DweepDiary.com | ABOUT US | Friday, 29 March 2024

എന്താണ് പാർലമെൻററി കമ്മിറ്റികൾ? കമ്മറ്റിയുടെ നിർദേശം അംഗീകരിക്കണമെന്ന് നിർബന്ധമുണ്ടോ?

In interview Special Feature Article BY P Faseena On 24 April 2022
പാർലമെൻറിന് മുഖ്യമായും രണ്ട് ഉത്തരവാദിത്തങ്ങളാണ് ഉള്ളത്. ഒന്ന് നിയമനിർമ്മാണം നടത്തുക രണ്ടാമത്തേത് സർക്കാരിൻറെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുക. നിയമനിർമാണ പ്രവർത്തനങ്ങൾ വളരെ കൂടുതലായതുകൊണ്ട് അതിന്റെ നടത്തിപ്പിന് പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ട്. എല്ലാ ബില്ലുകളും പാർലമെൻറിൽ വളരെ വിശദമായി ചർച്ചചെയ്യുക എന്നുള്ളത് പ്രായോഗികമല്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചിട്ടുള്ളത്. ഈ കമ്മിറ്റികൾ ബില്ലുകൾ ചർച്ച ചെയ്യുകയും അതുമായി ബന്ധപ്പെട്ട പ്രത്യേക ശുപാർശകൾ പാർലമെന്റിന് സമർപ്പിക്കുകയും ചെയ്യും. കമ്മിറ്റികളിൽ പ്രതിപക്ഷ എം.പിമാരും ഉണ്ടാകും. കൂടാതെ വിദഗ്ധരെ ആവശ്യമുണ്ടെങ്കിൽ അവരെയും വിളിച്ചുചേർക്കും. അതുകൊണ്ടുതന്നെ ഭരിക്കുന്ന എം. പിമാർ സ്വാഭീഷ്ടപ്രകാരം നിയമമുണ്ടാക്കുന്ന പ്രവണതയിൽ നിന്നുള്ള മാറ്റവും ഈ കമ്മിറ്റികളിലൂടെ സാധ്യമാകും.
പ്രധാനമായും രണ്ടുതരം കമ്മിറ്റികളാണ് ഉള്ളത്. ഒന്ന് അഡ്ഹോക് കമ്മിറ്റി. അതായത് പ്രത്യേക ആവശ്യത്തിനു വേണ്ടി വിളിച്ചുകൂട്ടുകയും ആവശ്യം കഴിഞ്ഞാൽ പിരിച്ചുവിടുകയും ചെയ്യുന്ന കമ്മിറ്റികളാണ് ഇത്. രണ്ടാമത്തേത് സ്റ്റാൻഡിങ് കമ്മിറ്റികൾ ആണ്. അവ എപ്പോഴും നിലനിൽക്കുന്ന കമ്മിറ്റികളാണ്. ഇതിൽ ഒരു അംഗത്തിന്റെ കാലാവധി ഒരു വർഷം ആണെങ്കിലും കമ്മിറ്റി മുഴുവൻ വർഷവും ? പ്രവർത്തിക്കും.
ഭരണഘടനയുടെ പലഭാഗങ്ങളും കടം കൊണ്ടിട്ടുള്ള യുണൈറ്റഡ് കിങ്‌ഡം അഥവാ ഇംഗ്ലണ്ടിൽ നിന്ന് തന്നെയാണ് ഈ പാർലമെൻററി കമ്മിറ്റിയുടെയും ഉദയം. 1521 ൽ ബ്രിട്ടനിലാണ് ആദ്യത്തെ പാർലമെൻററി കമ്മിറ്റി രൂപീകരിക്കപ്പെട്ടത്.
ഇവിടെ പ്രസക്തമായ ചോദ്യം പാർലമെന്ററി കമ്മിറ്റികളുടെ നിർദേശങ്ങൾ അംഗീകരിക്കണം എന്ന് നിർബന്ധമുണ്ടോ എന്നതാണ്. ലക്ഷദ്വീപ് ജനത ഉന്നയിച്ച ആവശ്യങ്ങൾ നടപ്പിലാകുമോ?
സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനം എടുക്കാനുള്ള കമ്മിറ്റികൾ അല്ല എന്നതുകൊണ്ടുതന്നെ ഒരുകാര്യം കമ്മിറ്റിക്ക് ബോധ്യപ്പെട്ടാലും നടപ്പിലാക്കാനുള്ള അധികാരം കമ്മിറ്റിക്കില്ല എന്നതാണ് വസ്‌തുത. ഇത്തരം പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുള്ള റിപ്പോർട്ട് പാർലമെന്റിന് സമർപ്പിക്കാനാണ് അതിനു കഴിയുക, എന്നാൽ അത് നടപ്പിലാക്കണമെന്ന് നിർബന്ധമില്ല. അതേസമയം തീർപ്പ് ആവില്ല എന്ന് തീർത്തുപറയാനും സാധിക്കില്ല.
പാർലമെൻറ് മെമ്പർമാർക്കിടയിൽ ലക്ഷദ്വീപ് വിഷയത്തിന്റെ യഥാർത്ഥവശം എത്തിക്കാൻ വളരെയധികം സഹായകമാകുമെന്നതിനാൽ പാർട്ടി ഭേദമന്യേ ലക്ഷദ്വീപുകാർ നടത്തിയ ശ്രമങ്ങൾ ഏറെ ശ്ലാഘനീയവും വളരെ പ്രാധാന്യമുള്ളതും തന്നെയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY