DweepDiary.com | ABOUT US | Tuesday, 23 April 2024

വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിരോധനം - ലക്ഷദ്വീപുകാര്‍ ജാഗ്രത പാലിക്കുക

In job and education BY Admin On 15 December 2016
ന്യൂഡല്‍ഹി (15/12/2016): ഇന്ത്യാ ഒട്ടാകെ വിദൂര വിദ്യാഭ്യാസ സമ്പ്രദായം വഴി വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്തു കച്ചവടം നടത്തുന്നവര്‍ക്കും അറിവ് നേടാതെ ബിരുദങ്ങള്‍ കരസ്ഥമാക്കുകയും അനര്‍ഹര്‍ പൊതു ഇടങ്ങളില്‍ തൊഴിലിന് യോഗ്യരെന്ന് അവകാശവാദമുന്നയിക്കുകയും ചെയ്തതോടെ യു‌ജി‌സി വന്‍ നിരോധനവുമായി രംഗത്ത്. നൂറുകണക്കിന് പ്രൈവറ്റ് സര്‍വ്വകലാശാലകള്‍ മുതല്‍ സംസ്ഥാന സര്‍വ്വകലാശാലകള്‍ക്ക് വരെ മെഗാ നിരോധനം ഏര്‍പ്പെടുത്തിയാണ് യു‌ജി‌സി നടപടികള്‍ ശക്തമാക്കിയത്. ഓസിനു ബിരുദം കരസ്ഥമാക്കി വിലസുന്ന ദ്വീപുകാരും സൂക്ഷിക്കുക. ലക്ഷദ്വീപുകാരുടെ പ്രിയപ്പെട്ട പെരിയാര്‍, ശോഭിത്ത്, ടെക്നോ ഗ്ലോബല്‍ തുടങ്ങിയവയും നിരോധന പട്ടികയില്‍ ഉണ്ട്. മലയാള മനോരമയുടെ അന്വേഷണ പരമ്പരയില്‍ കുടുങ്ങിയ തിരൂര്‍, തലശ്ശേരി ആസ്ഥാനമാക്കിയുള്ള വിദൂര വിദ്യാഭ്യാസ സ്ഥാപങ്ങള്‍ യു‌ജി‌സിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തിരൂരില്‍ ലക്ഷദ്വീപുകാരാണ് അധികവും അഡ്മിഷന്‍ എടുക്കുന്നത്. പ്രാക്ടീക്കല്‍, എഴുത്ത് പരീക്ഷ തുടങ്ങിയവയ്ക്ക് പോലും ഹാജരാകാതെയും ഇവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് വീട്ടിലെത്തിക്കുന്നു. കേന്ദ്രം സന്ദര്‍ശിക്കുന്ന സര്‍വ്വകലാശാല പരീക്ഷാ നിരീക്ഷകന് പണം നല്‍കി കണ്ണടയ്പ്പിക്കുന്നു. ദ്വീപ് ഡയറിയുടെ അന്വേഷണ സംഘം നടത്തിയ നാടകത്തിലും വന്‍ തട്ടിപ്പാണ് പുറത്തു വന്നത്.

ദ്വീപിലുള്ള ഏജന്റുമായി ഫോണില്‍ സംസാരിക്കുകയും പരീക്ഷയ്ക്ക് കേരളത്തില്‍ എത്താന്‍ ബുദ്ധിമുട്ടെന്ന് അറിയിക്കുകയും ചെയ്തപ്പോള്‍ പരീക്ഷ മറ്റൊരാള്‍ എഴുതിക്കൊള്ളുമെന്നും ഒരു പേപ്പറിന് 500 രൂപ വെച്ചു കൂടുതല്‍ അടച്ചാല്‍ മതിയെന്നും ഏജന്‍റ് മറുപടി നല്‍കി. അങ്ങനെ ബി‌എസ്‌സി ബോട്ടണിക്ക് മുപ്പത്തിനായിരത്തോളം രൂപ അടച്ചാല്‍ തപാല്‍ വഴി സര്‍ട്ടിഫിക്കറ്റ് വീട്ടിലെത്തും. കിട്ടിയതു വ്യാജനോ ഒറിജിനലോ എന്നറിയാന്‍ ഏജന്‍റ് പറഞ്ഞ റോള്‍ നമ്പര്‍ അടിച്ചു ശോഭിത്ത് സര്‍വ്വകലാശാലയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ചപ്പോള്‍ ഒന്നാം ക്ലാസോടെ സസ്യശാസ്ത്രം വിജയിച്ചിരിക്കുന്നതാണ് അറിയാന്‍ സാധിച്ചത്.

ലക്ഷദ്വീപില്‍ നിലനിന്നിരുന്ന അശാസ്ത്രീയമായ മെറിറ്റ് സമ്പ്രദായ നിയമനം അതിജീവിക്കാനായി അഭ്യസ്ത വിദ്യരായ ഒരുപറ്റം ചെറുപ്പക്കാരാണ് ഇതിന്റെ ആദ്യ ഇരകള്‍. എന്നാല്‍ ഇന്ന്‍ +2 കഴിഞ്ഞ നേരിട്ടു ഇത്തരം ബിരുദമെടുത്ത വൈജ്ഞ്ജാനികശകലമില്ലാത്ത തലമുറയാണ് അധികവും ദ്വീപില്‍ കണ്ടുവരുന്നത്. യു‌ജി‌സിയുടെ തീരുമാനം ലക്ഷദ്വീപിന് പുതിയ വെളിച്ചമുണ്ടാകുമെന്നത് തീര്‍ച്ച.

കേരളത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് മാത്രമാണ് അംഗീകാരം ഉള്ളത്. മാത്രമല്ല കേന്ദ്ര സര്‍വ്വകലാശാലകള്‍ ഒഴികെയുള്ള സംസ്ഥാന സര്‍വ്വകലാശാലകള്‍ക്ക് അവരുടെ പ്രദേശത്തിന് അപ്പുറത്ത് കേന്ദ്രങ്ങള്‍ ആരംഭിക്കാനോ മറ്റു പ്രദേശങ്ങളില്‍ വിദൂര വിദ്യാഭ്യാസം നല്‍കാനോ അധികാരമില്ല. സര്‍വ്വകലാശാല ആരംഭിച്ചത് മുതല്‍ വളരെ കാലമായി വിദൂര വിദ്യാഭ്യാസം നല്‍കി വരുന്ന അണ്ണാമല സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസം അങ്ങനെയാണ് അംഗീകാരം ഇല്ലാതായത്. യു‌ജി‌സിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തത്തിന് കര്‍ണാടക ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്കും അംഗീകാരം നഷ്ടമായി. അധ്യാപക കോഴ്സുകള്‍, സാങ്കേതിക കോഴ്സുകള്‍ എന്നിവയുടെ അംഗീകാരം യഥാക്രമം ദേശീയ അധ്യാപക വിദ്യാഭ്യാസ കൌണ്സില്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവരാണ് അംഗീകാരം നല്‍കുന്നത്. അല്ലാതെ നേടുന്ന ബിരുദങ്ങള്‍ അസാധുവും അവ കൊണ്ട് ജോലിയില്‍ പ്രവേശിച്ചവരെ കോടതിയെ സമീപിക്കുന്നതോടെ പുറത്താക്കുകയും ചെയ്യുന്നതാണ്. ഏതാണ്ട് രണ്ടു വര്‍ഷം മുമ്പ് ബഹുമാനപ്പെട്ട സുപ്രീം കോടതി നടത്തിയ നിരീക്ഷണം ഈ വാര്‍ത്തയോട് ചേര്‍ത്ത് വായിക്കുന്നത് നല്ലതായിരിക്കും. താന്‍ അറിയാതെ ചെതിയില്‍പ്പെട്ടതെന്ന വിദ്യാര്‍ത്ഥിയുടെ വാദം തള്ളിയ സുപ്രീം കോടതി മതിയായ വിദ്യാഭ്യാസം ഉണ്ടായിട്ടും സര്‍വകലാശാലയുടെ അംഗീകാരത്തെക്കുറിച്ച് അന്വേഷിക്കാതെ അഡ്മിഷന്‍ എടുത്തത് വിദ്യാര്‍ത്ഥിയുടെ കുറ്റമാണ് എന്നത് ജാഗ്രതയോടെ വേണം വിദ്യാര്‍ത്ഥി സമൂഹം കാണേണ്ടത്. ഏതായാലും കൈനനയാതെ മീന്‍പിടിക്കാനുള്ള പ്രക്രിയയില്‍ നിന്നും സാംസ്കാരിക ദ്വീപ് മാറി നില്‍ക്കുകയും സാക്ഷര ദ്വീപിന്‍റെ യഥാര്‍ത്ഥ വക്താക്കളായി പഠിച്ചു മുന്നേറാനും വരും തലമുറ തയ്യാറായില്ലെങ്കില്‍ നമ്മുടെ സ്ഥിതി ബീഹാറിനേക്കാള്‍ കഷ്ടമാകും തീര്‍ച്ച. ലക്ഷദ്വീപുകാര്‍ക്ക് യു‌ജി‌സി നേരിട്ടു നടത്തുന്ന IGNOU സര്‍വ്വകലാശാലയില്‍ സൌജന്യമായി ബിരുദമെടുക്കാനുള്ള സൌക്ര്‍യമുണ്ടായിട്ടും എന്തിന് വെറുതെ ഇരുമ്പഴി ചോദിച്ചു വാങ്ങണം?

1. വിദൂര വിദ്യാഭ്യാസ സര്‍വ്വകലാശാലകളുടെ ബിരുദങ്ങളുടെ അംഗീകാരം അറിയാന്‍ ക്ലിക്ക് ചെയ്യുക

2. അധ്യാപക ബിരുദങ്ങളുടെ അംഗീകാരം അറിയാന്‍ ക്ലിക്ക് ചെയ്യുക

3. സാങ്കേതിക ബിരുദങ്ങളുടെ അംഗീകാരം അറിയാന്‍ ക്ലിക്ക് ചെയ്യുക

SHARE YOUR FEEDBACK

RECENT IN THIS CATEGORY