ് ആണെന്ന് തെറ്റായി പരാമർശിച്ചതിൽ ഖേദിക്കുന്നു.)

SHARE YOUR FEEDBACK

RECENT IN THIS CATEGORY