DweepDiary.com | ABOUT US | Saturday, 20 April 2024

പരിമിതികളുടെ പാരാവാരം താണ്ടി കുതിക്കുന്ന മുബസ്സിന

In interview Special Feature Article BY P Faseena On 28 October 2022
പവിഴപ്പുറ്റിന്റെയും പഞ്ചാരമണലിന്റെയും നാട്ടില്‍ നിന്ന് തോല്‍ക്കാത്ത മനസ്സുമായി ഒരു ദ്വീപുകാരി അതിവേഗം ട്രാക്കിലോടുകയാണ്. വിജയത്തിളക്കങ്ങളിലേക്ക്, കുന്നോളം കിനാക്കളുമായി. ലക്ഷദ്വീപ് എന്ന കൊച്ചു കേന്ദ്രഭരണ പ്രദേശത്തെ ഇന്ന് ലോകത്തിന്റെ തന്നെ ശ്രദ്ധയില്‍പെടുത്താന്‍ മിനിക്കോയില്‍ നിന്നുള്ള മുബസ്സിന മുഹമ്മദ് എന്ന 16 കാരിക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. വിജയം പരിമിതികളുടെ ഇടയില്‍ നിന്നാകുമ്പോള്‍ അതിന്റെ മാറ്റ് കൂടും. കുവൈത്തില്‍ നടന്ന 18 വയസ്സിനു താഴെയുള്ളവരുടെ അന്താരാഷ്ട്ര കായികമേളയില്‍ ലോങ് ജമ്പിലും ഹെപ്റ്റാതലണിലും വെള്ളി നേടിയിരിക്കുകയാണ് മുബസ്സിന. ലക്ഷദ്വീപിന് ആദ്യ ദേശീയ, അന്താരാഷ്ട്ര മെഡലുകള്‍ ലഭിച്ചിരിക്കുന്നത് മുബസ്സിനയിലൂടെയാണ്. ഇന്ത്യന്‍ കായിക മേഖലയില്‍ ലക്ഷദ്വീപിനെ സ്വര്‍ണമായും വെള്ളിയായും അടയാളപ്പെടുത്താന്‍ മുബസ്സിനക്ക് കഴിഞ്ഞു.
കുട്ടിക്കാലം മുതല്‍ മുബസ്സിനക്ക് സ്‌പോര്‍ട്‌സില്‍ താല്‍പര്യമുണ്ട്. അവളുടെ ഓരോ ചലനങ്ങളില്‍ നിന്നും അത് ആദ്യം തിരിച്ചറിഞ്ഞത് അവളുടെ ഉമ്മ ദുബീന ഭാനുവാണ്. ഉപ്പ മുഹമ്മദായിരുന്നു ആദ്യ കോച്ച്. സ്‌പോര്‍ട്‌സിനോട് കമ്പമുള്ള കുടുംബമായതിനാല്‍ തരണം ചെയ്യാന്‍ വീട്ടുകാരുടെ എതിര്‍പ്പുകള്‍ ഇല്ല. പക്ഷെ അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നത് ലക്ഷദ്വീപിന്റെ പരിമിതികളാണ്. എന്നാല്‍ ഏത് പരിമിതികളെയും തരണം ചെയ്യാന്‍ തോറ്റുകൊടുക്കാത്ത മനസ്സ് മാത്രം മതി എന്ന് അക്ഷരാര്‍ഥത്തില്‍ തെളിയിച്ചിരിക്കുകയാണ് മുബസ്സിനയും കോച്ച് അഹമ്മദ് ജവാദും.
ജയിക്കാനുള്ള വാശിയും തോല്‍ക്കാത്ത മനസ്സുമാണ് ഊര്‍ജമെങ്കിലും മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ക്ക് കൂടിയാണ് ചിറകേകി അവള്‍ ട്രാക്കില്‍ മുന്നേറുന്നത്. ഉപ്പയോടൊപ്പം മുബസ്സിന വളരെ ചെറുപ്പത്തില്‍ മാരത്തണുകളില്‍ പങ്കെടുക്കുമായിരുന്നു. രണ്ട് പേരേയും രാവിലെ വിളിച്ചെഴുന്നേല്‍പിച്ച് പ്രഭാതഭക്ഷണമെല്ലാം ഒരുക്കി കൃത്യസമയത്ത് ഉമ്മ ദുബീന പറഞ്ഞയക്കും. ഒരുപാട് പഠിക്കണമെന്നും കായികമത്സരങ്ങളില്‍ പങ്കെടുത്ത് ഏറെ മുന്നേറണം എന്നും ആഗ്രഹമുള്ളവരായിരുന്നു മുബസ്സിനയുടെ മാതാപിതാക്കള്‍. എന്നാല്‍ ജീവിതത്തിന്റെ കഠിനപാതയില്‍ അതൊന്നും സാധിച്ചില്ല. ഇന്ന് അതെല്ലാം മകളിലൂടെ നേടുമ്പോള്‍ സന്തോഷം മാത്രമാണ്. തുടക്കത്തില്‍ ലക്ഷദ്വീപില്‍ നടക്കുന്ന ഇന്റര്‍ ജേ.ബി മത്സരങ്ങളില്‍ പങ്കെടുത്ത് അതിലെല്ലാം മുബസ്സിന ഒന്നാമത് എത്തുന്നത് കണ്‍നിറയെ കണ്ട് സന്തോഷിച്ചിരുന്നു അവരിരുവരും. മകള്‍ മത്സരിക്കുന്നത് ഗാലറിയിലിരുന്ന് കാണുമ്പോള്‍ എന്നും അഭിമാനമായിരുന്നുവെന്ന് ദുബീന ഭാനു പറയുന്നു. ദ്വീപില്‍ ഏത് മത്സരം നടന്നാലും ഏത് കുട്ടികളുടെ ഉമ്മമാര്‍ വന്നില്ലെങ്കിലും മുബസ്സിനയുടെ ഉമ്മ ഗാലറിയില്‍ എത്തിയിട്ടുണ്ടാകും. ദിവസവേതനത്തിന് ജോലി ചെയ്യുന്ന ഉപ്പയുടെയും, മിനിക്കോയില്‍ തന്നെ സ്വന്തമായി ചെറിയ ഒരു ടെക്സ്‌റ്റൈല്‍സ് നടത്തുന്ന ഉമ്മയുടെയും വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. മുബസ്സിനയുടെ പരിശീലന സൗകര്യത്തിന് വേണ്ടി മിനിക്കോയില്‍ നിന്ന് കവരത്തിയിലെ വാടകവീട്ടിലേക്ക് താമസം മാറിയതിനാല്‍ ഇപ്പോള്‍ ടെക്സ്റ്റയില്‍സ് തുറക്കാറില്ല. ഉമ്മതന്നെയാണ് മുബസ്സിനയുടെ ലോകം.
മാരത്തണിലെ ദീര്‍ഘമേറിയ ഓട്ടങ്ങള്‍ മുബസ്സിനയിലെ അത്‌ലറ്റിനെ വാര്‍ത്തെടുക്കുന്നതില്‍ ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട്. സമ്മാനങ്ങള്‍ കിട്ടിയാലും ഇല്ലങ്കിലും ഒന്നാംക്ലാസ് മുതല്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു. ''മത്സരങ്ങളില്‍ പങ്കെടുക്കുക എന്നതാണ് പ്രധാനം, സമ്മാനങ്ങള്‍ കിട്ടുന്നുണ്ടോ ഇല്ലയോ എന്നത് പിന്നീട്. എന്നാലും തോല്‍ക്കാന്‍ പാടില്ല, നമ്മള്‍ നമ്മുടെ സാന്നിധ്യം അടയാളപ്പെടുത്തണം'', ഉമ്മ ദുബീന ഭാനു പറയുന്നു.
മിനിക്കോയ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആറില്‍ പഠിക്കുമ്പേളാണ് മുബസ്സിന ആദ്യമായി ദേശീയ മീറ്റില്‍ പങ്കെടുക്കുന്നത്. പൂനയില്‍ വെച്ചായിരുന്നു മത്സരം. സ്പോര്‍ട്സ് ഗൗരവമായി എടുക്കുന്നത് ഒമ്പതില്‍ പഠിക്കുമ്പോള്‍. ഒമ്പതിലെ പഠനം മിനിക്കോയ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലും ആന്ത്രോത്ത് സ്‌കൂളിലുമായിട്ടായിരുന്നു. അക്കാലത്ത് പരിമിതമായിട്ടാണെങ്കിലും ആന്ത്രോത്തിലെ സായി സെന്ററില്‍ പരിശീലനത്തിന് സാധിച്ചു. പരിശീലനത്തിനാണ് ഇങ്ങനെ പകുതി പകുതിയായി പഠിക്കേണ്ടി വന്നതും. ഹോസ്റ്റല്‍ സൗകര്യമില്ലാത്ത ലക്ഷദ്വീപില്‍ വളരെ ബുദ്ധിമുട്ടിയാണ് മുബസ്സിന പരിശീലനം നടത്തുന്നതും എന്നിട്ടും പല ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ വിജയിയാകുന്നതും. ലക്ഷദ്വീപില്‍ നിന്നുള്ള ജാമിയ അബ്ദുല്‍ ജലീല്‍, മുഹമ്മദ് കാസിം, അഹമ്മദ് ജവാദ് ഹസ്സന്‍, മലബാര്‍ സ്‌പോര്‍ട്‌സ് അക്കാഡമിയിലെ ടോമി ചെറിയാന്‍ എന്നീ കോച്ചുമാരുടെ കീഴില്‍ മുബസ്സിന പരിശീലനം നേടിയിട്ടുണ്ട്. കോച്ച് ജവാദിനെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്.
ആദ്യമെഡല്‍ ലഭിക്കുന്നത് അഞ്ചില്‍ പഠിക്കുമ്പോഴാണ്. മിനിക്കോയ് ദേശീയ ഫെസ്റ്റിലെ മാരത്തണില്‍ പങ്കെടുത്ത് സ്വര്‍ണമെഡല്‍ നേടി. 2015, 2016, 2018 വര്‍ഷങ്ങളില്‍ മിനിക്കോയ് ദേശിയ ഫെസ്റ്റില്‍ പങ്കെടുത്ത് തുടര്‍ച്ചയായ സ്വര്‍ണ വേട്ടയായിരുന്നു. 2013ലെ ഇന്റര്‍ ജൂനിയര്‍ ബേസിക് സ്‌കൂള്‍ കായികമേളയില്‍ ലോങ് ജംമ്പ്, 4x100 മീറ്റര്‍ റിലേയില്‍ സ്വര്‍ണമെഡല്‍, 400 മീറ്റര്‍ സ്പ്രിന്റില്‍ വെള്ളിമെഡല്‍ നേടി അത്‌ലറ്റിക്‌സിലെ ജൈത്രയാത്രക്ക് തുടക്കം കുറിച്ചു. 2021-22 കളിലായി 65 ആമത് കോഴിക്കോട് ജില്ല സീനിയര്‍ ആന്‍ഡ് ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി അത്‌ലറ്റിക്‌സില്‍ ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യസ്വര്‍ണമെഡല്‍ ജേതാവായി മാറി. ദക്ഷിണമേഖല ദേശീയ അത്‌ലറ്റിക് മീറ്റില്‍ ലോങ് ജംമ്പില്‍ വെങ്കലമെഡല്‍ കരസ്ഥമാക്കി. 2021-22ല്‍ തന്നെ ഫ്രാന്‍സിലെ നോര്‍മണ്ടിയില്‍ 19ആമത് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ വേള്‍ഡ് സ്‌കൂള്‍ ജിംനാസ്റ്റികില്‍ ഇന്ത്യക്ക് വേണ്ടി ട്രാക്കിലിറങ്ങി. ആന്ധ്രാപ്രദേശില്‍ നടന്ന സൗത്ത് സോണ്‍ ജൂനിയര്‍ അത്‌ലറ്റിക് മത്സരത്തിലും ഭോപ്പാലില്‍ നടന്ന പതിനേഴാമത് നാഷണല്‍ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ലോങ് ജമ്പ്, ഹെപ്റ്റാതലണ്‍ എന്നിവയിലായി നാല് സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിമില്‍ രണ്ട് വെള്ളി. മുബസ്സിന പൂനെ, ആന്ധ്രാപ്രദേശ്, ഭോപ്പാല്‍, മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ ദേശീയ മീറ്റിനായി ഇതിനോടകം പോയിട്ടുണ്ട്. ഇത്രയും നേട്ടം മുബസ്സിന നേടിയത് ആധുനിക പരിശീലന സൗകര്യങ്ങളൊന്നുമില്ലാത്ത, ഒരു സിന്തറ്റിക്ക് ട്രാക്ക് പോലുമില്ലാത്ത കടല്‍നടുവിലെ തുരുത്തില്‍ നിന്നാണെന്നോര്‍ക്കണം. മഡ് ട്രാക്കില്‍ നിന്നാണ് മുബസ്സിനയുടെ വര്‍ക്കൗട്ടും പരിശീലനവുമെല്ലാം.
ഭോപ്പാലിലെ യൂത്ത് മീറ്റിനും ആന്ധ്രാപ്രദേശിലെ സൗത്ത് സോണ്‍ മീറ്റിനും ഇടയില്‍ വെറും പത്ത് ദിവസംകൊണ്ടാണ് മുബസ്സിന നാല് സ്വര്‍ണമെഡലുകള്‍ നേടിയത്. അത് വേറിട്ടൊരു അനുഭവമായിരുന്നെന്ന് മുബസ്സിന പറയുന്നു. ആന്ധ്രാപ്രദേശില്‍ നടന്ന സൗത്ത് സോണില്‍ മെഡല്‍ അടിക്കും എന്നത് ഉറപ്പായിരുന്നു. എന്നാല്‍ ഭോപ്പാലിലെ നാഷണല്‍ യൂത്ത് അത്ലറ്റിക് മീറ്റ് അങ്ങനെ ആയിരുന്നില്ല. മെഡല്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല. ലോങ് ജമ്പില്‍ എതിരാളികള്‍ ഇല്ല എന്ന് കേട്ടപ്പോള്‍ സന്തോഷമായിരുന്നു, ലാസ്റ്റ് ജമ്പ് കിടിലന്‍ ചാട്ടമായിരുന്നു എന്ന് കണ്ടുനിന്നവര്‍ പറഞ്ഞപ്പോള്‍ സന്തോഷമായെന്നും മുബസ്സിന പറയുന്നു. ഹെപ്റ്റാതലണില്‍ മുബസ്സിന പിന്നിലാക്കിയ മുന്‍ ഒളിമ്പിക്സ് താരം സഹനകുമാരിയുടെ മകള്‍ പവന നാഗരാജ്ന്റെ ഫസ്റ്റ് മീറ്റായിരുന്നു. അവര്‍ക്ക് മുന്നില്‍ പതറരുത് എന്ന് കോച്ച് പറഞ്ഞു. ഉമ്മയും നന്നായി മോട്ടിവേറ്റ് ചെയ്തു. ഹര്‍ഡില്‍സ്, ജാവ്ലിന്‍ എല്ലാം അവര്‍ മുന്നോട്ട് പോയി ഒടുവില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ പവന നാഗരാജ്ന്റെ 2.36.71 എന്നത് മുബസ്സിന 2.32.58 ല്‍ മറികടന്ന് മുന്നേറി. ഫ്രാന്‍സില്‍ നടന്ന ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമാണ്. പരിക്കുകള്‍ പറ്റിയതിനാല്‍ അന്ന് മത്സരങ്ങളില്‍ പിന്നിലായി. ലോങ് ജമ്പില്‍ പത്താം സ്ഥാനമാണ് ലഭിച്ചത്. ഒരു മാസം മുമ്പ് മാത്രമാണ് പരിശീലനത്തിന് സാധിച്ചത്, പരീക്ഷയുടെ സമയം ആയതിനാല്‍ ഫ്രാന്‍സില്‍ ബെസ്റ്റ് പെര്‍ഫോമന്‍സിന് സാധിച്ചില്ല എന്നും മുബസ്സിന ഓര്‍ക്കുന്നു.
ട്രാക്കിലിറങ്ങിയാല്‍ ഓരോ നിമിഷവും വിലപ്പെട്ടതായി കണ്ട് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം ട്രാക്കിന് പുറത്തെപ്പോഴും കൂള്‍ ആണ്. ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ പങ്കെടുക്കുന്നവര്‍ തന്നെക്കാള്‍ എക്സ്പീരിയന്‍സുള്ള അത്‌ലറ്റുകളാകും എന്ന് ചിന്തിച്ച് ടെന്‍ഷനടിച്ചിരുന്നു. പതിവുപോലെ ആദ്യം അവരുടെയെല്ലാം സ്‌കോര്‍ ബോര്‍ഡുകള്‍ നോക്കി. ലോങ് ജമ്പില്‍ നാല് ജമ്പ് വരെ ഫസ്റ്റ് ആയിരുന്നു. ഒടുവില്‍ ചാടിയ അത്ലറ്റ് 6.6 ചാടി മുബസ്സിന 5.91 നീളത്തിലാണ് ചാടിയത്. ഹെപ്റ്റാതലണ്‍ മത്സരത്തിലെ 800 മീറ്റര്‍ ഓട്ടത്തില്‍ ആദ്യം മുബസ്സിനയാണ് ലൈനില്‍ കാല് വെച്ചത് പക്ഷെ മുബസ്സിനയുടെ ശരീരം പുറകിലായി അത് കൊണ്ടാണ് ഹെപ്റ്റാതലണില്‍ സെക്കന്റുകള്‍ക്കിടയില്‍ സ്വര്‍ണം നഷ്ടമായത് എന്ന് മുബസ്സിന പറയുന്നു. 48 മൈക്രോ സെക്കന്റിലാണ് കസാക്കിസ്താന്‍ താരം അലീന ചിസ്ത്യാകോവ മുന്നോട്ട് പോയത്. ഭയങ്കര ഫൈറ്റ് മൂഡിലുള്ള മത്സരമായിരുന്നു കുവൈത്തിലേത്. ഓട്ടത്തിനിടയില്‍ രണ്ട് പേര് മുന്നില്‍ നിന്ന് ബ്ലോക് ചെയ്തതുകാരണം കാല് തട്ടി വീഴാന്‍ പോയെന്നും മുബസ്സിന പറയുന്നു. അത്ലറ്റിക്‌സില്‍ മത്സരിക്കാന്‍ ഇഷ്ടം ലോങ് ജമ്പാണ്. വോളിബോളും ഫുട്‌ബോളും കളിക്കാന്‍ ഇഷ്ടമാണെന്നും മൂബസ്സിന പറയുന്നു.
ലക്ഷദ്വീപില്‍ നിന്നാണ് എത്തുന്നത് എന്നറിയുമ്പോള്‍ ദ്വീപിനെ അടുത്തറിയുന്നവര്‍ക്കെല്ലാം കൗതുകമാണ്. ലക്ഷദ്വീപിന്റെ പരിമിതികളില്‍ നിന്ന് വരുന്നത് കണ്ടിട്ട് ആകാംക്ഷയോടെയും സ്നേഹത്തോടെയും സംസാരിക്കുന്നവരും സ്നേഹ സമ്മാനങ്ങള്‍ നല്‍കുന്നവരും അനവധിയാണ്. തന്നെക്കാള്‍ പരിചയ സമ്പന്നരും ഫിസിക്കല്‍ സ്‌ട്രെങ്ത്ത് ഉള്ളവരുമായ അത്‌ലറ്റുകളെ കാണുമ്പോള്‍ മുബസ്സിന പതറിപോകാറുണ്ട് എങ്കിലും ജയിക്കാനുള്ള വാശി കൈവിടില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ അവരൊന്നും തന്റെ അത്ര എക്‌സ്പീരിയന്‍സ്ഡ് ആയവരല്ല എന്ന് പറഞ്ഞ് അതിനെ തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യാനും കോച്ച് ജവാദിനറിയാം. മത്സരത്തിന് മുമ്പ് ഒപ്പമുള്ള അത്‌ലറ്റുകളുടെ സ്‌കോര്‍ ബോര്‍ഡ് നോക്കും. മനസ്സില്‍ എന്ത് തോന്നിയാലും തോല്‍ക്കരുത് എന്ന ഒരൊറ്റ ശ്വാസത്തിലാകും പിന്നീട് ട്രാക്കില്‍ നില്‍ക്കുക എന്നും മുബസ്സിന പറയുന്നു. നീരജ് ചോപ്രയും അഞ്ജു ബോബി ജോര്‍ജുമാണ് ഇഷ്ടകായിക താരങ്ങള്‍. ഇന്റര്‍നാഷണല്‍ ഒളിമ്പ്യന്‍ താരമാകണമെന്നും ട്രാക്കില്‍ ഉയരങ്ങള്‍ താണ്ടണമെന്നുമാണ് മുബസ്സിനയുടെ സ്വപ്നം.
വളര്‍ന്നുവരുന്ന കഴിവുള്ള ഒരു അത്‌ലറ്റ് എന്ന നിലയില്‍ വലിയ പിന്തുണയാണ് കോച്ച് ജവാദ് മുബസ്സിനക്ക് നല്‍കുന്നത്. മുബസ്സിനക്കുള്ളത് നാച്ചുറല്‍ സ്ട്രെങ്ത്താണ്. ഏറ്റവും നിര്‍ണായക ഘട്ടത്തിലും എത്ര പിറകിലാണെങ്കിലും മുബസ്സിന വാശിയോടെ മുന്നില്‍ എത്തുന്നത് കാണാം. തോല്‍ക്കില്ല തോറ്റുകൊടുക്കില്ല എന്ന വാശിയോടെ മുന്നോട്ട് കുതിക്കുന്ന മുബസ്സിനയെ ട്രാക്കില്‍ കാണുന്നത് സന്തോഷമാണെന്നും ജവാദ് പറയുന്നു. വെറും 16 വയസ്സിനുള്ളില്‍ ലക്ഷദ്വീപിന്റെ കനത്ത പരിമിതികള്‍ക്കിടയില്‍ നിന്നാണ് ഒരു മികച്ച കായിക താരം പിറവിയെടുത്തിരിക്കുന്നത്. കൃത്യമായ പരിശീലനവും പ്രോത്സാഹനവും ലഭിക്കുകയാണെങ്കില്‍ ഇന്ത്യന്‍ കായിക മേഖലയിലെ മികച്ചതാരങ്ങളില്‍ ഒരാളായി ഈ മിടുക്കിയെ വാര്‍ത്തെടുക്കാം. ലക്ഷദ്വീപില്‍ നിന്ന് മികച്ച താരങ്ങളെ വാര്‍ത്തെടുക്കാന്‍ സാങ്കേതികമായ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്, ഈ വെല്ലുവിളികളെല്ലാം മറികടന്ന് കൊണ്ടാണ് ഇരുവരും മുന്നോട്ടു പോകുന്നത്. ലക്ഷദ്വീപിലെ കായികമേഖലയില്‍ വേണ്ട പരിഗണന നല്‍കി സാങ്കേതിക മികവോടെയുള്ള പരിശീലനങ്ങള്‍ നല്‍കിയാല്‍ മികച്ച താരങ്ങളെ ഈ മണ്ണില്‍ നിന്ന് വാര്‍ത്തെടുക്കാമെന്ന് കോച്ച് ജവാദ് പറയുന്നു.
മികച്ച പരിശീലന സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ ദ്വീപില്‍നിന്ന് അന്താരാഷ്ട്ര മികവുള്ള അത്ലറ്റുകളെ വാര്‍ത്തെടുക്കാനും രാജ്യത്തിനും ലോകത്തിനും അഭിമാനമേകാനും സാധിക്കും എന്നതിന് ഉദാഹരണമാണ് മുബസ്സിന. ലക്ഷദ്വീപിലെ കായികമേഖലയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. പരിശീലന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. അതോടൊപ്പം പ്രൊഫഷണല്‍ പരിശീലകരുടെ അഭാവം പരിഹരിക്കുക എന്നതും പ്രധാനമാണ്. പത്ത് ദ്വീപുകളിലേക്ക് ഒരു കോച്ചിനെ വെച്ച് പരിശീലനം നടത്തുക എന്നത് പ്രായോഗികമായ ഒന്നല്ല. എല്ലാ ദ്വീപുകളിലും നിരന്തരമായ പരിശീലന സംവിധാനം ഒരുക്കണം. കായികമേഖലയില്‍ താല്‍പര്യമുള്ള കുട്ടികളെ കണ്ടെത്തി സുസജ്ജമായ വിദ്യാഭ്യാസവും പരിശീലനവും ഹോസ്റ്റലുകളുമടങ്ങിയ സൗകര്യം ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തില്‍ സാങ്കേതികവും ശാസ്ത്രീയവുമായ പരിശീലനം നല്‍കിയാല്‍ ലക്ഷദ്വീപില്‍ നിന്ന് മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാം. ഇന്ന് ദ്വീപിലേക്ക് ദേശീയ അന്താരാഷ്ട്ര മെഡലുകള്‍ ലഭിച്ചെങ്കില്‍ ഭാവിയില്‍ ഒളിമ്പിക്സ് മെഡലും ദ്വീപിന്റെ പേരില്‍ സ്വന്തമാകും. മാറ്റമുണ്ടാകേണ്ടിടത്ത് മാറ്റങ്ങള്‍ അനിവാര്യമാക്കിയാല്‍.

SHARE YOUR FEEDBACK

RECENT IN THIS CATEGORY