DweepDiary.com | ABOUT US | Friday, 19 April 2024

മരുമക്കത്തായ വ്യവഹാരങ്ങള്‍ ലക്ഷദ്വീപ് സമൂഹത്തില്‍ | മറിയം മുംതാസ് ൦

In interview Special Feature Article BY Raihan Rashid On 19 September 2021
ലക്ഷദ്വീപിലെ മാതൃദായക്രമപ്രകാരമുള്ള കുടുംബവ്യവസ്ഥയിലും സ്ത്രീകളുടെ കർതൃത്വത്തിലും ആധുനികകാലത്ത് വിവിധ ഘടകങ്ങളുടെ സ്വാധീനത്താൽ സംഭവിച്ച മാറ്റങ്ങളെ അന്വേഷിക്കുകയാണ് മറിയം മുംതാസ്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ലക്ഷദ്വീപിലെ മാതൃദായക്രമത്തിലെ പരിവർത്തനങ്ങളെപ്പറ്റി എം.ഫില്‍ പഠനം പൂർത്തീകരിച്ചിട്ടുണ്ട് ലേഖിക. കടപ്പാട് - സംഘടിത മാസിക.


മരുമക്കത്തായ സമൂഹങ്ങളിലെ ദായക്രമങ്ങളിലെ സ്ത്രീകളുടെ അഭിവാജ്യതയെക്കുറിച്ചു അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം തെളിയിക്കപ്പെട്ടതാണെങ്കിലും ദൈനംദിനചര്യകളിലെ അവരുടെ പങ്ക് എത്രത്തോളം സ്ത്രീകേന്ദ്രീകൃതമായിരുന്നു എന്ന വിഷയത്തില്‍ കൃത്യമായ അഭിപ്രായ സമന്വയം/ അഭിപ്രായൈക്യം(Consensus) കണ്ടുവരുന്നില്ല. സ്ത്രീകളുടെ അധികാരത്തിന്‍റെ പരിമിതികള്‍/പരിധികള്‍ അളവുകോലാക്കി പുരുഷകേന്ദ്രീകൃതമായ (Patriarchal) മാതൃദായക്രമം (Matriliny) എന്നും സ്ത്രീകേന്ദ്രീകൃതമായ (matriarchal) താവഴിക്രമം എന്നിങ്ങനെയുള്ള തരംതിരിവിനുള്ള ശ്രമങ്ങള്‍ കണ്ടുവരുന്നു. അതില്‍ തന്നെ സ്ത്രീകളുടെ മൂപ്പുമഹിമയനുസരിച്ച് അവരുടെ ഇടയിലുള്ള അധികാരത്തിന്‍റെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചും പഠനങ്ങള്‍ നടന്നുവരുന്നു.
എന്നിരുന്നാലും മാതൃദായ സമ്പ്രദായം പിന്തുടര്‍ച്ചാവകാശമായി സ്വീകരിച്ചിരിക്കുന്ന സമൂഹങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ഭൂരിപക്ഷ പിതൃദായക്രമത്തില്‍ നിന്നും വിഭിന്നമായി ആപേക്ഷികമായി കൂടുതലായി കാണപ്പെടുന്നു. സ്വന്തം വീട്ടില്‍ നിന്നും പുറന്തള്ളപ്പെടാതിരിക്കാനുള്ള അവകാശം, വിവാഹമോചനത്തിനും പുനര്‍വിവാഹത്തിനുമുള്ള തടസ്സമില്ലായ്മ എന്നിവ അതിലേറ്റവും മഹത്തരമായി കണക്കാക്കപ്പെടുന്നു. ആധുനികതയും നവോത്ഥാനപരമായതും മതാധിഷ്ഠിതമായതുമായ പരിഷ്‌കരണവാദങ്ങളും മരുമക്കത്തായ സമൂഹങ്ങളുടെ തനിമയില്‍ ഇടപെടുകയും അവയുടെ സ്വാഭാവിക നിയമാവലികളെ അഹിതമായി ചിത്രീകരിക്കുകയും ചെയ്തെങ്കിലും ഒരുപാട് മാതൃദായ സമൂഹങ്ങളില്‍ അവ കാലാനുസൃതമായ രൂപഭേദം കൈക്കൊണ്ടു ഇപ്പോഴും നിലനില്‍ക്കുന്നു.
ഈ സമൂഹങ്ങളില്‍ ജനനം മുതല്‍ മരണം വരെ സ്ത്രീകള്‍ മാതാവിന്റെ ഭവനത്തില്‍ മാതൃകുടുംബങ്ങളോടൊത്തു ജീവിക്കുന്നു. സ്വത്തുക്കൾ എല്ലാ മരുമക്കത്തായ അംഗങ്ങള്‍ക്കും തുല്യമായ അളവില്‍ കൈവശം വെച്ചു ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരിക്കുകയും എന്നാല്‍ സ്വത്തുക്കളുടെ കൈമാറ്റം സ്ത്രീകള്‍ വഴി മാത്രം അനന്തരാവകാശികള്‍ക്കു ലഭിക്കുകയും ചെയ്യുന്നു. പിതാക്കന്മാരോ ഭര്‍ത്താക്കന്മാരോ ആണ്‍കുട്ടികളുടെ മക്കളോ ഈ കുടുംബയൂണിറ്റില്‍ അംഗമല്ല. കുട്ടികള്‍ മാതാവിന്‍റെ കുടുംബങ്ങളോടൊപ്പം മാതാവിന്‍റെ ഗൃഹത്തില്‍ വളരുന്നു. പൊതുവില്‍ പിതാക്കന്മാര്‍ക്ക് കുട്ടികളുടെ വളര്‍ച്ചയില്‍ വലിയ പങ്ക് ഉണ്ടാകാറില്ല. പല സമുദായങ്ങളിലും, മരുമക്കത്തായം മക്കത്തായതിനു വഴി മാറിയെങ്കിലും കേരളത്തില്‍ ചില മലബാര്‍ മുസ്ലിം സമൂഹങ്ങളിലും ലക്ഷദ്വീപിലെ മുസ്ലിംകളുടെ ഇടയിലും ഇപ്പോഴും മാറ്റങ്ങളോടെ പിന്‍തുടരുന്നുണ്ട്.
പെണ്ണിടങ്ങളും സ്ത്രീലൈംഗികതയും ലക്ഷദ്വീപ് മരുമക്കത്തായത്തില്‍ കേരളത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തായി സമുദ്രത്താല്‍ വലയം ചെയ്യപ്പെട്ടു കിടക്കുന്ന തുരുത്തുകളായ ലക്ഷദ്വീപിലെ മരുമക്കത്തായ സാമൂഹിക സ്ഥിതിയില്‍ സ്വത്തിലുള്ള കൈമാറ്റാവകാശത്തില്‍ സ്ത്രീകളുടെ പങ്ക്, സ്ത്രീധന സമ്പ്രദായത്തിന്‍റെ അഭാവം, വിവാഹമോചനത്തോടും പുനര്‍വിവാഹങ്ങളോടുമുള്ള സഹിഷ്ണുത തുടങ്ങിയ ഘടകങ്ങള്‍ ഉപയോഗിച്ചു സ്ത്രീകളുടെ പ്രാമുഖ്യം അടയാളപ്പെടുത്തുന്നു. പൊതുവെ പുരുഷകേന്ദ്രീകൃതമായി കണക്കാക്കപ്പെട്ടു വരുന്ന മുസ്ലിം വാര്‍പ്പുമാതൃകകളില്‍ നിന്നും വ്യത്യസ്തമായി ലക്ഷദ്വീപ് ഇസ്ലാമിക സമൂഹം മാതൃദായക്രയം പിന്തുടര്‍ച്ചാവകാശമായി സ്വീകരിച്ചിരിക്കുന്നു. മരുമക്കത്തായ, ഇസ്ലാമിക വ്യവഹാരങ്ങളുടെ ഉചിതമായ സമന്വയം ദ്വീപ് നിവാസികള്‍ പിന്തുടരുന്നതായി ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. തലമുറകളായി ഒരു സ്ത്രീയില്‍ നിന്നും വംശപരമ്പര അവകാശപ്പെടുന്ന സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു കൂട്ടം വ്യക്തികളെ ദ്വീപ് സമൂഹത്തില്‍ തറവാട് എന്ന് വിളിക്കുന്നു. അതില്‍ അമ്മമാര്‍, സഹോദരീ സഹോദരന്മാര്‍, സഹോദരികളുടെ മക്കള്‍, എന്നിവരടങ്ങുന്ന കുടുംബാംഗങ്ങള്‍ ഒരുമിച്ച് അവര്‍ക്കുള്ള പൊതുസ്വത്തില്‍ നിന്നും ആദായം എടുക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. ഈ പൊതുസ്വത്തുക്കള്‍ സ്ത്രീകള്‍ വഴി അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. തറവാട്ടിലെ പുരുഷന്മാര്‍ക്ക് ഈ സ്വത്ത് കൈകാര്യം ചെയ്യാനും അനുഭവിക്കാനുമുള്ള അവകാശം സ്ത്രീകളുടേതിന് തുല്യമാണ്. പക്ഷേ പുരുഷന്മാരുടെ കുട്ടികള്‍ തറവാട്ടില്‍ അംഗമല്ലാത്തതിനാല്‍ അത് കൈമാറ്റം ചെയ്യാനുള്ള വ്യവസ്ഥ മരുമക്കത്തായത്തിലില്ല. തെങ്ങുകള്‍, ചെറിയ കടമുറികള്‍ എന്നിവയെ ആയിരുന്നു പൊതുവെ സ്വത്തുവകകള്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കിയിരുന്നത്. ഭൂനിലം സ്വത്തുക്കളുടെ കൂട്ടത്തില്‍ പെടുത്തിയിരുന്നില്ല.
മിനിക്കോയ് ദ്വീപില്‍ ഭൂരിഭാഗം കുടുംബങ്ങളില്‍ നിന്നും കുറഞ്ഞത് ഒരാളെങ്കിലും വിദേശ കപ്പലുകളിലോ ഇന്ത്യന്‍ കപ്പലുകളിലോ സീമാന്‍ (മലാമി) ആയി ജോലിനോക്കുന്നു. ഇത് മിനിക്കോയ് ദ്വീപുകളിലെ സ്ത്രീകളുടെ ഓട്ടോണോമി വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടാകും. പൊതുവില്‍ മറ്റു ദ്വീപുനിവാസികള്‍ മിനിക്കോയ് ദ്വീപുകളിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ നിന്ദാപൂര്‍വ്വം വീക്ഷിക്കുന്ന സ്ഥിതിവിശേഷം കണ്ടുവരുന്നു. ലക്ഷദ്വീപില്‍ സ്വത്തുക്കള്‍ പൊതുവില്‍ തറവാട് സ്വത്തെന്നും വ്യക്തിഗത സ്വത്തെന്നും രണ്ടായി തരം തിരിച്ചിട്ടുണ്ട്. തറവാട് സ്വത്തുക്കളിലെ അവകാശം തറവാട് അംഗങ്ങള്‍ക്ക് മാത്രമായിരിക്കും.കുറച്ചുകാലം മുന്‍പ് വരെ ഈ കൂട്ടായ സ്വത്തുക്കള്‍ അവിഭജിതമായിരുന്നു എന്നും ആധുനിക നീതിന്യായവ്യവസ്ഥകളുടെ കടന്നുവരവോടെയാണ് തറവാട് സ്വത്തുവിഭജനം ദ്വീപുനിവാസികളുടെ ഇടയില്‍ സര്‍വ്വസാധാരണമായതെന്നും വിജയകുമാറിന്‍റെ പഠനത്തില്‍ സമര്‍ത്ഥിക്കുന്നു.
പക്ഷേ ചില കാരണവന്മാര്‍ തറവാട് സ്വത്തുക്കള്‍ തന്നിഷ്ടപ്രകാരം ഭാര്യയുടെയും മക്കളുടെയും പേരില്‍ എഴുതാന്‍ തുടങ്ങിയതോടെ തറവാട്ടിലെ മറ്റു അംഗങ്ങള്‍ പ്രത്യേകിച്ച് പുതുതലമുറ അതിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഇത് വര്‍ഷങ്ങള്‍ നീളുന്ന നിയമയുദ്ധങ്ങളിലേക്ക് അവരെ നയിച്ചു.തറവാട്ടിലെ സ്വത്തുവകകള്‍ ഒരു അംഗത്തിന്റെ പേരിലായി എഴുതികൊടുക്കുക്കുന്നതിനായി തറവാട്ടിലെ സ്ത്രീകളുള്‍പ്പെടെയുള്ള എല്ലാ മരണാവകാശികളുടെയും സമ്മതപത്രം വാങ്ങേണ്ടതുണ്ട് എന്ന് പറയപ്പെടുന്നുവെങ്കിലും ഇത് എല്ലായ്പ്പോഴും പാലിക്കപ്പെടാറില്ല. എന്നാല്‍ വ്യക്തിഗത സ്വത്തുക്കള്‍ ഇസ്ലാമിക നിയമപ്രകാരമോ അവരവരുടെ താല്പര്യപ്രകാരമോ വിഭജിക്കാവുന്നതാണ്. ധാരാളം ആണുങ്ങള്‍ അവരുടെ വ്യക്തിഗത സ്വത്തുക്കള്‍ ഭാര്യയുടെ തറവാട് സ്വത്തില്‍ ലയിപ്പിച്ചതിനു രേഖകളുണ്ട്.
സ്ത്രീകളുടെ സ്‌പേസ് മനസിലാക്കുന്നതിനായി സ്ത്രീകളാല്‍ അടയാളപ്പെടുത്തപ്പെട്ട സാമൂഹിക ഘടനയെക്കുറിച്ച് പ്രതിപാദിക്കേണ്ടതുണ്ട്. മായോട എന്നത് മായിയുടെ / അമ്മായിയമ്മയുടെ അവിടെ എന്നത് ലോപിച്ചുണ്ടായതാകണം. ഭര്‍ത്താവിന്റെ വീടിനെ ഭര്‍ത്തൃമാതാവിനോട് ചേര്‍ത്ത് അടയാളപ്പെടുത്തുന്നു. മായിയെ വിളിക്കല്‍ എന്നുള്ളത് കല്യാണാചാരങ്ങളുടെ ഭാഗമാണ്. മായിയെ പ്രീതിപ്പെടുത്തുക എന്നത് വളരെ മുഖ്യമായിട്ടാണ് കണക്കാക്കുന്നത്. മായോടയിലേക്ക് പലഹാരങ്ങളും മറ്റും കൊടുത്തയക്കുക, പ്രസവവിവരങ്ങള്‍ അറിയിക്കുക, ഇതൊക്കെ സുപ്രധാനമായി കണക്കാക്കുന്നു. കല്യാണച്ചടങ്ങുകളില്‍ വരന്‍റെ വീട്ടുകാരെ, പ്രത്യേകിച്ച് വരന്‍റെ വീട്ടിലെ സ്ത്രീജനങ്ങള്‍ക്ക് സവിശേഷ പരിചരണം നല്‍കിവരുന്നു. ഇതൊക്കെ ചെയ്തില്ലെങ്കില്‍ വിവാഹബന്ധം അറ്റുപോകുന്ന സാഹചര്യം വരെ ദ്വീപില്‍ കണ്ടിട്ടുണ്ട്. മുത്തിയോട എന്നത് ലക്ഷദ്വീപ് മരുമക്കത്തായത്തിലെ വേറൊരു പ്രധാനമായ ഒരു സ്ഥാപനമാണ്. ഇതിന്‍റെ പദാനുപദാര്‍ത്ഥം ‘മുത്തിയുടെ/മുത്തശ്ശിയുടെ അവിടെ ‘ എന്നാണ്. പിതൃഗൃഹം പിതാവിന്റെ മാതാവിന്റെ പേരില്‍ അവിടെ അറിയപ്പെടുന്നു. പിതാവിന്‍റെ അമ്മ തറവാട്ടിലെ കാരണവത്തിയാണെങ്കില്‍ മുത്തശ്ശിക്ക് ആണ്‍ മക്കളോടുള്ള വാത്സല്യം പേരമക്കള്‍ക്കും മുത്തിയോടയില്‍ സവിശേഷ പരിഗണന ലഭിക്കുന്നതിനു കാരണമാകുന്നു പലരുടെയും ആദ്യവിവാഹങ്ങള്‍ വീട്ടിലെ മുതിര്‍ന്നവരുടെ താല്പര്യത്തിനനുസരിച്ചായിരുന്നു നടന്നിരുന്നതെങ്കിലും മുതിര്‍ന്നു വരുംതോറും പലര്‍ക്കും അവരുടെ ചോയ്‌സ് സ്ഥാപിക്കാനുള്ള അവകാശമുണ്ടായിരുന്നു.
അതേസമയം മിനിക്കോയ് ദ്വീപില്‍ പ്രണയവിവാഹങ്ങള്‍ വളരെ സാധാരണമായിരുന്നു. നായര്‍ മരുമക്കത്തായത്തിലെ സംബന്ധത്തെ മുന്‍നിര്‍ത്തിയും മറ്റു മരുമക്കത്തായ സമൂഹങ്ങളിലെ വിവാഹ വിവാഹമോചന രീതികളിലെ അയഞ്ഞ നിലപാടുകള്‍ കണക്കിലെടുത്തും സ്ത്രീകളുടെ ലൈംഗീക സ്വാതന്ത്ര്യത്തെ പുരോഗമനപരമായി അടയാളപ്പെടുത്താറുണ്ട്. തറവാടുകളില്‍ മുതിര്‍ന്ന സ്ത്രീകളുടെ കാര്യത്തില്‍ ഈ നിരീക്ഷണം കഴമ്പുള്ളതാണെങ്കിലും യുവതി-യുവാക്കളുടെ വിവാഹ/വിവാഹമോചന കാര്യത്തില്‍ കാരണവരുടെയും കാരണവത്തിയുടെയും തീരുമാനങ്ങള്‍ അവസാനവാക്കായി കണക്കാക്കുന്നു. കുടുംബങ്ങള്‍ തമ്മിലുള്ള അഭിമാനസംഘര്‍ഷങ്ങളും നീരസങ്ങളും വലിയൊരളവു വരെ വിവാഹമോചനത്തില്‍ കലാശിച്ചിരുന്നു. അത് കൂടാതെ വിവാഹേതര ബന്ധങ്ങളും ആണുങ്ങളുടെ പുനര്‍വിവാഹങ്ങളും വിവാഹമോചനങ്ങള്‍ക്കു കാരണമായിരുന്നെങ്കിലും ഇവയൊന്നും വിലക്കപ്പെട്ടവയായി ദ്വീപുസമൂഹം കണക്കാക്കാത്തിരുന്നത് കൊണ്ട് ഭ്രഷ്ട് , അല്ലെങ്കില്‍ ശിക്ഷണനടപടികള്‍ ഉണ്ടായിരുന്നില്ല.
വിവാഹചടങ്ങുകളുടെ പൂര്‍ത്തീകരണത്തോടെ ഭാര്യയുടെ ശരീരത്തിന്മേലുള്ള അവകാശവും ഭര്‍ത്താവായിരിക്കുന്നിടത്തോളം അവരിലുണ്ടാകുന്ന കുട്ടികളുടെ പിതൃസ്ഥാനവും പുരുഷനില്‍ നിക്ഷിപ്തമാകുന്നു. അതേസമയം പുരുഷന്മാര്‍ക്ക് സാമ്പത്തിക അവകാശമോ അദ്ധ്വാനമോ ഭാര്യമാരില്‍ നിന്നും വിവാഹാനന്തരം ഡിമാന്‍ഡ് ചെയ്യാന്‍ സാധിക്കുകയില്ലെന്ന് എ.ആര്‍. കുട്ടി നിരീക്ഷിക്കുന്നു. വിവാഹാനന്തരം രണ്ടു കൂട്ടരും അവരവുടെ തറവാടുകളില്‍ തന്നെ കഴിയുന്നതിനാലും പരസ്പരാശ്രയത്വം രാത്രികളില്‍ വിരുന്നുവരുന്നതിനും വിശേഷാവസരങ്ങളിലും പ്രതിവര്‍ഷം ചെലവിന് കൊടുക്കുന്നതിലും ഒതുങ്ങുന്നതിനാലും രണ്ടു പേര്‍ക്കും പരസ്പര ഉത്തരവാദിത്വങ്ങളോ അധിക ബാധ്യതകളോ ഉണ്ടായിരുന്നില്ല. കുട്ടികള്‍ മാതാവിന്റെ തറവാട് ഐഡന്റിറ്റിയോട് കൂടി വളര്‍ന്നു വന്നു. പിതാക്കന്മാര്‍ക്ക് കുട്ടികളോടുള്ള ഉത്തരവാദിത്തം ഭാര്യമാരോട് എന്ന പോലെ പരിമിതമായിരുന്നു. ആണ്‍കുട്ടികളുടെ ചേലാകര്‍മം, കാതുകുത്തുചടങ്ങ്, കുട്ടികളുടെ ആദ്യകല്യാണങ്ങള്‍, ഇസ്ലാമികനിയമപ്രകാരം പെണ്‍കുട്ടികളുടെ കല്യാണങ്ങളില്‍ രക്ഷാധികാരി ആയിരിക്കുക എന്നിവയില്‍ ഇവ ഒതുങ്ങുന്നു.
ലക്ഷദ്വീപില്‍ പിന്തുടര്‍ന്നിരുന്ന വിവാഹസമ്പ്രദായം കേരളത്തിലെ നായര്‍- നമ്പൂതിരിമാര്‍ക്കിടയില്‍ നിലനിന്നിരുന്ന സംബന്ധം എന്ന ആചാരത്തെക്കാളും ഒട്ടും ദൃഢമായതല്ല എന്നാണ് കൊളോണിയലും സ്വാതന്ത്ര്യാനന്തരമുള്ളതുമായ എഴുത്തുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇസ്ലാമില്‍ നിയമവിധേയമായ ബഹുഭാര്യത്വം ആളുകള്‍ പൊതുവില്‍ പിന്തുടരുന്നതായി കാണുന്നില്ല. വളരെയധികം കേസുകളില്‍ ഭര്‍ത്താക്കന്മാരുടെ രണ്ടാം വിവാഹം ആദ്യഭാര്യയുമായുള്ള വിവാഹമോചനത്തിന് വഴി ഒരുക്കിയിട്ടുണ്ട്. ഇസ്ലാം മതവിശ്വാസം പിന്തുടരുന്നവരായിട്ടും ഇവിടുത്തെ സ്ത്രീകള്‍ക്കു വിവാഹമോചനത്തിന് മുന്‍കൈ എടുക്കാം എന്നുള്ളത് ആശ്ചര്യകരമായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. പരിവര്‍ത്തനവും ചര്‍ച്ചകളും ആധുനിക സമൂഹത്തിന്‍റെ ഭാഗമാകുന്ന പ്രക്രിയ ലക്ഷദ്വീപില്‍ താരതമ്യേന വൈകിയാണ് തുടങ്ങിയത്. പൂര്‍ണമായല്ലെങ്കില്‍ പോലും ഇപ്പോഴും ലക്ഷദ്വീപ് സമൂഹം മാതൃദായക സമൂഹമെന്ന തരത്തില്‍ വേറിട്ടു നില്‍ക്കുന്നു എന്നത് മരുമക്കത്തായതിന്‍റെ തുടര്‍ച്ചയ്ക്ക് ഒരു കാരണമായി പറയാവുന്നതാണ്.
ആധുനിക വിദ്യാഭ്യാസവും സര്‍ക്കാര്‍ ജോലികളുടെ സാധ്യതകളും ഭൂസ്വത്തുക്കളുടെ മുകളിലുള്ള ആശ്രയത്തില്‍ ഗണ്യമായ കുറവ് വരുത്തുകയും വ്യത്യസ്ത തരത്തിലുള്ള വ്യക്തി ബന്ധങ്ങളില്‍ വ്യതിയാനങ്ങള്‍ക്കു കാരണമാകുകയും ചെയ്തു. 1965 -ലെ ലക്ഷദ്വീപ്, മിനിക്കോയ്, അമിനി ഐലന്‍ഡ് ലാന്‍ഡ് റെവന്യു ആന്‍ഡ് ടെനന്‍സി റെഗുലേഷന്‍ നൂറ്റാണ്ടുകളായുള്ള ജന്മി-കുടിയാന്‍ ബന്ധത്തിന് വിരാമമിടുകയും കുടിയാന്മാര്‍ക്ക് സ്വത്തവകാശം ഉറപ്പാക്കുകയും ചെയ്തു. ഭൂപരിഷകരണ നിയമങ്ങള്‍ ഭൂസ്വത്തുക്കളുടെ അളന്നു തിട്ടപ്പെടുത്തലിനും കമ്പോളവത്കരണത്തിലേക്കും നയിച്ചു. ഭൂപരിഷ്‌കരണ നിയമങ്ങള്‍ കീഴ്ജാതിക്കാരും കുടിയാന്മാരുമായ മേലാച്ചേരികള്‍ക്ക് ഗുണകരമായി ഭവിക്കുകയും വ്യക്തിഗത സ്വത്തുക്കളുടെ സമ്പാദനത്തിനു വഴിയൊരുക്കുകയും മരുമക്കത്തായതില്‍ നിന്നും വിടുതല്‍ നേടുന്നതിനായി സഹായിക്കുകയും ചെയ്തെന്ന് ഇത്തമന്‍ 1970 കളില്‍ അമിനി ദ്വീപില്‍ നടത്തിയ സര്‍വേയില്‍ നിരീക്ഷിക്കുന്നു. കുടിയാന്മാരുടെ എണ്ണം വളരെ കുറവുണ്ടായിരുന്ന കല്‍പേനി, ആന്ത്രോത്ത് ദ്വീപുകളില്‍ ഇപ്പോഴും അവിഭജിത തറവാടുകളും സ്വത്തുക്കളും ധാരാളമായി കാണാന്‍ സാധിക്കും. എന്നാല്‍ അമിനി, കവരത്തി പോലെയുള്ള ദ്വീപുകളില്‍ സ്വത്തുവിഭജനം താരതമ്യേന ത്വരിതഗതിയിലായിരുന്നു.
നവോത്ഥാന ചിന്തകളിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന കേരളവുമായുള്ള സമ്പര്‍ക്കത്തിലുണ്ടായ വര്‍ദ്ധനവും ദ്വീപുനിവാസികളുടെ ചിന്താഗതിയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. വന്‍കരയില്‍ നിന്നും, പ്രത്യേകിച്ചു കേരളത്തില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥവൃന്ദങ്ങള്‍ മരുമക്കത്തായ ആചാരങ്ങളെ ആക്ഷേപകരമായി വിശേഷിപ്പിച്ചതും പുതിയ തലമുറ കേരളത്തില്‍ പോയി ഉയര്‍ന്ന വിദ്യാഭ്യാസം കൈക്കലാക്കാന്‍ തുടങ്ങിയതും ദ്വീപ് ചിട്ടവട്ടങ്ങളെ പുനര്‍വിചിന്തനം നടത്തണം എന്ന ആഗ്രഹം ദ്വീപ് നിവാസികളില്‍ രൂഢമൂലമാകാന്‍ കാരണമായി. ദ്വീപിലെ യുവതലമുറ ഇത്തരം ജീവിതരീതികളെ പ്രകൃതമെന്ന ഭാവേന നോക്കിക്കാണാന്‍ തുടങ്ങുകയും വിക്ടോറിയന്‍ മൊറാലിറ്റിയില്‍ അധിഷ്ഠിതമായ കുടുംബബന്ധങ്ങളെ കാംക്ഷിക്കുകയും ചെയ്തു. ലക്ഷദ്വീപില്‍ ആ സമയത്തു ഇറങ്ങിയ മാഗസിനുകളില്‍ കുടുംബബന്ധത്തിന്‍റെ പ്രാധാന്യം വിവരിക്കുന്ന ഒരുപാട് ലേഖനങ്ങള്‍ കാണാന്‍ സാധിക്കും. വിദ്യാസമ്പന്നരായ യുവതയുടെ ‘നിലവാരമൊത്ത’ ആധുനിക കുടുംബമായി ജീവിക്കാനുള്ള വ്യഗ്രത ഇതിലൂടെ മനസ്സിലാക്കാം.
ലക്ഷദ്വീപിലെ പല ദ്വീപുകളിലായി പല വിധത്തിലുള്ള പ്രാദേശിക വൈവിധ്യത്തോടെ നിലനിന്നിരുന്ന മരുമക്കത്തായ നിയമങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ട് വരുന്നതിനായുള്ള ശ്രമങ്ങള്‍ 1970 കളോടെ ആരംഭിക്കുകയും ഇന്നും അതിനെക്കുറിച്ചുള്ള സംവാദങ്ങള്‍ തുടരുകയും ചെയ്യുന്നു. മിക്ക ചര്‍ച്ചകള്‍ക്കും മുന്‍കൈ എടുത്തിരിക്കുന്നത് ദ്വീപ് അഡ്മിനിസ്‌ട്രേഷനാണ്. ദ്വീപുനിവാസികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ പങ്കാളിത്തം ഇതില്‍ തുലോം കുറവായി കാണാവുന്നതാണ്. ആന്തരിക മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ലക്ഷദ്വീപ് മരുമക്കത്തായ സിസ്റ്റത്തെ ക്രോഡീകരിക്കാന്‍ നടത്തിയ റിപ്പോര്‍ട്ടുകളും സംവാദങ്ങളും പരിമിതമായ സ്ത്രീപങ്കാളിത്തത്താല്‍ അടയാളപ്പെടുത്താവുന്നതാണ്. 1972 ല്‍ സമര്‍പ്പിച്ച ശങ്കരനാരായണന്‍ അയ്യര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി 72 പുരുഷന്മാരെ മാത്രം ഇന്റര്‍വ്യൂ ചെയ്യുകയും അതിനുശേഷം 1984 ല്‍ ഈ കമ്മിറ്റ റിപ്പോര്‍ട്ട് സിറ്റിസണ്‍ കൗണ്‌സിലിന്‍റെ മുന്‍പാകെ വെക്കുകയും ചെയ്തു. അതില്‍ പങ്കെടുത്ത ഒരേ ഒരു സ്ത്രീയുടെ അഭിപ്രയം വേറൊരുമെമ്പര്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു. ”ആണുങ്ങള്‍ ആകാശത്തിലെ പറവകളെ പോലെയാണ്. അവര്‍ പോയാലും സ്ത്രീകളെ ജീവിക്കാന്‍ പ്രാപ്തരാക്കുന്ന സമ്പ്രദായമാണ് മരുമക്കത്തായം. അത് നിലനില്‍ക്കുക തന്നെ വേണം”;
മരുമക്കത്തായനിയമങ്ങളുടെ ക്രോഡീകരണത്തിന്‍റെ ആവശ്യകതയെകുറിച്ച 2003 ല്‍ കവരത്തിയില്‍ വെച്ച് നടന്ന സെമിനാറില്‍ വന്‍കരയില്‍ നിന്നും ദ്വീപില്‍ നിന്നുമായി പങ്കെടുത്ത അംഗങ്ങളില്‍ ഒരു സ്ത്രീ പോലും ഉണ്ടായിരുന്നില്ല. മരുമക്കത്തായം ക്രോഡീകരിക്കുന്നതിന്റെ ഭാഗമായി നടന്ന സംവാദങ്ങളില്‍ അതിന്റെ ഏറ്റവും വലിയ വിശേഷവകാശംഅനുഭവിക്കുന്ന സ്ത്രീകള്‍ എങ്ങനെ തഴയപ്പെട്ടു എന്നതില്‍ നിന്നും മരുമക്കത്തായതിന്‍റെയും ആധുനികതയുടെയും പോരായ്മകള്‍ കൂടി മനസിലാക്കാന്‍ സാധിക്കാവുന്നതാണ്.
താവഴിപ്രകാരമുള്ള സ്വത്തുവിഭജനത്തിനു മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും അണുകുടുംബങ്ങളായി പിരിഞ്ഞുപോകാനുള്ള പ്രവണത സജീവമായിത്തുടങ്ങി. ഈ അണുകുടുംബങ്ങളില്‍ അധികാരം ഭര്‍ത്താവില്‍ അല്ലെങ്കില്‍ പിതാവില്‍ കേന്ദ്രീകരിക്കുന്ന വിധത്തില്‍ രൂപമാറ്റങ്ങള്‍ സംഭവിച്ചു. സ്വത്തുക്കള്‍ സ്ത്രീകളുടെ പേരിലാണെങ്കിലും അവരുടെ നിയന്ത്രണം പുരുഷന്മാരില്‍ കൂടുതലായി കേന്ദ്രീകരിക്കപ്പെട്ടു. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും സ്ത്രീകള്‍ പരുഷന്മാര്‍ക്കൊപ്പമോ അവരേക്കാളേറെയോ മുന്നേറിയെങ്കിലും പൊതുരംഗങ്ങളിലെ പ്രാതിനിധ്യം അതിനനുസരിച്ച വളര്‍ന്നുവന്നതായി കാണാന്‍ കഴിയുന്നില്ല. ജോലി ചെയ്യുന്ന സ്ത്രീകളില്‍ പോലും ആശ്രിതത്വ മനോഭാവം കൂടി വരുന്നതായി കാണുന്നു. കാരണവര്‍-കാരണവത്തി സിസ്റ്റത്തിന്‍റെ അഭാവവും തറവാട് വിഭജനങ്ങളും മരുമക്കത്തായ സമ്പ്രദായത്തില്‍ സ്ത്രീകളുടെ ജീവിതത്തില്‍ ഉള്ളതായി കണക്കാക്കപ്പെടുന്ന സ്വാതന്ത്യത്തെ ബാധിച്ചതായി പറയുവാന്‍ സാധിക്കും. അണുകുടുംബ ജീവിതത്തിലെ ചിട്ടവട്ടങ്ങള്‍ ആണോ അതോ തറവാട് സിസ്റ്റത്തിലെ ജീവിതമാണോ കൂടുതല്‍ നല്ലത് എന്ന ചോദ്യത്തിന് പുതിയ തലമുറ ഉള്‍പ്പെടെയുള്ള മിക്കവാറും സ്ത്രീകള്‍ പഴയ പോലെയായിരുന്നു നല്ലത് എന്ന ഉത്തരമാണ് നല്‍കിയത്.
ഭൂരിപക്ഷം വരുന്ന ആണുങ്ങളും നിലവില്‍ നടപ്പിലുള്ള സ്വത്തു വിഭജനസമ്പ്രദായത്തെയാണ് പിന്തുണച്ചതെന്ന് കാണാന്‍ സാധിക്കും. ഇസ്ലാമിക നിയമാവലികളുടെ ആശ്ലേഷണത്തെക്കാളും ആളുകള്‍ മുന്‍ഗണന കൊടുത്തത് താവഴി പ്രകാരമുള്ള സ്വത്തുകൈമാറ്റത്തിനാണ്. എന്നാല്‍ തന്നെയും ദൈനംദിനേനയുള്ള ആളുകളുടെ വ്യവഹാരങ്ങളില്‍ നിന്നും പ്രായോഗികതയ്ക്കാണ് മുന്‍തൂക്കം എന്ന് മനസിലാക്കാം. മരുമക്കത്തായ സമ്പ്രദായത്തെ പിന്തുണയ്ക്കുന്ന പലരും മുന്‍പേ തന്നെ അവരുടെ തറവാടുകളില്‍ നിന്നും ഓഹരിവാങ്ങി പിരിഞ്ഞുപോയവരാണെന്ന് കാണാം. അത് കൂടാതെ ഭാര്യവീട്ടില്‍ ആണ് കൂടുതല്‍ സ്വത്തുവകകള്‍ ഉള്ളതെങ്കിലും ആളുകള്‍ പൊതുവില്‍ മരുമക്കത്തായതിനു വേണ്ടി വാദിക്കുന്നു. കാരണം ഇപ്പോഴത്തെ മാറിയ പരിതസ്ഥിതിയില്‍ ഭാര്യയുടെ വീട്ടിലെ സ്വത്തിലെ അവകാശവും സ്വന്തം തറവാട്ടിലെ സ്വത്തുക്കളുടെ കൈവശാവകാശവും ഭര്‍ത്താവില്‍ നിക്ഷിപ്തമായിരിക്കും. ഇതിന്റെയെല്ലാം അന്തിമമായ പ്രയോജനം ഈ അണുകുടുംബത്തിലുള്ള കുട്ടികള്‍ക്കു ആയിരിക്കും.
വിവാഹബന്ധങ്ങളില്‍ കാലക്രമേണ ഉടലെടുത്ത ദൃഢത തറവാട്ടിലെ അംഗങ്ങളുടെ കുടുംബബന്ധത്തിനു ബദലായി മാറി. ഇപ്പോഴുള്ള മാറിമറിഞ്ഞ വ്യവസ്ഥിതിയില്‍ കുടുംബബന്ധങ്ങളുടെ രക്ഷാകര്‍തത്വം തറവാടിതര അംഗങ്ങളില്‍ നിക്ഷിപ്തമാകുന്ന പ്രവണത കണ്ടുവരുന്നു. കാരണവര്‍- കാരണവത്തി ദ്വന്ദങ്ങളില്‍ നിന്നും ഭര്‍ത്താവ്/ ഭാര്യ യില്‍ ശിഥിലമായ തറവാട് അധികാരം കേന്ദ്രീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. അണുകുടുംബങ്ങളുടെ ആധിക്യത്തോടെ കുടുംബാധിപത്യം മരുമക്കത്തായ ബന്ധത്തിലെ അംഗമല്ലാത്ത ഭര്‍ത്താവില്‍ ഏകീഭവിക്കുന്നു. തല്‍ഫലമായി ഫലത്തില്‍ മരുമക്കത്തായ വ്യവസ്ഥിതി ആണെങ്കിലും അതിന്റെ രക്ഷാകര്‍തത്വം പുരുഷനായ തറവാടില്‍ അംഗമല്ലാത്ത ഒരാളില്‍ കേന്ദ്രീകരിക്കപ്പെടുന്നു. സ്ത്രീകളുടെ പദവിയും സുരക്ഷിതത്ത്വവും അത് വഴി വിട്ടുവീഴ്ച ചെയ്യുന്നതിനും മരുമക്കത്തായ സമ്പ്രദായത്തിലെ സ്ത്രീകള്‍ മാത്രം അനുഭവിക്കുന്ന വിശേഷാവകാശങ്ങളില്‍ സ്വാഭാവിക മാറ്റങ്ങളുണ്ടാകുന്നതിനും കാരണമാകുകയും ചെയ്യുന്നു.
ഇസ്ലാമിക കുടുംബസങ്കല്പങ്ങളും ചെറുതായെങ്കിലും സ്ത്രീകളുടെ ജീവിതശൈലികളില്‍ വരുന്ന മാറ്റങ്ങളെ സ്വാധിനിച്ചിട്ടുണ്ട്. തറവാട് സ്വത്തുവിഭജനങ്ങള്‍ തുടര്‍ക്കഥയായെങ്കിലും പൂര്‍ണാര്‍ത്ഥത്തില്‍ മരുമക്കത്തായതില്‍ നിന്ന് മക്കത്തായത്തിലേക്കുള്ള ഒരു പരിവര്‍ത്തനം ഭൂരിപക്ഷ സ്ത്രീപുരുഷന്മാര്‍ക്കു പഥ്യമല്ല എന്നാണു പഠനങ്ങളില്‍ നിന്ന് മനസിലാക്കുവാന്‍ സാധിക്കുന്നത്. മരുമക്കത്തായ നിയമങ്ങളുടെ ക്രോഡീകരണത്തിനു വേണ്ടി ലക്ഷദ്വീപില്‍ സംഘടിപ്പിക്കപ്പെട്ട പല ചര്‍ച്ചായോഗങ്ങളും വളരെ ചെറിയ ഒരു ഗ്രൂപ്പിന്‍റെ ഇടയില്‍ മാത്രം ഒതുങ്ങിനിന്നു. ഭൂരിപക്ഷം വരുന്ന ദ്വീപ് നിവാസികളും ഇത്തരം ചര്‍ച്ചകളില്‍ അവഗണിക്കപ്പെടുകയാണുണ്ടായത്.
മാതൃദായ സമ്പ്രദായത്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തി നടക്കുന്ന വ്യവഹാരങ്ങള്‍ അവയുടെ സ്ത്രീശാക്തീകരണ പ്രവണതകളും, സ്ത്രീരക്ഷാകര്‍തൃത്വം വ്യാജനിര്‍മ്മിതമാണ് എന്ന വാദങ്ങളും ഒരുപോലെ പ്രതിപാദിക്കുന്നു. പുരുഷകേന്ദ്രീകൃത/ മേധാവിത്ത വ്യവസ്ഥിതി മാതൃദായസമ്പ്രദായത്തില്‍ നടനമാടുന്ന സാഹചര്യത്തില്‍ സ്ത്രീകേന്ദ്രീകൃതത എന്ന ഒരു സ്ഥിതിവിശേഷം / അവസ്ഥ എത്രത്തോളം അത്തരം സമുദായങ്ങളില്‍ യഥാര്‍ത്ഥത്തില്‍ പ്രായോഗികമായിരുന്നു എന്നത് അവയുടെ സുഗമമായ/അസുഗമമായ മക്കത്തായ വ്യവസ്ഥിതിയിലേക്കുള്ള പരിവര്‍ത്തനത്തില്‍ നിന്ന് മനസിലാക്കാവുന്നതാണ്. അതേസമയം ഓരോ സ്ത്രീയുടെയും കര്‍തൃത്വം കുടുംബവ്യവസ്ഥിതിയിലെ അവരുടെ സ്റ്റാറ്റസുമായി ബന്ധപ്പെട്ടു കിടക്കുകയും ചെയ്യുന്നു.
തീര്‍ച്ചയായും മരുമക്കത്തായം ഇപ്പോഴും ലക്ഷദ്വീപില്‍ മാറ്റങ്ങളോടെ നിലനില്‍ക്കുന്നു. ആധുനികത ദ്വീപുനിവാസികളെ ”സദാചാരബോധമുള്ള”വരാക്കിയെങ്കിലും സ്ത്രീകളുടെ വീട്ടില്‍ നില്‍ക്കുന്നതും താവഴി പ്രകാരം സ്വത്തു കൈമാറ്റം ചെയ്യുന്നതൊന്നും മോശം കാര്യം ആയി ദ്വീപ് നിവാസികള്‍ കണക്കാക്കി തുടങ്ങിയിട്ടില്ല. എന്നാല്‍ സ്ത്രീകളും പുരുഷന്മാരും വിക്ടോറിയന്‍ സദാചാര കാഴ്ചപ്പാടുകൾ മുറുകെപിടിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. ഇത് തീര്‍ച്ചയായും സ്ത്രീകളുടെ ലൈഗികതയെ കടിഞ്ഞാണ്‍ ഇടുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്. വിവാഹമോചനങ്ങള്‍ കുറഞ്ഞതും സ്ത്രീകളും പുരുഷന്മാരും അണുകുടുംബത്തിലേക്ക് കാലെടുത്തുവെച്ചതും സ്ത്രീകളുടെ ചലനാത്മാകതയെ സാരമായി ബാധിച്ചിട്ടുണ്ട്.
മരുമക്കത്തായം നിലനിര്‍ത്താനായി ഭൂരിപക്ഷം ആണുങ്ങള്‍ പിന്തുണയ്ക്കുന്ന സാഹചര്യമാണ് ദ്വീപുസമൂഹത്തില്‍ കാണാനാകുക. അതിനേക്കാളുപരി, മരുമക്കത്തായ നിയമങ്ങളെ അതിന്‍റെ അസ്ഥിരമായ അവസ്ഥയില്‍ നിലനിര്‍ത്തുന്നതിനാണ് കാതലായ ഊന്നല്‍ നല്‍കപ്പെട്ടു വരുന്നത്. അത് വഴി മരുമക്കത്തായ നിയമങ്ങളുടെ വിവിധ വശങ്ങളെ അവരവര്‍ക്കനുസൃതമായി കൈകാര്യം ചെയ്യാന്‍ സാധിക്കുകയും സാമ്പത്തിക സാമൂഹിക ആനുകൂല്യങ്ങള്‍ കരസ്ഥമാക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്തുവരുന്നു. സ്വത്തുസംബന്ധിയായ വ്യവഹാരങ്ങളുടെ ആധിക്യവും ക്രോഡീകൃതമായ നിയമങ്ങളുടെ അഭാവവും ജുഡീഷ്യറിയുടെ / കോടതിവിധികളുടെ ആശ്രയത്വത്തിലേക്ക് കേസുകളെത്തിക്കുകയും നാനാവിധമായ വിധികളുടെ ആവിര്ഭാവത്തിനിടയാകുകയും ചെയ്തു. തറവാട് ഒരു അവിഭാജ്യ അസ്തിത്വം ആണ് എന്ന തിരിച്ചറിവ് ജുഡീഷ്യറിയുടെ ഇടപെടലോടുകൂടി മാറിമറിഞ്ഞതായി വിജയകുമാര്‍ നിരീക്ഷിക്കുന്നു.
അനുദിനം വര്‍ധിച്ചുവരുന്ന സ്വത്തുസംബന്ധിയായ കോടതി വ്യവഹാരങ്ങള്‍ ഒട്ടും തന്നെ ആശാസ്യകരമല്ലാത്തതിനാല്‍ നാട്ടുനടപ്പിലുള്ള നിയമാവലികളുടെ ക്രമീകരണം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. എന്നാല്‍ ഉന്നതാധികാരികളുടെ നൂലില്‍ കെട്ടിയിറക്കുന്ന പ്രതിവിധികളെക്കാളും അഭികാമ്യം താഴെത്തട്ടിലുള്ള inclusive ആയിട്ടുള്ള ചര്‍ച്ചകളും സംവാദങ്ങളും ആണ്. ഇതില്‍ പ്രായ-ജാതി ഭേദമന്യേയുള്ള സ്ത്രീകളുടെ പങ്കാളിത്തവും ക്രോഡീകരണത്തില്‍ സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക സുരക്ഷയും ഉറപ്പു വരുത്തേണ്ടതാണ്.
അവലംബം: Dube, Leela. Matriliny and Islam: Religion and Society in the Laccadives. Delhi: National Publishing House, 1969. Innes, C.A. Ed. Madras District Gazetteers, Malabar and Anjengo, vol. 1. Madras: Government Press,1915. Ittaman, K. P. Amini Islanders. New Delhi: Abhinav Publications, 1976. Kutty, A.R. Marriage and Kinship in an Island Society.Delhi: National Publishing House, 1972. Vijayakumar, V. Traditional Futures: Law and Custom in India’s Lakshadweep Islands. New Delhi: Oxford University Press, 2006. Mumthas, Mariyam. (2018). Reforming tradition: Transformation of matriliny among the Muslims of modern Lakshadweep (Unpublished master’s thesis). University of Hyderabad, Hyderabad.

SHARE YOUR FEEDBACK

RECENT IN THIS CATEGORY