DweepDiary.com | ABOUT US | Saturday, 14 September 2024

ബെള്ളെ വലിപ്പ് (ചെറിയ ദ്വീപിലെ ചെറിയ വിശേഷങ്ങൾ)

In interview Special Feature Article BY Web desk On 28 August 2024
ബെള്ളെ വലിപ്പ് എന്ന പദം ഇന്നത്തെ തലമുറക്ക് അജ്ഞാതമാണ്. എന്താണ് ബെള്ളെ വലിപ്പ് എന്നറിയുവാന്‍ വേണ്ടി ലക്ഷദ്വീപിനെക്കുറിച്ചുള്ള നൂറുകണക്കിനു പുസ്തകങ്ങള്‍ പരതിനോക്കി. അത്രയും തന്നെ സോവനീറുകളും മാഗസിനുകളും പത്രങ്ങളും നോക്കി. അങ്ങനെയൊരു പദം തന്നെ കാണാന്‍ കഴിഞ്ഞിട്ടില്ല. ദ്വീപു ഭാഷാ പദങ്ങള്‍ ഉള്‍ക്കൊണ്ട രണ്ട് നിഘണ്ടുകള്‍ നോക്കി. അതിലും അങ്ങിനെയൊരു വാക്ക് കാണുന്നില്ല. ഹാര്‍ബര്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ ദീര്‍ഘകാലം ജോലി ചെയ്ത ഒരു എഞ്ചിനീയറെ കണ്ട് ചോദിച്ചു. ലക്ഷദ്വീപ് കടലില്‍ കപ്പലില്‍ വര്‍ഷങ്ങളായി ജോലിചെയ്യുന്ന ചിലരോട് ചോദിച്ചു. പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്‍റിലെ ചില ഉദ്യോഗസ്ഥരോടും ചോദിച്ചു. പക്ഷേ ഫലമുണ്ടായില്ല. അവരില്‍ ചിലര്‍ ആദ്യമായിട്ടാണ് പോലും ഇങ്ങിനെ ഒരു വാക്ക് കേള്‍ക്കുന്നത് തന്നെ.
എന്‍റെ നാട്ടുകാരനായ ക്യാപ്റ്റന്‍ പി. അബ്ദുള്ളക്കോയയാണ് അല്പം ചിലകാര്യങ്ങള്‍ പറഞ്ഞുതന്നത്. വടക്കുകിഴക്കായി നീണ്ടുകിടക്കുന്ന അഗത്തി, അമ്മേനി, ബിത്ര, ചേത്ത്ലാത്ത്, കവരത്തി, കല്‍പ്പേനി, കടമത്ത്, കില്‍ത്താന്‍, മിനിക്കോയി ദ്വീപുകള്‍ക്ക് വിപരീതമായി കിഴക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ദ്വീപാണ് ആന്ത്രോത്ത്. അവിടെയാണ് ബെള്ളെ വലിപ്പ് എന്ന ഒരു കടലൊഴുക്ക് അനുഭവപ്പെട്ടിരുന്നത്. ഉള്‍ക്കടലുകളില്‍ ഇത്തരം ചില ഒഴുക്കുകള്‍ ഉണ്ടാകാറുണ്ട്. കരയുടെ അകത്തേക്ക് കടല്‍ തള്ളി നില്‍ക്കുന്ന ഇത്തരം സ്ഥലങ്ങളെയാണ് ഏൗഹള എന്നറിയപ്പെടുന്നത്. ഗുജറാത്തിലെ ഗൾഫ് ഓഫ് കച്ച്, ഗൾഫ് ഓഫ് കേംബേയ് ,ഗൾഫ് ഓഫ് മന്നാർ, ഗൾഫ് ഓഫ് ഒമാൻ, ഗൾഫ് ഓഫ് ഏഡൻ, പേർഷ്യൻ ഗൾഫ് എന്നിവ ഉദാഹരണങ്ങള്‍.
ചിലയവസരങ്ങളില്‍ കടല്‍ അകത്തേക്ക് ഇരച്ചുകയറുകയും ഇടുക്കില്‍ ചുറ്റിക്കറങ്ങി തിരിച്ചിറങ്ങിപ്പോവുകയും ചെയ്യും. നീരൊഴുക്ക്, കടല്‍ വലിയല്‍, കടല്‍ചുഴലി, വെള്ളംവലിവ് (ബെള്ളെ വലിപ്പ് ), നീര്‍ച്ചാട്ടം, എന്നീ പേരുകളില്‍ എല്ലാം ഇത് പരാമര്‍ശിക്കപ്പെടുന്നുണ്ട്. അറബിക്കടലില്‍ അനുഭവപ്പെടുന്ന കാറ്റിന്‍റെ ഗതിയും സ്വഭാവവും അനുസരിച്ചാണ് ഇവിടെ കടല്‍ പ്രവാഹങ്ങള്‍ ഉണ്ടാകുന്നത്. ദ്വീപിനു ചുറ്റും സ്ഥിതിചെയ്യുന്ന പവിഴപ്പുറ്റിന്‍റെ ഉറച്ച പാറക്കൂട്ടമാണ് കടലില്‍ നിന്ന് ദ്വീപിനെ സംരക്ഷിക്കുന്നത്.ഈ പാറക്കൂട്ടത്തിന്‍റെ വിടവുകളാണ് നമ്മള്‍ അഴിമുഖങ്ങളായി ഉപയോഗിച്ചുവരുന്നത്.ദ്വീപിന്‍റെ പടിഞ്ഞാറ് വശത്തായിട്ടാണ് ഈ അഴിമുഖവും ബില്ലവും ഉണ്ടായിട്ടുള്ളത്.എന്നാല്‍ ആന്ത്രോത്ത് ദ്വീപില്‍ വടക്കു ഭാഗത്തായിട്ട് ചെറിയ ഒരു ബോട്ട് ഹാര്‍ബറാണ് ഉണ്ടായിരുന്നത്.ബില്ലം അവിടെ തീരെ ഉണ്ടായിരുന്നില്ല.ദ്വീപിനുചുറ്റുമുള്ള സംരക്ഷണകവചമായ പാറക്കൂട്ടം ഇവിടെ ഒരു ചെറിയ രീതിയില്‍ അകത്തേക്ക് തള്ളി നില്‍ക്കുന്നുണ്ട്, ഒരു ഉള്‍ക്കടല്‍ മാതൃകപോലെ.ഇവിടെയാണ് ഈ കടലിന്‍റെ തള്ളിക്കയറ്റം എന്ന ബെള്ളെ വലിപ്പ് ഉണ്ടായിരുന്നത് എന്നാണ് മനസ്സിലാക്കുവാന്‍ സാധിച്ചത്.ഈ തള്ളിക്കയറ്റത്തെയാണ് ബെള്ളെ വലിപ്പ് എന്നപേരില്‍ ആന്ത്രോത്ത് നിവാസികള്‍ വിളിച്ചുവന്നത്.1909ല്‍ ഒരിക്കല്‍ ഇവിടം പൊട്ടിപ്പൊളിഞ്ഞുപോയിരുന്നതായി പരിശോധനാ ഉദ്യോഗസ്ഥന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ബെള്ള എന്ന വാക്കിന് പൊതുവെ വെളുപ്പ് എന്നാണ് അര്‍ത്ഥം.കടലിലെ പാറയില്ലാത്ത വെളുത്ത സ്ഥലം എന്നും ഈ വാക്കിന് അര്‍ത്ഥമുണ്ട്.കല്ലോ പാറയോ ഇല്ലാത്ത ഇടുക്കില്‍ ഉണ്ടാകുന്ന കടല്‍വലിവ് എന്ന് അര്‍ത്ഥം കല്‍പ്പിക്കാം.ഇടുക്കില്‍ നിന്നും അല്ലെങ്കില്‍ ബില്ലത്തില്‍ നിന്നും അല്ലെങ്കില്‍ ഹാര്‍ബറില്‍ നിന്നും വെള്ളം ( ബെള്ളം ) വലിച്ചുപോകുന്നതാണ് ബെള്ളെ വലിപ്പ് എന്നും പറയാവുന്നതാണ്. ഏതായാലും ബെള്ളെ വലിപ്പ് ഒരുകാലത്ത് ആന്ത്രോത്ത്കാരുടെ ഉറക്കം കെടുത്തിയിരുന്ന ഒരു പ്രതിഭാസമായിരുന്നു എന്നു വേണം കരുതാന്‍. ഓടം,തോണി,മഞ്ചു,ബോട്ട്, തുടങ്ങിയ കടല്‍ വാഹനങ്ങള്‍ ഒന്നും തന്നെ അപ്പോള്‍ കടലില്‍ വിടുവാന്‍ സാധിക്കുകയില്ല.അവയെല്ലാം തകര്‍ന്നു തരിപ്പണമായിപ്പോകും.ചരക്കുകളുമായി വന്ന ഓടങ്ങള്‍ എല്ലാം തന്നെ ബെള്ളെ വലിപ്പുണ്ടായാല്‍ ചരക്കുകളോടെയും കുമ്പും പായും ഒന്നും അഴിച്ചുമാറ്റാതെയും അപ്പോള്‍ തന്നെ കരയിലേക്ക് വലിച്ചു കയറ്റിയിരുന്നതായി പഴയ ആളുകള്‍ പറഞ്ഞുകേട്ടിട്ടുണ്ട്.ആള്‍ക്കാര്‍ എല്ലാം സദാ ജാഗരൂകരായി കാത്തുനില്‍ക്കാറുമുണ്ടായിരുന്നുവത്രെ. 1936ല്‍ കല്‍പ്പേനിയിലെ പി.ഐ.കോയക്കിടാവു കോയ മാസ്റ്റര്‍ എഴുതിയ ലക്ഷദ്വീപ് ചരിത്രം എന്ന പുസ്തകത്തില്‍ ബെള്ളെ വലിപ്പിനെക്കുറിച്ച് പരാമര്‍ശിക്കുന്നത് കാണുക. ഇതിന്‍റെ ബില്ലം വടക്ക് ഭാഗത്തും മറ്റ് ദ്വീപുകളുടേത് പടിഞ്ഞാറ് ഭാഗത്തുമാണ്.ഈ ബില്ലത്തില്‍ ചിലപ്പോള്‍ വെള്ളം വലിവ് എന്ന് പറയപ്പെടുന്ന ഒരു നീര്‍ച്ചാട്ടം ഉണ്ടാകാറുണ്ട്.അപ്പോള്‍ ബില്ലത്തില്‍ കെട്ടിനിറുത്തിയ ഉരുക്കള്‍ക്ക് കേട്പറ്റുവാന്‍ സംഗതിയുള്ളത് കൊണ്ട് പെട്ടെന്ന് അവയെ കരക്കുകയറ്റി വെക്കേണ്ടിവരുന്നു.ചിലപ്പോള്‍ ചരക്കുകള്‍ നിറച്ചുവെച്ച അഞ്ചും പത്തും ഓടങ്ങള്‍ പെട്ടെന്ന് ചരക്കിറക്കി വലിച്ചുകയറ്റേണ്ടതായിവരുന്നു.ഈ വിഷയത്തില്‍ ജനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്പര സഹായവും ജാഗ്രതയും പ്രശംസനീയം തന്നെയാ ണ്.
കോയക്കിടാവ് കോയ മാഷ് തന്‍റെ പുസ്തകത്തില്‍ ബേളാപുരത്തെ ബഹളാപുരം എന്നും, ബെള്ളെ വലിപ്പിനെ ബെള്ളം വലിവ് എന്നും, പാണ്ടിയാലയെ പാണ്ടികശാല എന്നുമെല്ലാം മലയാളീകരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.ആദ്യകാലത്ത് വിദ്യാഭ്യാസം നേടിയവരെല്ലാം ഇങ്ങനെ ഒരു ശ്രമം നടത്തിയവരാണെന്ന് കാണാവുന്നതാണ്. ബെള്ളെ വലിപ്പ് കൊണ്ടുള്ള ദുരിതങ്ങള്‍ അവസാനിപ്പിക്കാനാണ് കോടിക്കണക്കിന് രൂപമുടക്കി ആന്ത്രോത്തില്‍ ബ്രേക്ക് വാട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്.മറ്റൊരു ദ്വീപിലും ഇല്ലാത്ത (09.08.2024 വരെ) ബ്രേക്ക് വാട്ടര്‍ ആന്ത്രോത്ത് ദ്വീപില്‍ മാത്രം എന്തിനു പണിതു എന്നുപോലും ഇന്നത്തെ തലമുറക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല.ബെള്ളെ വലിപ്പ് എന്ന കടല്‍ ഒഴുക്കിന്‍റെ ദുരിതം അത്രയും ഭീകരമായിരുന്നു എന്നുവേണം കരുതാന്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY