DweepDiary.com | ABOUT US | Friday, 29 March 2024

മാട്ടൂലിന്റെ മനം കവർന്ന ലക്ഷദ്വീപുകാരി: ഫാരിഷാ ആബിദ്

In interview Special Feature Article BY P Faseena On 16 March 2023
ലക്ഷദ്വീപില്‍ നിന്നെത്തി മാട്ടൂലിന്റെ മരുമകളും നായികയുമായ സ്ത്രീശക്തിയാണ് ഫാരിഷാ ആബിദ്. ലക്ഷദ്വീപുകാരുടെ ഫാരിഷ ടീച്ചര്‍. ബാല്യംമുതലെ സന്നദ്ധ പ്രവര്‍ത്തനങ്ങളോട് തനിക്ക് വലിയ ഇഷ്ടമായിരുന്നുവെന്നും അത്ചിലപ്പോള്‍ തന്റെ മാതാവില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാകാം എന്നാണ് ഫാരിഷ ഒരു ചെറിയ ചിരിയോടെ പറയുന്നത്.
വിവാഹം കഴിഞ്ഞ് കുടുംബിനിയായി ജീവിതം മുന്നോട്ടുകൊണ്ടുപോകാം എന്ന് കരുതിയ ഫാരിഷയുടെ വഴികള്‍ അപ്രതീക്ഷിതമായാണ് വ്യത്യസ്തമാകുന്നത്. ഭര്‍ത്താവും ഗായകനുമായ ആബിദ് കണ്ണൂര്‍ തന്റെ പ്രിയതമയ്ക്ക് നല്‍കിയ സര്‍പ്രൈസുകളായിരുന്നു ജീവിതത്തില്‍ പിന്നിട്ട ഉയര്‍ച്ചയുടെ തുടക്കം.
ആന്ത്രോത്ത് പി.പി സയ്യിദ് ശൈഖ് കോയയുടെയും കെ. ഖൈറുന്നിസയുടെയും മകളാണ് ഫാരിഷ. മാപ്പിളപ്പാട്ട് ഗായകനായ ആബിദ് കണ്ണൂരിനെ വിവാഹം കഴിച്ചാണ് ഫാരിഷ മാട്ടൂലിലെത്തുന്നത്. തന്റെ വിദ്യാഭ്യാസം മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകണം എന്ന് ഭര്‍ത്താവ് ആബിദ് എപ്പോഴും ഫാരിഷയോട് പറയുമായിരുന്നു. 2011ല്‍ മാട്ടൂല്‍ സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയായി. ആബിദ് നല്‍കിയ സര്‍പ്രൈസ് കൂടിയായിരുന്നു ആ ജോലി. സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപക ഒഴിവു വന്നപ്പോള്‍ ഭാര്യയറിയാതെ ഭര്‍ത്താവാണ് ബയോഡാറ്റ അയച്ചു നല്‍കുന്നത്. ഇന്റർവ്യൂവിന് സ്‌കൂളില്‍ നിന്ന് വിളിക്കുമ്പോളാണ് ഫാരിഷ ഇക്കാര്യം അറിയുന്നത്. തുടര്‍ന്ന് മാട്ടൂല്‍ എം.യു.പി ഹിദായത്തുല്‍ ഹിഫ്ളുല്‍ ഖുര്‍ആന്‍, ഹിദായത്തുല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവയുടെ പ്രധാന അധ്യാപികയായി. 2017 ല്‍ ലൈവ് മാട്ടൂലിന്റെ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്ററായി. തുടര്‍ന്ന് ലൈവ് മാട്ടൂല്‍ ലേഡീസ് കോ ഓര്‍ഡിനേഷന്‍ വിങ് പ്രസിഡന്റായി. സ്ത്രീ ഉന്നമനത്തിനായാണ് ഈ കൂട്ടായ്മ തുടങ്ങിയത്. അതിന്റെ കീഴില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി.
ഇതിലൊന്നിലും ഒതുങ്ങി നില്‍ക്കാതെ ഇനിയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണം എന്നചിന്തയില്‍ വുമണ്‍ ഓഫ് വേര്‍ത്ത് എന്ന വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചു. പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ അതിലൂടെയായി. വനിതകള്‍ക്ക് അവരുടെ കഴിവുകള്‍ പുറത്തെടുക്കാനുള്ള ഒരിടംകൂടിയായി ഈ ഗ്രൂപ്പ്. ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചു തുടങ്ങിയത്. സ്വന്തമായി വരുമാനം കിട്ടിതുടങ്ങിയതോടെ ഒപ്പമുള്ള സ്ത്രീകളും സന്തോഷമായി. കൊറോണയും ലോക്ഡൗണും വില്ലനായെങ്കിലും തളരാന്‍ ഈ പെണ്‍ക്കൂട്ടം തയ്യാറായില്ല. ഓണ്‍ലൈന്‍ സാധ്യതകള്‍ വിപണനത്തിനായി കണ്ടെത്തി. ഇന്ന് നാട്ടിലെ കല്ല്യാണത്തിനും വിശേഷ ദിവസങ്ങളിലെ കേക്കിനും മറ്റെന്തിനും ഈ പെണ്‍ക്കൂട്ടത്തെയാണ് മാട്ടൂല്കാര്‍ ആശ്രയിക്കുന്നത്.
സി.എ.എ, എന്‍.ആര്‍.സി പ്രതിഷേധ പരിപാടികളിലും ഫാരിഷ പ്രസംഗിച്ചു. ഈ പ്രസംഗം കേട്ടാണ് ആദ്യമായി രാഷ്ട്രീയത്തിലേക്ക് ക്ഷണം വരുന്നത്. മാട്ടൂല്‍ ഒമ്പതാം വാര്‍ഡില്‍ നിന്ന് മുസ്ലീം ലീഗ് സ്ഥാനാർഥിയായി ജനവിധി തേടി. 514 വോട്ടുകള്‍ നേടിയ ഫാരിഷ 135 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റായപ്പോള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പാത കൂടിയാണ് ഫാരിഷടീച്ചര്‍ക്ക് ലഭിച്ചത്. സ്ത്രീകള്‍ക്കായ് പി.എസ്.സി കോച്ചിങ്, ടീച്ചേഴ്‌സ് ഫോറം, ഫോക്കസ് ഫോര്‍ട്ടീന്‍, അങ്ങനെ അനവധി മാറ്റങ്ങളും നേട്ടങ്ങളും മാട്ടൂലിന് ഫാരിഷ നേടിക്കൊടുത്തു.സ്ത്രീകള്‍ അംഗങ്ങളായുള്ള കേരളത്തിലെ ആദ്യത്തെ ബ്ലഡ് ബാങ്ക് ലൈവ് മാട്ടൂലിന്റെ കീഴിലാണ്.
എസ്.എം.എ എന്ന അപൂര്‍വ്വ രോഗം ബാധിച്ച മുഹമ്മദിന് 18 കോടി രൂപ എന്ന വലിയ തുക കണ്ടെത്താന്‍ മുന്നിട്ടിറങ്ങിയതിന് പിന്നിലും ഫാരിഷ ആബിദ് എന്ന ദ്വീപുകാരിയായിരുന്നു. റോള്‍ മോഡലായി കാണുന്ന നേതാവ് ലക്ഷദ്വീപ് മുന്‍ എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന പി.എം സഈദാണ്. തികഞ്ഞ ആത്മവിശ്വാസമാണ് ഫാരിഷയുടെ ഓരോ വാക്കുകളും. ആ അത്മവിശ്വാസമാണ് ഫാരിഷയുടെ ഓരോ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY