DweepDiary.com | ABOUT US | Saturday, 14 December 2024

ബരക് (ചെറിയ ദ്വീപിലെ ചെറിയ വിശേഷങ്ങൾ)

In interview Special Feature Article BY Web desk On 17 October 2024
ആന്ത്രോത്ത്, കല്പേനി ദ്വീപുകളില്‍ പണ്ട് കൃഷി ചെയ്തിരുന്ന ഒരു ധാന്യമാണ് ബരക്.എന്താണ് ബരക്. ഇന്നത്തെ തലമുറയ്ക്കത് അജ്ഞാതമാണ്.ആന്ത്രോത്ത് ദ്വീപിന്‍റെ മദ്ധ്യഭാഗത്തുണ്ടായിരുന്ന കൃഷിപ്പാടത്ത് ബരക്, മുത്താറി , മധുരക്കിഴങ്ങ് എന്നിവ ധാരാളമായിത്തന്നെ ഉത്പാദിപ്പിച്ചിരുന്നു. ഇവ മറ്റു ദ്വീപുകളിലേക്ക് കൂടി കയറ്റി അയച്ചിരുന്നു എന്നറിയുമ്പോഴാണ് അതിന്‍റെ ധാരാളിത്തം മനസ്സിലാവുക.ഒരു കാലത്ത് ദ്വീപുകാരുടെ പ്രധാന ഭക്ഷ്യവസ്തുവായിരുന്നു ബരക്. പിന്നീടതിനെ ദ്വീപുകാര്‍ അവഗണിച്ചു.
എന്താണ് ബരക്? പണ്ട് ആന്ത്രോത്തിലും കല്പേനിയിലും മാത്രം കൃഷി ചെയ്തിരുന്ന ഒരു തരം ധാന്യം എന്നാണ് ജസരി ഭാഷാ നിഘണ്ടുവില്‍ പൂക്കുട്ടി മുഹമ്മദ്കോയ ഇതിനെക്കുറിച്ച് പറയുന്നത്. ദ്വീപില്‍ മുമ്പ് ഈ ധാന്യം കൃഷി ചെയ്തിരുന്നു എന്നാണ് ലക്ഷദ്വീപ് പ്രാദേശിക ഭാഷാ നിഘണ്ടുവില്‍ പറയുന്നത്. ദ്വീപിന്‍റെ മധ്യഭാഗത്തുള്ള വിസ്താരമേറിയ തോട്ടത്തില്‍ (വയലില്‍) വരക്,മുത്താറി,ചക്കരക്കിഴങ്ങ് മുതലായവ കൃഷിചെയ്യപ്പെടുന്നു എന്നാണ് ലക്ഷദ്വീപ് ചരിത്രം എന്ന കൃതിയില്‍ (1936) പി.ഐ.കോയക്കിടാവുകോയ മാസ്റ്റര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റെവിടെയും ഇതിനെക്കുറിച്ച് പരാമര്‍ശിച്ചതായി കാണുന്നില്ല. ചാമ എന്നാണ് ഇത് മലയാളത്തില്‍ അറിയപ്പെടുന്നത്.കോയക്കിടാവുകോയ മാസ്റ്ററുടെ പുസ്തകത്തില്‍ അതിന്‍റെ സൂചനയുണ്ട്.വരക് എന്ന പേരില്‍ അറിയപ്പെടുന്ന മറ്റൊരു ധാന്യം ഉണ്ട്.കോഡാ(കോഡോ)മില്ലറ്റ് എന്നപേരിലാണത് അറിയപ്പെടുന്നത്.ദ്വീപില്‍ ബരക് എന്നറിയപ്പെടുന്നത് ചാമ എന്ന ധാന്യത്തെയാണെന്നു വേണം കരുതാന്‍. Panicum sumatrense എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഒരു Little Millet ആണ് ചാമ.അതായത് ഒരു ചെറു ധാന്യം.പുല്ലരി എന്നും ഇതറിയപ്പെടുന്നു.അരി,ഗോതമ്പ്,ചോളം എന്നിവ പോലെ ഇതും ഒരു ഭക്ഷ്യ ധാന്യമാണ് . കുട്ടകി മില്ലറ്റ് എന്നും ഇതിന് പേരുണ്ട്.
ബി.സി.2700 മുതല്‍ ഏഷ്യയില്‍ ഇത് വളരുന്നുണ്ട്.കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലാണ് ഇത് വിതയ്ക്കാറ്.വര്‍ഷക്കാലത്തിന്‍റെ ആരംഭത്തിലാണ് ഇതിന്‍റെ വിതയ്ക്കല്‍.ഫലഭൂയിഷ്ടത കുറഞ്ഞ ലാറ്ററൈറ്റ് മണ്ണിലാണ് സാധാരണ ചാമ കൃഷിചെയ്യാറ്.വളപ്രയോഗമൊന്നും ഇതിന് ആവശ്യമില്ല. നിർബന്ധമാണെങ്കില്‍ ചാണകവും വെണ്ണീരും വളമായി ചേര്‍ക്കാവുന്നതാണ്.രണ്ട് മാസം കൊണ്ടുതന്നെ ഇത് മൂത്ത് പാകമാകും.വൃശ്ചികമാസത്തിലാണ് കൊയ്ത്ത്. ദ്വീപുകാര്‍ തള്ളിക്കളഞ്ഞതെങ്കിലും ചാമയരി അഥവാ പുല്ലരി ഇന്ത്യയിലുടനീളം വളരുന്നുണ്ട്.എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും ഭക്ഷിക്കാന്‍ പറ്റുന്ന ഒരു പരമ്പരാഗതമായ ധാന്യമാണ് ചാമ അഥവാ ബരക്.വളരെയധികം ഔഷധഗുണമുള്ള ഒരു ധാന്യമാണിത്.കഫം,പിത്തം,വിഷബാധ എന്നിവയ്ക്കൊക്കെ നല്ലതാണ്ചാമ. ദഹനം,പ്രതിരോധശേഷി എന്നിവ വര്‍ദ്ധിപ്പിക്കും.ഹൃദയത്തെ നന്നാക്കുന്നു.ജീവിത ശൈലികൊണ്ടുണ്ടാകുന്ന രോഗങ്ങളായ പ്രമേഹം,ബി.പി.,കൊളസ്ട്രോള്‍,എന്നീ രോഗങ്ങളുള്ളവര്‍ക്ക് ധൈര്യമായി ചാമയരി കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാം. പ്രോട്ടീന്‍, കാല്‍സ്യം,ഫോസ്ഫറസ്,ഇരുമ്പ്, തയാമീന്‍, നിയാസിന്‍ എന്നിവ ഈ ധാന്യത്തില്‍ അടങ്ങിയിരിക്കുന്നുണ്ട്.ഏതുതരം രോഗമുള്ളവര്‍ക്കും ധൈര്യമായി കഴിക്കാവുന്നതാണ് ചാമ.
അരിയാഹാരം കഴിച്ച് വണ്ണം കൂടുന്നു എന്ന് വ്യസനിക്കുന്നവക്ക് ചാമയരി നല്ലൊരു പ്രതിവിധിയാണ്. നല്ലവയെ എല്ലാം കടലിലെറിഞ്ഞ് അല്ലാത്തവയെയെല്ലാം വാരിപ്പുണര്‍ന്ന ദ്വീപുകാരന്‍റെ നഷ്ടവസന്തങ്ങളിലൊന്നാണ് ചാമയരി അഥവാ ദ്വീപുകാരുടെ ബരക് എന്ന് നിസ്സംശയം പറയാം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY