DweepDiary.com | ABOUT US | Friday, 29 March 2024

സഈദ് സാഹിബെന്ന മനുഷ്യൻ ഓർമ്മകളെ തൊട്ടുണർത്തുന്നു: ഇസ്മത്ത് ഹുസൈൻ

In interview Special Feature Article BY P Faseena On 10 May 2022
സഈദ് സാഹിബിനെ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് 1967-ലെ ആദ്യ തെരഞ്ഞെടുപ്പിനെ കുറിച്ച് വല്യുമ്മ പറഞ്ഞ ഓർമ്മകളാണ്. തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുകയാണ്. കവരത്തിയിലെ വലിയ തങ്ങമാരാണ് സ്ഥാനാർത്ഥികൾ. അവർ വീടുകൾ തോറും ഇലക്ഷൻ പ്രചരണം നടത്തി പോയി. അപ്പോഴാണ് ഒരു മെലിഞ്ഞ ചെറുപ്പക്കാരൻ വോട്ട് ചോദിച്ച് നാട്ടിലെത്തുന്നത്. "ആന്ത്രോത്തിലെ സീതിയാറ്റ" എന്നാണ് ആളുകൾ പേര് പറഞ്ഞത്. ചകിരി കടവുകളിൽ ചെന്ന് അയാൾ പറഞ്ഞു: "ഞാൻ ജയിച്ചാൽ ഈ ദുരിതങ്ങൾക്കെല്ലാം ഒരറുതിയുണ്ടാവും."
ആ ചെറുപ്പക്കാരൻ ജയിക്കുമെന്ന് ആർക്കും ഒരു വിശ്വാസവുമില്ലായിരുന്നു. അത്രക്കും സ്വാധീനമുള്ളവരായിരുന്നു എതിർ സ്ഥാനാർത്ഥികൾ. കവരത്തിയിലാണെങ്കിൽ കോലിയാല സെയ്തു കോയായും കുറച്ച് പേരുമായിരുന്നു സെയ്ത് അനുകൂലികൾ. സെക്രട്ടറിയേറ്റിൽ വെച്ചായിരുന്നു വോട്ടെണ്ണൽ. കവരത്തിയിലെ തങ്ങന്മാർ ജയിക്കുമെന്ന പ്രതിക്ഷയിൽ ആളുകൾ സെക്രട്ടറിയേറ്റിനു മുമ്പിലും പരിസരത്തും തിങ്ങിക്കൂടി നിൽക്കുന്നു. അപ്പോഴാണ് ഫലപ്രഖ്യാപനം വരുന്നത്. "തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയെക്കാളും ഇത്ര വോട്ടുകൾക്ക് പടന്നാദ മുഹമ്മദ് സഈദ് വിജയിച്ചിരിക്കുന്നു..." അപ്രതീക്ഷിതമായ ഫലം കേട്ട് കൂടി നിന്നവർ ഞെട്ടി. തിങ്ങി കൂടിയവർക്കിടയിലൂടെ സഈദ് സാഹിബും വളരെ കുറച്ച് അനുയായികളും ഇറങ്ങിവന്നു. "ജയ് ജയ് പി.എം.സഈദ് " അന്ന് ജനക്കൂട്ടത്തെ ഞെട്ടിച്ച്കൊണ്ട് കോലിയാല സെയ്ത്കോയാ വിളിച്ച മുദ്രാവാക്യം ഏറ്റുവിളിക്കാൻ പോലുമാരുമുണ്ടായിരുന്നില്ല. ആ വിജയം 37 വർഷത്തെ ആവർത്തനത്തിലേക്ക് നീണ്ടു പോയതും അഴിമതിക്കറകൾ ഏതുമേശാതെ ഇന്ത്യൻ രാഷ്ട്രീയത്തിൽ തല ഉയർത്തി നിന്നതും ചരിത്രം.
ഞാൻ യൂത്ത് കോൺഗ്രസിലായിരുന്ന കാലത്താണ് ദണ്ഡി യാത്രയുടെ 75ാം വാർഷികം ആഘോഷമാക്കാൻ തീരുമാനിക്കുന്നത്. സബർമതി ആശ്രമത്തിൽ നിന്നും പുറപ്പെട്ട് കാൽനടയാൽ ദണ്ഡി കുറുക്കാൻ ഗാന്ധിജിയും സംഘവും നടന്ന വഴികളിലൂടെ നടന്ന്, വിശ്രമിച്ച സ്ഥലങ്ങളിൽ തങ്ങി, ദണ്ഡി കടപ്പുറത്തിലെത്തിച്ചേരുന്നതാണ് അതിന്റെ മുഖ്യപരിപാടി. ഓരോ ദിവസവും ഓരോ സംസ്ഥാനങ്ങളായിരുന്നു അതിന്റെ ഫ്ലാഗ് ഹോസ്റ്റിംങ്ങ്. കേന്ദ്രഭരണ പ്രദേശങ്ങളുടെ കൊടി ഉയർത്തൽ ലക്ഷദ്വീപിനായിരുന്നു. ഞങ്ങൾ 10 പേരാണ് പരിപാടിയിൽ പങ്കെടുക്കാൻ ഗുജറാത്തിലേക്ക് പോയത്. ഞങ്ങളുടെ നേതൃത്വം കല്ലിക്കാഗോത്തി മൂസ മണിക്ക്ഫാനായിരുന്നു. എറണാകുളത്ത് ഞങ്ങളെ കാണാൻ സഈദ് സാഹിബ് വന്നു. കൂടെയുള്ളവർക്ക് ഡൽഹി കൂടി ഈ യാത്രയുടെ ഭാഗമാക്കിയാൽ കൊള്ളാമെന്നുണ്ടായിരുന്നു. എന്നെയാണ് സംഘം കാര്യമവതരിപ്പിക്കാൻ ഏൽപ്പിച്ചത്. കാര്യം സഈദ് സാഹിബിനോട് പറഞ്ഞപ്പോൾ കല്ലിക്കയോട് പറഞ്ഞ് ഗുജറാത്തിൽ നിന്നും ദില്ലിയിലേക്ക് ടിക്കറ്റെടുക്കാൻ ഏർപ്പാടാക്കി തന്നു. ദില്ലിയിൽ അദ്ദേഹം ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. പാർലിമെന്റും മന്ത്രി ഓഫീസുകളും അദ്ദേഹം ഞങ്ങളോടൊപ്പം നടന്ന് കാണിച്ച് തന്നു. പിറ്റേന്ന് വണ്ടി ഏർപ്പാട് ചെയ്ത് ഞങ്ങളെ അജ്മീറിലേക്ക് പറഞ്ഞയച്ചു. "അജ്മീറിൽ ചെന്ന് ദ്വീപുകാർക്ക് വേണ്ടി ദുആ ചെയ്തിട്ട് പോയാൽ മതി' എന്നാണ് ഞങ്ങളോട് പറഞ്ഞത്.
ലക്ഷദ്വീപ് പോലൊരു കൊച്ചുപ്രദേശത്തിൽ നിന്നും ദേശീയ അന്തർദേശീയ വ്യക്തിത്വമായി മാറിയ ഒരു മനുഷ്യനെ ദ്വീപുകാർക്ക് യഥാവിധി ഉപയോഗപ്പെടുത്താനായില്ല എന്ന് പറയേണ്ടിവരും. ദ്വീപിൽ പരാജയപ്പെട്ട അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കിയത് നമുക്ക് മറക്കാൻ കഴിയില്ല.
വാജ്പേയി ഗവൺമെന്റിന്റെ കാലത്ത് ബാലയോഗി സ്പീക്കറുടെ നിര്യാണത്തെ തുടർന്ന് സ്പീക്കറുടെ ചാർജ് വഹിക്കുന്ന സമയം. അപ്പോഴാണ് സഭയിൽ ഗുജറാത്ത് കലാപം ചർച്ചയാവുന്നത്. വോട്ടെടുപ്പ് പാടില്ലെന്ന് ഭരണപക്ഷം പറയുമ്പോൾ തന്നെ സഈദ് സാഹിബ് തന്റെ റൂളിങ്ങിലൂടെ വോട്ടെടുപ്പിന് അനുമതി നൽകുകയായിരുന്നു. അത് ബി.ജെ.പി സർക്കാരിന് കനത്ത തിരിച്ചടിയായിരുന്നു.
എൻ.സി.പി.യുടെ ഒരു സമുന്നത നേതാവ് പറഞ്ഞ ഒരു അനുഭവത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം. കിൽത്താൻ ദ്വീപിലെ ഒരു എൻ.സി.പി നേതാവിന്റെ സ്വത്ത് സംബന്ധിയായ പ്രശ്നം കുറേ കാലമായി അമിനി തഹസിൽദാർ നിവൃത്തിയാക്കാതെ വെച്ചിരിക്കുകയായിരുന്നു. നേതാവ് കുറേ ശ്രമങ്ങൾ നടത്തീട്ടും അത് നടന്നില്ല. സഈദ് സാഹിബ് കിൽത്താനിലെത്തിയപ്പോൾ നേതാവ് അക്കാര്യം അവതരിപ്പിച്ചു. അപ്പോൾ അദ്ദേഹം ചോദിച്ചത് അത് വാങ്ങിക്കാൻ എപ്പോൾ പോവാൻ പറ്റും എന്നായിരുന്നു. ഇപ്പോ തന്നെ പോകാമെന്ന് പറഞ്ഞ് നേതാവ് ബോട്ടും പിടിച്ച് അമിനിയിലേക്ക് പോയി. ബോട്ട് ജട്ടിയിലെത്തുമ്പോഴേക്കും തഹസിൽദാർ ഇവരേയും പ്രതീക്ഷിച്ച് ജട്ടിയിൽ നിൽപ്പുണ്ടായിരുന്നു. ഉടനെ കാര്യങ്ങൾ തീർപ്പാക്കി തഹസിൽദാർ അവരെ തിരികെ അയക്കുകയായിരുന്നു. പിന്നീട് വന്ന ഇലക്ഷനിൽ പ്രചരണത്തിനെത്തിയപ്പോൾ നേതാവ് കാണാൻ ചെന്നു. "ഞാൻ എന്താണ് ചെയ്യേണ്ടത്" എന്ന് ചോദിച്ചപ്പോൾ സഈദ് സാഹിബ് പറഞ്ഞുവത്രെ. "നിങ്ങൾ മറുഭാഗത്ത് നിൽക്കുന്ന നേതാവാണല്ലോ. ഞാൻ മറ്റു സഹായങ്ങളെന്നും ആവശ്യപ്പെടുന്നില്ല. എനിക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ച ആളുകളെ മുടക്കാതിരുന്നാൽ മാത്രം മതി… "
ഒരു എൻ.സി.പി.നേതാവിന്റെ അനുഭവമാണിതെങ്കിൽ ഒരു വലിയ കാലയളവിൽ എന്തെന്ത് ഹൃദയസ്പർശിയായ അനുഭവങ്ങൾ ഈ പ്രപഞ്ചത്തിൽ ചേർത്ത് വെച്ചാവണം അദ്ദേഹം വിടവാങ്ങിയത്. സഈദ് സാഹിബ് ജനപക്ഷത്ത് നിന്ന നേതാവായിരുന്നു. സ്വഭാവമഹിമയും എളിമയും മാനുഷികമായ അലിവുകളും തന്നെയാണ് ദീർഘകാലം ദ്വീപിനെ പ്രതിനിധീകരിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY