DweepDiary.com | ABOUT US | Tuesday, 19 March 2024

ഇത് നാടിനെ രക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ് | ഐഷ സുൽത്താന (ഞായർ സ്പെഷ്യൽ)

In interview Special Feature Article BY Admin On 03 October 2021
ലക്ഷദ്വീപിനാവശ്യമായ വികസനപ്രവർത്തനങ്ങളെ മുന്ഗണനക്രമത്തിൽ അവതരിപ്പിക്കുകയാണ് ചലച്ചിത്ര സംവിധായിക ഐഷ സുൽത്താന. "ലക്ഷദ്വീപുകാർക്ക് വേണ്ട വികസനം എന്ത്" എന്ന അന്വേഷണത്തിന്റെ ഭാഗമായി ദ്വീപ് ഡയറിക്ക് വേണ്ടി ഈ അഭിമുഖം തയാറാക്കിയത് അബു ആന്ത്രോത്ത്.

ലക്ഷദ്വീപിൽ വികസനം അത്യാവശ്യമാണ്. അത് ഏതൊക്കെ മേഖലകളിലാണ് എന്ന് നോക്കുമ്പോൾ കുറച്ചു ചർച്ചകളും വിശകലനങ്ങളും വേണ്ടിവരും. അതിനായി നമ്മൾ കുറച്ചൊക്കെ നോർവേ പോലുള്ള കൊച്ചു രാജ്യങ്ങളെ കണ്ടു പഠിക്കേണ്ടതുണ്ട്. ലക്ഷദ്വീപ് പോലെ കടൽതീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ രാജ്യമാണത്. പക്ഷേ അവിടെ മത്സ്യബന്ധനങ്ങളും ഇതരതൊഴിലുകളും അവർ എളുപ്പമാക്കുന്നത് അവരുടേതായ സാങ്കേതികമികവുകൾ കൊണ്ടാണ്. അവിടെത്തന്നെ നിർമ്മിച്ചെടുക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും കൊണ്ടാണ് അവർ ആധുനികലോകത്തോട് കിടപിടിച്ചു നിൽക്കുന്നത്. അതുകൊണ്ടുതന്നെ ലോകരാജ്യങ്ങളിൽ മികച്ച സാമ്പത്തികഭദ്രതയുള്ള രാജ്യമായി മാറാൻ നോർവേക്ക്‌ കഴിഞ്ഞു.

പക്ഷേ നമ്മൾ ലക്ഷദ്വീപുകാർ വെറും തീരദേശവാസികൾ അല്ല. കടലിനാൽ ചുറ്റപ്പെട്ട പ്രദേശത്ത് താമസിക്കുന്നവരാണ്. അതുകൊണ്ടുതന്നെ നമ്മുടെതായ സാങ്കേതികതകൾ വളർത്തിക്കൊണ്ടുവരാനുള്ള സാധ്യതകൾ നമുക്കായിരുന്നു കൂടുതൽ. ആവശ്യമായ മനുഷ്യ വിഭവങ്ങൾ ഉണ്ടായിട്ടും ഇത്തരം സാധ്യതകൾ നിലനിന്നിട്ടും നമ്മുടെ കൂട്ടായ്മകളുടെ ഭാഗത്തുനിന്നോ ഗവൺമെന്റിന്റെ ഭാഗത്തുനിന്നോ ഇത്തരം ശ്രമങ്ങൾ ഉണ്ടായതായി നമുക്ക് കാണാൻ കഴിയില്ല. ഇനി യാന്ത്രികമായ അത്തരം നിർമ്മിതികൾ ഇപ്പോൾ സാധ്യമാകുന്നില്ല എങ്കിൽ നോർവേ പോലുള്ള വിദേശരാജ്യങ്ങളിൽ നിന്ന് അത്തരം യന്ത്രങ്ങൾ ഇറക്കുമതി ചെയ്യുകയും മത്സ്യബന്ധന വിപണനമേഖലകൾ സജ്ജമാക്കുകയും ചെയ്താൽ അത് നാടിനും രാജ്യത്തിനും വലിയ മുതൽക്കൂട്ടായിമാറുമായിരുന്നു.

വികസനം എന്ന പേരിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. അതുകൊണ്ടാണല്ലോ ഞാനടക്കമുള്ള ഒട്ടനവധി ആളുകൾ നിരന്തരം അതിനോട് പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. മാത്രമല്ല, സത്യത്തിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് ഒരു വികസനപദ്ധതി അല്ല. അത് ഒരു കച്ചവടരാഷ്ട്രീയമാണ്. നമ്മുടെ നാട്ടിനെ വിൽപ്പനച്ചരക്കായി മാറ്റിക്കൊണ്ടിരിക്കുകയാണ്. അത് അരിഭക്ഷണം കഴിക്കുന്ന ഏതൊരു മനുഷ്യനും മനസ്സിലാക്കാവുന്ന കാര്യങ്ങളാണ്.

നമ്മുടെ ദ്വീപിൽ പലമേഖലകളിലും വികസനം അത്യാവശ്യമാണ്. അതിൽ ഏറ്റവും പ്രധാനമായത് ആരോഗ്യമേഖല ആണ്. ചെറിയ മുറിവുകൾക്കും ചികിത്സകൾക്കും വരെ വൻകരയെ ആശ്രയിക്കേണ്ടതും ഇവാക്ക്വേഷൻ വേണ്ടതുമായ സാഹചര്യത്തിലാണ് നമ്മൾ ഇന്ന് കഴിഞ്ഞുപോകുന്നത്. മെച്ചപ്പെട്ട ആരോഗ്യസംരക്ഷണ പദ്ധതികൾ നടപ്പാക്കുകയാണെങ്കിൽ, ചികിത്സാരീതികളിൽ ആധുനിക സൗകര്യങ്ങൾ നിലവിൽ വരികയാണെങ്കിൽ നമുക്ക് ഗർഭിണികൾ അടക്കമുള്ള രോഗികളെയും കൊണ്ടുള്ള പെട്ടെന്നുള്ള ദീർഘയാത്രയും അതിൻറെ ബുദ്ധിമുട്ടുകളും ഒഴിവാക്കാമായിരുന്നു. ആരോഗ്യമേഖല ഇന്നും വലിയ പരാജയം ആയിത്തന്നെ തുടരുകയാണ്. അത് കാലത്തിനൊത്ത് വളരെയേറെ വളരേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം.

പിന്നെ, ഗതാഗത മാർഗ്ഗങ്ങളിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കടൽമാർഗം ഉള്ള ഗതാഗതം ആണ്. കടൽ ഗതാഗതമേഖല അല്പം കൂടി മെച്ചപ്പെടേണ്ടതുണ്ട്. യാത്രകൾക്ക് വേണ്ടി മാത്രമല്ല നമ്മൾ കപ്പലുകൾ ഉപയോഗിക്കുന്നത്. ചിലസമയത്ത് ദ്വീപുകളിൽ പച്ചക്കറികൾ അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾ കടകളിൽ വരെ ലഭ്യമല്ലാത്ത അവസ്ഥ വരാറുണ്ട്. അതിന് ഒന്നാമത്തെ കാരണം ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങൾ വൻകരകളിൽ നിന്ന് കൊണ്ടുവന്ന് മാത്രം കടകൾ വഴി നമ്മളിലേക്ക് എത്തുന്നതാണ്. ഗതാഗതസൗകര്യം കുറയുമ്പോൾ, വേണ്ടവിധത്തിൽ സാധനങ്ങൾ എത്തിക്കാൻ പറ്റാതെ വരുമ്പോൾ, പ്രത്യേകിച്ച് വർഷകാലങ്ങളിലൊക്കെ ഭക്ഷ്യധാന്യങ്ങൾക്ക്‌ വരെ വലിയ ക്ഷാമം നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ അടിയന്തരമായ ശാസ്ത്രീയ പുരോഗതികൾ ഗതാഗതരംഗത്ത് നമുക്ക് അനിവാര്യമാണ്.

വിദ്യാഭ്യാസരംഗത്തും വലിയ മാറ്റങ്ങളൊന്നും നമുക്ക് കാണാൻ സാധിക്കുകയില്ല. ദ്വീപിലെ വിദ്യാഭ്യാസരീതികളിലും പഠനവിഷയങ്ങളിലും ഘടനകളിലും വലിയ മാറ്റങ്ങൾ അത്യാവശ്യമാണ്. ഞാനൊക്കെ പഠിക്കുന്ന കാലത്ത് വിദ്യാഭ്യാസസമ്പ്രദായം വളരെ പിറകിൽ തന്നെയായിരുന്നു. ഇന്നും അത് വേണ്ടരീതിയിൽ കാലത്തിനൊത്ത് മെച്ചപ്പെട്ടു എന്ന് തോന്നുന്നില്ല. ഉയർന്ന രീതിയിലുള്ള സൗകര്യങ്ങളും മെച്ചപ്പെട്ട പഠനസാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ, അതിനൊത്ത മൂല്യമുള്ള വിദ്യാഭ്യാസം നൽകാനോ വിദ്യാർത്ഥികൾക്ക് അഭ്യസിക്കാനോ നിലവിലുള്ള സംവിധാനങ്ങൾക്ക്‌ കഴിയുന്നില്ല. മനുഷ്യനെ മനുഷ്യനാക്കുന്നത് വിദ്യാഭ്യാസമാണ്. വരുംതലമുറക്ക് എങ്കിലും ഉപകരിക്കുന്ന രീതിയിൽ അതിനനുയോജ്യമായ പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്.

നമ്മുടെ ഉത്പാദന വിപണനമേഖല നോക്കുകയാണെങ്കിലും അത് വലിയ മാറ്റങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ട്. സാധ്യതകൾ ഒരുപാട് ഉള്ള ഉൽപാദന വിപണനമേഖലകളെയും ഉൽപ്പന്നങ്ങളെയും മടി കാരണമോ ആത്മവിശ്വാസക്കുറവ് കാരണമോ വേണ്ടവിധം നമ്മൾ ഉപയോഗപ്പെടുത്തുന്നില്ല എന്നുള്ളതാണ് സത്യം. പലപ്പോഴും കേൾക്കാറുണ്ട് വെളിച്ചെണ്ണക്ക് പോലും വേണ്ടവിധത്തിലുള്ള മാർക്കറ്റ് കിട്ടുന്നില്ല എന്ന്. വാസ്‌തവത്തിൽ ലോകത്തെല്ലായിടത്തും ലക്ഷദ്വീപിലെ കടൽ ഉൽപ്പന്നങ്ങൾക്ക് വലിയ വിപണന സാധ്യതകൾ ഉണ്ട് എന്നാണെനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. കടൽ ഉൽപ്പന്നങ്ങൾ ആയാലും നാളികേരമായാലും പലഹാരങ്ങളായാലും എല്ലാ ഉൽപ്പന്നങ്ങൾക്കും നല്ല വിപണികൾ സാധ്യമാണ് എന്നതാണ് വാസ്തവം.

ദ്വീപിലെ കലാകായിക മേഖല വളരെയധികം പ്രതിസന്ധിയിലാണ്. കാരണം, അവിടുത്തെ കലാകാരന്മാരുടെ വളർച്ച സ്വന്തം നാട്ടിലോ അടുത്തിലുള്ള ദ്വീപിലോ ഒതുങ്ങുന്നതാണ്. അതിനപ്പുറം അവർ സ്വപ്നം കാണുന്നില്ല. അങ്ങിനെ സ്വപ്നം കാണണമെന്നും അതിനായി പരിശ്രമിക്കണമെന്നുമാണ് എനിക്ക് പറയാനുള്ളത്. നമ്മളെയും നമ്മുടെ കഴിവുകളേയും ഈ ലോകത്തിന് പരിചയപ്പെടുത്തേണ്ടതുണ്ട്.

ഇത്തരം പല മേഖലകളിലും വികസനം നമുക്ക് അത്യാവശ്യമാണെങ്കിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിയമഭേദഗതികൾ ഒന്നും തന്നെ നമ്മുടെ നന്മക്ക് വേണ്ടി ഉള്ളതല്ല. അതിന്റെ പിറകിലൂടെ നമ്മുടെ മണ്ണിനെയും നമ്മുടെ നാടിനെയും വിൽക്കാനുള്ള അജണ്ടകളാണ് അവർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതിനെതിരെ വളരെ ശക്തമായി നമുക്ക് പ്രതികരിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്. എന്തൊക്കെയായാലും എന്റെ ശ്വാസം നിലക്കുന്നത് വരെ ഞാൻ എന്റെ മണ്ണിനുവേണ്ടി പോരാടും എന്നാണ് എനിക്ക് പറയാനുള്ളത്.

നമ്മുടെ നാടിനെ എന്തുവില കൊടുത്തും സംരക്ഷിക്കേണ്ടതുണ്ട്. കാരണം ലോകത്തിനു തന്നെ മാതൃകയാകുന്ന രീതിയിൽ സമാധാനവും ഐക്യവും നിലനിൽക്കുന്ന മണ്ണാണത്. എനിക്ക് വേണമെങ്കിൽ ഇന്ന് രാത്രി അവിടെ ഒരു ബീച്ചിൽ പോയി കിടന്നുറങ്ങാം. ആരെയും പേടിക്കേണ്ടതില്ല. ലോകത്ത് മറ്റൊരു സ്ഥലത്തും അങ്ങനെ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മനുഷ്യൻ എന്ന നിലക്കും അതിലുപരി ഒരു സ്ത്രീ എന്ന നിലയിലും വളരെയധികം സുരക്ഷിതമായ അന്തരീക്ഷം ആണ് എന്റെ നാട്. ആ നാട്ടിലാണ് ഗുണ്ടാ ആക്ട് പോലെയുള്ള നിയമങ്ങൾ നടപ്പാക്കാൻ അധികൃതർ ശ്രമിക്കുന്നത്. അതൊക്കെ എങ്ങനെയാണ് ഒരു ദ്വിപുകാരന് ഉൾക്കൊള്ളാനാവുക? അധികാരികളുടെ നടപടികൾ തികച്ചും അപലനീയമാണ്.

വളരെയധികം സമാധാനത്തോടെ കഴിഞ്ഞിരുന്ന ഒരു ജനതയുടെ മേൽ അധികാരം കൊണ്ട് തോന്നിവാസം കാണിക്കുന്ന ഈ പ്രവണതയ്ക്കെതിരെ നമുക്ക് ശക്തമായ ഭാഷയിൽ പ്രതികരിക്കേണ്ടതുണ്ട് പക്ഷേ നമ്മുടെ ഈ പ്രതിരോധനടപടികൾ അത്ര ശക്തമല്ല എന്നുള്ളതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഇതൊരു രാഷ്ട്രീയവടംവലി അല്ല. ഒറ്റക്കെട്ടായി നിന്ന് ജനിച്ച മണ്ണിനുവേണ്ടി ഒരൊറ്റ ശബ്ദമായി മാറേണ്ട സമയമാണ്. അതിനിടയിലും ചില രാഷ്ട്രീയചിന്തകൾ നമ്മുടെ വിഭാഗീയതകൾ കാരണം തുടരുന്നുണ്ടെങ്കിൽ അത് വലിയ തോൽവിയാണ്. പലരും ആത്മാർത്ഥതയോടെ ഇതിൽ ഇടപെടുമ്പോഴും ചുരുക്കം ചിലർ വളരെ വ്യക്തമായ രാഷ്ട്രീയലാഭത്തിനുവേണ്ടി നിലകൊള്ളുന്നത് വളരെ സങ്കടകരമായ കാര്യമാണ്. ഒറ്റുകാരെ നമ്മൾ തിരിച്ചറിയുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യണം. നമ്മുടെ നാടിന്റെ ആവശ്യങ്ങൾ, എങ്ങനെയുള്ള വികസനങ്ങൾ നമ്മൾക്ക് കൊണ്ട് വരാൻ സാദിക്കും, അത് കൊണ്ട് നമ്മുടെ ഗവർമെന്റിനുള്ള നേട്ടം എന്തൊക്കെയാണെന്നും നമ്മൾ കണ്ടെത്തി കൊണ്ട് അധികാരികളെ അറിയിക്കണം... നമ്മുടെ കഴിവാണ് നമ്മുടെ നാടിന്റെ ബലം... അത്കൊണ്ട് നാടിനുവേണ്ടി ആത്മാർത്ഥമായി ശബ്ദിക്കുന്നവരെ ഒരുമിച്ചുനിർത്തി ഒരൊറ്റ ശബ്ദമായി വലിയ പ്രതിരോധ നിരകൾ തീർത്ത നമുക്ക് നമ്മുടെ നാടിനെ തുടർന്നും സംരക്ഷിക്കേണ്ടതുണ്ട്. അതിനായി എല്ലാവരും കൈകോർക്കണം എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY