DweepDiary.com | ABOUT US | Wednesday, 06 November 2024

ചീരാണി (ചെറിയ ദ്വീപിലെ ചെറിയ വിശേഷങ്ങൾ)

In interview Special Feature Article BY Web desk On 21 August 2024
ചീരാണി എന്ന് കേട്ടപ്പോള്‍ ചീരണി എന്ന് ആരും തെറ്റിദ്ധരിക്കണ്ടാ.കേരവൃക്ഷം അഥവാ തെങ്ങ് കഴിഞ്ഞാല്‍ ലക്ഷദ്വീപില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന വൃക്ഷമാണ് ചീരാണി അല്ലെങ്കില്‍ പൂവരശ്. ചീലാന്തി, പില്‍വരശ്, പൂപ്പരുത്തി, എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.ചീലാന്തി എന്ന പേരില്‍ നിന്നായിരിക്കാം ചീരാണി എന്ന പേരുണ്ടായതെന്ന് അനുമാനിക്കാവുന്നതാണ്.പോര്‍ഷ്യാ ട്രീ (ജീൃശേമ ഠൃലല) എന്നാണ് ഇതിന്‍റെ ഇംഗ്ലീഷ് നാമം.ചെമ്പരുത്തിയുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന ചീരാണിയുടെ ശാസ്ത്രീയ നാമം തസ്പീസിയാ പോപുല്‍നീ(ഠവലുലെശെമ ജീുൗഹിലമ) എന്നാണ്. ലക്ഷദ്വീപ് കാരന്‍റെ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു വൃക്ഷമാണ് ചീരാണി.ലക്ഷദ്വീപിന്‍റെ ഈട്ടി മരമാണ് ചീരാണി എന്ന് വിശേഷിപ്പിക്കാവുന്നതാണ്.ചീരാണി മരം ജനല്‍, കട്ടിള, ജനല്‍ഷട്ടറുകള്‍, മറ്റ് ഫര്‍ണിച്ചറുകള്‍ എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്.ഇതിന്‍റെ തടി ചിതല് പിടിക്കാത്തത്കൊണ്ട് ഒരു കാലത്തും കേടുവരികയുമില്ല.എത്രകാലം വെള്ളത്തില്‍ ഇട്ടുവെച്ചാലും ചീത്തയാകാത്ത മരം എന്ന നിലയില്‍ കടല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഇത് ഉപയോഗിക്കുന്നു. ചീരാണി പൂവും കായും പൂമൊട്ടും മറ്റും പണ്ട് തോരണത്തിനു പകരമായി അലങ്കരിക്കാന്‍ ഉപയോഗിച്ചിരുന്നു.വര്‍ണ്ണക്കടലാസുകളുടേയും റെഡിമെയ്ഡ് തോരണങ്ങളുടേയും കടന്നുവരവോടെ മറ്റുള്ളവയെല്ലാം പുറന്തള്ളപ്പെട്ടു.വേലികെട്ടാനും ഷഡ്ഡ്കെട്ടാനും എല്ലാം ചീരാണിക്കമ്പുകള്‍ ആണ് ഉപയോഗിച്ചിരുന്നത്. ദ്വീപിന്‍റെ മധ്യഭാഗത്ത് വലിയ വൃക്ഷമായി വളരുന്ന ചീരാണി മരം കടപ്പുറം ഭാഗത്ത് അധികം ഉയരമില്ലാതെ കുറ്റിച്ചെടി കണക്കേയാണ് വളരുന്നത്.ആള്‍പാര്‍പ്പില്ലാത്ത തീരത്തോടടുത്ത ഭാഗങ്ങളില്‍ എല്ലാം നിറച്ചും കുറ്റിച്ചീരാണി വളര്‍ന്ന് കാടുപിടിച്ച് കിടന്നിരുന്നു.ഈ കുറ്റിക്കാട്ടിനുള്ളില്‍ കുട്ടികള്‍ കീ കൂ കാട്ടി മറഞ്ഞു പിടിക്കാനും കള്ളനും പോലീസും കളിക്കാനും എല്ലാം ഇടം കണ്ടെത്തിയിരുന്നു.കില്‍ത്താന്‍ ദ്വീപിന്‍റെ വടക്ക് ഭാഗത്തും ബിത്രയുടെ ചുറ്റുവട്ടത്തിലും ഇത്തരം കുറ്റിക്കാടുകള്‍ ഉണ്ടായിരുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്.
കടപ്പുറത്ത് വളരുന്ന ചെടികള്‍ വളര്‍ന്നു പന്തലിക്കുന്നത് കുടപോലെയാണ്.പച്ചക്കുട ചൂടിയതുപോലെയാണ് അതിന്‍റെ പ്രകൃതം.ഇതുമൂലം ഈ ചെടിക്ക് അമ്പ്രല്ലാ ട്രീ എന്ന ഒരു പേരും ലഭിച്ചിട്ടുണ്ട്.നല്ല തണുത്ത തണല്‍ നല്‍കുന്ന വൃക്ഷമാണ് ചീരാണി.എന്നും പച്ചവിരിച്ചു നില്‍ക്കുന്ന സസ്യംകൂടിയാണ് ചീരാണി. കടല്‍ക്കരയില്‍ വളരുന്ന ചീരാണി മരം വര്‍ഷക്കാലത്തെ കടല്‍ക്കാറ്റില്‍ ഇലയെല്ലാം പൊഴിച്ച് കളഞ്ഞ് ഉണങ്ങിയതുപോലെ നില്‍ക്കും.വര്‍ഷക്കാലം കഴിഞ്ഞയുടനെ തളിര്‍ത്ത് പച്ചപിടിക്കും.വിത്തുകള്‍ നട്ടും ശാഖകള്‍ വെട്ടി കുഴിച്ചിട്ടും ചീരാണി മരം മുളപ്പിക്കാവുന്നതാണ്.വൃക്ഷ ,ശാഖകളെ ദ്വീപില്‍ ഇല്ലി ,തക്ക് എന്നപേരുകളിലാണ് അറിയപ്പെടുന്നത്. കണ്ടല്‍ക്കാടുകളുടെ സഹസസ്യം കൂടിയാണ് ചീരാണി.മണ്ണൊലിപ്പ് തടയുവാനുള്ള ചീരാണിയുടെ കഴിവായിരിക്കാം തീരപ്രദേശങ്ങളില്‍ തിങ്ങിവളരുവാന്‍ അതിനെ പ്രേരിപ്പിക്കുന്നത്.സൃഷ്ടിപ്പിന്‍റെ പിന്നിലെ നമുക്ക് അറിയാത്ത ഓരോരൊ രഹസ്യങ്ങള്‍. ചീരാണി മരത്തിന്‍റെ പുറം തൊലി , ഇല എന്നിവ വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച ( ബേതു ഫുളുക്കല്‍ എന്ന് പേര്‍) വെള്ളം കൊണ്ട് ,ചൊറി , ചിരങ്ങ് , വിതര്‍ പോലെയുള്ള ചര്‍മ്മരോഗങ്ങള്‍ വന്നവരെ കുളിപ്പിച്ചിരുന്നു.ഇത് അവരുടെ രോഗങ്ങള്‍ ശമിപ്പിച്ചിരുന്നു. ചക്ക, പുളി, നൊച്ചില്‍ എന്നീ മരങ്ങള്‍ക്കും ചെടികള്‍ക്കും സമീപത്ത് വീട് പണിത് ചക്കയക്കീള്‍, പുളീനക്കീള്‍, നൊച്ചിലക്കീള്‍ എന്നെല്ലാം വീട്ടിന് പേരിട്ട ദ്വീപുകാര്‍ ദ്വീപില്‍ ഇത്രയധികം ചീരാണി മരങ്ങള്‍ ഉണ്ടായിട്ടും ആ മരങ്ങള്‍ക്കടുത്ത് ഒരുപാട് വീടുകള്‍ നിര്‍മ്മിച്ച് പാര്‍പ്പാരംഭിച്ചിട്ടും ആരും അവരുടെ വീടിന് ചീരാണി ചേര്‍ത്ത ഒരു പേരും നല്‍കിയിട്ടില്ല എന്നത് ഒരു വിരോധാഭാസമായി നില്‍ക്കുന്നു.
ദ്വീപുകാര്‍ക്ക് അറിയാത്ത ഒരു പാട് ആവശ്യങ്ങള്‍ ചീരാണി മരം കൊണ്ട് നിറവേറ്റപ്പെടുന്നുണ്ട്.കുപ്പയിലെ മാണിക്യം എന്ന് ചീരാണി മരത്തെ വിശേഷിപ്പിക്കാറുണ്ട്.ചില രാജ്യക്കാര്‍ക്ക് വളരെ പ്രധാനപ്പെട്ട മരമാണ് ചീരാണി. അവര്‍ അവരുടെ ഈട്ടി മരമായിട്ടാണ് കണക്കാക്കുന്നത്.ചീരാണി മരത്തിന്‍റെ കട്ടിയുള്ള തൊലി കോര്‍ക്ക് ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്നുണ്ട്. പെയിന്‍റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ടാനിന്‍ എന്ന പദാര്‍ത്ഥം ചീരാണി മരത്തിന്‍റെ തോലില്‍ നിന്നും വേര്‍തിരിച്ച് എടുക്കുന്നുണ്ട്.മരത്തിന്‍റെ കാതലില്‍ നിന്ന് ഗാര്‍ണൈറ്റ് റെഡ്, റെസിന്‍ എന്നിവ ലഭിക്കുന്നുണ്ട്.ചീരാണി മരത്തിന്‍റെ വിത്തില്‍ നിന്ന് ഫോസ്ഫോറിക് അമ്ലവും ലഭിക്കുന്നുണ്ട്. നമുക്ക് അറിയാത്ത ഒരു പാട് ഔഷധഗുണങ്ങള്‍ അടങ്ങിയ വൃക്ഷമാണ് ചീരാണി മരം. കൃമി കീടങ്ങള്‍ കടിച്ച ഭാഗത്ത് ചീരാീണി പൂവ് അരച്ച് തേച്ചാല്‍ മുറിവ് പെട്ടെന്ന് മാറിക്കിട്ടുന്നതാണ്.
നീരു വന്ന് സന്ധികളില്‍ ഉണ്ടാകുന്ന വേദനക്ക് ചീരാണി ഇല അരച്ച് ആവണക്കെണ്ണയില്‍ ചാലിച്ച് തേച്ചാല്‍ നീരുകള്‍ മാറി സന്ധിവേദനക്ക് ശമനമുണ്ടാകുന്നതാണ്. ത്വക്ക് രോഗങ്ങള്‍ക്ക് ശമനമുണ്ടാകാന്‍ ചീരാണി മരത്തിന്‍റെ തൊലിയിട്ട് ഉണ്ടാക്കുന്ന കഷായം ഉപകാരപ്പെടുന്നുണ്ട്. ചീരാണി മരത്തിന്‍റെ ഇല വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് ദിനേന കുടിക്കുന്നത് സ്ത്രീകളുടെ മാസമുറയില്‍ ഉണ്ടാകുന്ന കൃത്യതക്ക് പരിഹാരമാകുന്നതാണ്.ചീരാണി മരത്തിന്‍റെ ഇങ്ങനെയുള്ള അനേകം ഔഷധഗുണങ്ങള്‍ ആയൂര്‍വേദ വിജ്ഞാനത്തിലും നാട്ടറിവുകളായും ലഭിക്കുന്നുണ്ട്. പണ്ടുണ്ടായിരുന്ന പല വൃക്ഷങ്ങളും ചെടികളും വേററ്റുപോയിട്ടുണ്ടെങ്കിലും ചീരാണി മരം മാത്രം ഇന്നും പച്ചക്കുടചൂടി ദ്വീപിന് കുളിര്‍മയും തണലും മരതകകാന്തിയും പ്രധാനം ചെയ്ത് തല ഉയര്‍ത്തി നില്‍ക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY