DweepDiary.com | ABOUT US | Thursday, 09 December 2021

ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധികൾ | ഡോ. സ്മിത പി. കുമാർ (ഞായർ സ്പെഷ്യൽ)

In interview Special Feature Article BY Raihan Rashid On 01 August 2021
കലാലയങ്ങളുടെ അപര്യാപ്‌തത, പുതുതലമുറയെ ആകർഷിക്കുന്നതും ദ്വീപിന് അനുയോജ്യമായതുമായ കോഴ്‌സുകളുടെ അഭാവം, അധ്യാപകരുടെ സ്ഥിരനിയമനമില്ലായ്മ, ഇന്റർനെറ്റ് പ്രശ്‌നങ്ങൾ എന്നുതുടങ്ങി ലക്ഷദ്വീപിലെ ഉന്നത വിദ്യാഭ്യാസരംഗം നേരിടുന്ന പ്രതിസന്ധികളും അവക്കുള്ള പരിഹാരങ്ങളും അവതരിപ്പിക്കുകയാണ് വിദ്യാഭ്യാസവിചക്ഷണയും കവരത്തി അധ്യാപകപരിശീലന കേന്ദ്രത്തിലെ മുൻ പ്രധാനഅധ്യാപികയുമായ ഡോ. സ്മിത പി. കുമാർ.

ലക്ഷദ്വീപിൽ ആധുനിക വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ ചരിത്രം തുടങ്ങുന്നത് തന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയോടെ ആണെന്ന് പറയാം. അതുവരെ മതപാഠശാലകളിലെ ഖുർആൻ പഠനത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്നു ദ്വീപിലെ വിദ്യാഭ്യാസം. ബ്രിട്ടീഷ് ഭരണകാലഘട്ടത്തിൽ ആധുനിക വിദ്യാഭ്യാസപ്രക്രിയകൾ ആരംഭിക്കുകയും, പിന്നീട് പടിപടിയായി വിദ്യാഭ്യാസ സൗകര്യങ്ങൾ ദ്വീപുകളിൽ വികസിച്ചുവരുകയും ചെയ്തു. ഉയർന്ന സാക്ഷരതാ നിരക്കും (91.85 %) ഉന്നത വിദ്യാഭ്യാസനേട്ടങ്ങളും കയ്യടക്കുന്ന ഒരു സമൂഹമായി ദ്വീപുജനത പരിണമിച്ചതിനു പിന്നിലുള്ള വിദ്യാഭ്യാസചരിത്രം അനവധിയായ പ്രതിബന്ധങ്ങളും പരിമിതികളും പിന്നിട്ടു മുന്നേറിയതാണെന്നു കാണാം.

വിജ്ഞാനദാഹികളായ ആദ്യകാല ജനതയുടെയും, അർപ്പണബോധമുള്ള അധികാരികളുടെയും അധ്യാപകരുടെയും ത്യാഗോജ്ജ്വലമായ പ്രവർത്തനത്തിന്റെ ഫലമായാണ് ഉന്നത വിദ്യാഭ്യാസ കലാലയങ്ങൾ ഉൾപ്പെടെയുള്ള പുരോഗതി ദ്വീപിൽ സാധ്യമായത്. ഉന്നതവിദ്യാഭ്യാസത്തിനായി 2005 വരെ ദ്വീപിലെ വിദ്യാർത്ഥികൾ പ്രധാനമായും കേരളത്തിലെ വിവിധ സർവകലാശാലകളെ ആയിരുന്നു ആശ്രയിച്ചിരുന്നത്. കരയിലേക്കുള്ള യാത്ര, താമസം, മറ്റു വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവയിലൊക്കെ വിദ്യാർത്ഥികൾ നേരിട്ടിരുന്ന പ്രശ്നങ്ങൾക്കു കുറെയെല്ലാം പരിഹാരമായത് ദ്വീപിൽ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിച്ചത് മുതലാണ്.

2005 -2006 കാലയളവിലാണ് കാലിക്കറ്റ് സർവകലാശാലയുടെ കീഴിലായി മൂന്ന് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ കവരത്തി, ആന്ദ്രോത്ത്, കടമം എന്നീ ദ്വീപുകളിലായി സ്ഥാപിതമാവുന്നത്. പിന്നീട് 2013 -14 കാലയളവിലാണ് കവരത്തി ദ്വീപിൽ DIET പ്രവർത്തനമാരംഭിച്ചത്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും അവ വിപുലീകരിക്കുന്നതിനുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ശ്രദ്ധ ചെലുത്തുന്നുണ്ടെങ്കിലും ദ്വീപിന്റെ സവിശേഷമായ സാഹചര്യങ്ങൾ നിമിത്തം ഒട്ടനേകം പ്രതിസന്ധികൾ നിലനിൽക്കുന്നു.

ലഭ്യമായ രേഖകൾ വെച്ച് പരിശോധിക്കുമ്പോൾ രണ്ടു ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ വിവിധ ബിരുദാനന്തര -ബിരുദ കോഴ്സുകളിൽ അനുവദിക്കപ്പെട്ട സീറ്റുകളിലേക്കുള്ള കുട്ടികളുടെ എൻറോൾമെൻറ് നിരക്ക്‌ ദേശീയ ശരാശരിയേക്കാൾ ഏറെ പുറകിലാണെന്നു കാണാം. ദേശീയ ശരാശരി എൻറോൾമെൻറ് നിരക്ക് 26 .3 ആയിരിക്കുമ്പോൾ ദ്വീപിൽ അത് 7.4 ആണ്. 2011 -12 മുതൽ 2018 -19 വരെയുള്ള എൻറോൾമെൻറ് നിരക്ക് പരിശോധിക്കുമ്പോൾ ഏറിയും കുറഞ്ഞും പോകുന്ന ഒരു പ്രവണതയാണ് പ്രകടമാവുന്നത്. ദ്വീപിലുള്ള ഉന്നത വിദ്യഭ്യാസസൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഒരു മുന്നോട്ടുപോക്ക് കാണാൻ സാധിക്കില്ല. അതിൽ തന്നെ ദ്വീപിലെ ഉന്നത വിദ്യാഭ്യാസസൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്ന 18 - 23 വയസിനിടയിലുള്ള ആൺകുട്ടികളുടെ എണ്ണം വളരെ കുറവാണ്. ദ്വീപിനു പുറത്ത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി പോവുന്നുണ്ട് എന്നതുകൊണ്ട് തന്നെ ദ്വീപിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ ആൺകുട്ടികളുടെ കുറവ് പൊതുവിൽ ഉള്ള കുറവായിട്ടു കണക്കാക്കാൻ സാധിക്കില്ല. പക്ഷെ ദ്വീപിൽ തന്നെ ലഭ്യമാകുന്ന ഉന്നത വിദ്യാഭ്യാസ അവസരങ്ങളുടെ ഗുണകരമായ പ്രതിഫലനമാണ് പെൺകുട്ടികളുടെ എൻറോൾമെൻറ് നിരക്കിൽ കാണുന്ന വർധനവ്.

നാലായിരത്തിലധികം കുട്ടികൾ ദ്വീപിനു പുറത്തുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്നുണ്ട്. ഹയർ സെക്കന്ററി പഠനത്തിന് ശേഷം കൂടുതൽ വിദ്യാർത്ഥികളും കേരളത്തിലെ വിവിധ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര കോഴ്സുകൾ തിരഞ്ഞെടുക്കുന്നു. ഇവിടങ്ങളിൽ ലക്ഷദ്വീപിലെ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള സംവരണസീറ്റുകളും ഫീസ് ഇളവുകളും മറ്റു സ്കോളർഷിപ്പ് പദ്ധതികളും നല്ലൊരു ശതമാനം വിദ്യാർത്ഥികളും പ്രയോജനപ്പെടുത്തുന്നു. സയൻസ് സ്ട്രീമിൽ അധികം കോഴ്സുകൾ ദ്വീപിൽ ഇല്ല എന്നതുകൊണ്ട് തന്നെ അതിനായി പൂർണ്ണമായും ദ്വീപിനു പുറത്തുള്ള സ്ഥാപനങ്ങളെ കുട്ടികൾക്ക് ആശ്രയിക്കേണ്ടി വരുന്നു. ഹ്യൂമാനിറ്റീസ് സ്ട്രീമിലുള്ള വിഷയങ്ങളുടെ വൈവിധ്യവും കുട്ടികളെ കേരളത്തിലേക്കു ആകർഷിക്കുന്നുണ്ട്.

മെഡിക്കൽ/ എഞ്ചിനീയറിംഗ് മേഖലയിലെ തുടർ വിദ്യഭ്യാസത്തിന് താൽപ്പര്യപ്പെടുന്നവർക്ക് എൻട്രൻസ് കോച്ചിങിനും മറ്റും കൂടുതൽ അവസരങ്ങൾ ദ്വീപിനു പുറത്തുണ്ട് എന്നതുകൊണ്ട് തന്നെ ഹയർ സെക്കന്ററി മുതലേ കേരളത്തിലെ വിദ്യാലയങ്ങളിൽ പ്രവേശനം തേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വർധനവ് കാണുന്നു. ദ്വീപിനു പുറത്തുള്ള പഠനാന്തരീക്ഷം തിരഞ്ഞെടുക്കാനുള്ള താൽപര്യവും കുട്ടികളിൽ പ്രകടമാണ്. പല കോഴ്സുകളും (ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, എക്കണോമിക്സ്, അറബിക്, കോമേഴ്‌സ്) ദ്വീപിൽ തന്നെ ലഭ്യമാണെങ്കിലും ദ്വീപിലെ കോളേജുകൾ തിരഞ്ഞെടുക്കാനുള്ള വിമുഖത കുട്ടികൾ പ്രകടിപ്പിക്കാറുണ്ട്. അക്കാദമിക മികവ് കാഴ്ച വെയ്ക്കുവാൻ പാകത്തിലുള്ള പഠനാന്തരീക്ഷം ഒരുക്കുന്നതിൽ ദ്വീപിലെ കോളേജുകൾ പല കാരണങ്ങൾ കൊണ്ടും പരാജയപ്പെടുന്നതായി കാണാം. ആവശ്യമായ അധ്യാപകരുടെ കുറവ്, കോളേജുകളുടെ പശ്ചാത്തല സംവിധാനങ്ങളുടെ പരിമിതികൾ, ശേഷീവികാസത്തിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയെല്ലാം ഇതിനു കാരണമാകുന്നു.

ഉന്നത വിദ്യഭ്യാസ കാലയളവുകളിൽ അധിക അറിവുകൾ നേടുന്നതിന് പലപ്പോഴും സഹായകമാവുന്നത് ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സാങ്കേതികസൗകര്യങ്ങളുടെ ലഭ്യതയാണ്. സാങ്കേതിക വിദ്യാവ്യാപനം (പെനെട്രേഷൻ) ഇന്നും കുറഞ്ഞിരിക്കുന്ന സമൂഹമാണ് ലക്ഷദ്വീപ്. ഇന്റർനെറ്റ് കണക്റ്റിവിറ്റി വളരെ കുറവാണ് ഒട്ടുമിക്ക ദ്വീപുകളിലും. ആ കുറവ് വലിയ തോതിൽ വിദ്യാർത്ഥികളുടെ, പ്രത്യേകിച്ച് കോളേജ് തല വിദ്യാർത്ഥികളുടെ പഠനപ്രക്രിയകൾക്കും, ഗവേഷണപ്രവർത്തനങ്ങൾക്കും വിഘാതമാവുണ്ട്.
ഈ കോവിഡ് മഹാമാരിക്കാലത്ത് രാജ്യം മുഴുവൻ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്കു പെട്ടെന്ന് ചുവടു മാറിയപ്പോൾ അതിന്റെ ഗുണഫലങ്ങളിൽ നിന്ന് പുറംതള്ളപ്പെട്ട വിദ്യാർത്ഥിസമൂഹമാണ് ദ്വീപിലുള്ളത്. ദ്വീപിലെ വിദ്യാർത്ഥിസമൂഹത്തെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ ആക്സിസിബിലിറ്റി എന്നത് വെറും സാങ്കേതികപ്രശ്നം മാത്രമല്ലാതാക്കുന്നത് ഭൂമിശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടുകൂടിയാണ്. ഇതിനെല്ലാം പുറമെ പാഠ്യപദ്ധതികളും പഠനാനുഭവങ്ങളും ദ്വീപിലെ പ്രത്യേകപരിതസ്ഥിതിയിൽ ജനിച്ചുജീവിക്കുന്ന കുട്ടികൾക്ക് അഭിലഷണീയമായതോ ആകർഷണീയമായതോ ആവാതിരിക്കുന്നത് പഠനാഭിമുഖ്യം കുറയുന്നതിന് കാരണമാവുന്നു.

ഭാഷാപരമായ അപരിചിതത്വം പ്രാഥമിക വിദ്യാഭ്യാസകാലം തൊട്ടേ കുട്ടികൾ നേരിടുന്ന പ്രധാനപ്രശ്നമാണ്. സ്വന്തം സമൂഹത്തിൽ നിന്നും സംസ്കാരത്തിൽ നിന്നും പ്രകൃതിയിൽ നിന്നും വേറിട്ട പാഠ്യവസ്തുക്കളും പഠന മാധ്യമവും പ്രാഥമികതലം തൊട്ടേ കുട്ടികളെ മാനസികമായി അന്യവൽക്കരിക്കുന്നുണ്ട്. ഇതിന്റെയെല്ലാം അനുരണനങ്ങൾ പഠനകാലയളവുകളിൽ ഭൂരിഭാഗം വിദ്യാർത്ഥികളുടെയും അക്കാദമികനേട്ടങ്ങളെ പരോക്ഷമായെങ്കിലും ബാധിക്കുന്ന ഘടകങ്ങൾ ആയിത്തീരുന്നു. ഒരു വർഷത്തേക്കോ പരമാവധി മൂന്നു വർഷത്തേക്കോ ഉള്ള കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന അധ്യാപകരുടെ അടിക്കടിയുള്ള മാറ്റങ്ങൾ പഠനത്തുടർച്ച നഷ്ടമാവുന്നതിനോ സ്ഥായിത്വമുള്ള പഠനമനോഭാവം കുട്ടികളിൽ നിലനിർത്തുന്നതിനോ തടസ്സം സൃഷ്ടിക്കുന്ന ഘടകമാണ്.

വിദ്യാഭ്യാസത്തിലും തൊഴിൽമേഖലയിലും സ്ത്രീപങ്കാളിത്തം വർധിച്ചുവരുന്നുണ്ടെങ്കിലും ഉന്നതവിദ്യഭ്യാസം കഴിഞ്ഞു പുറത്തിറങ്ങുന്നവർക്ക്‌ അവരുടെ യോഗ്യതകൾക്കനുസരിച്ചുള്ള തൊഴിൽ സാധ്യതകൾ സർക്കാരിന് നൽകാൻ കഴിയാത്തതും വലിയ പരിമിതിയാണ്. ചുരുക്കം ഉദ്യോഗാർഥികളേ ദ്വീപിനു പുറത്തു ജോലിതേടി പോവാൻ താല്പര്യപ്പെടുന്നുള്ളൂ. സ്ത്രീകളുടെ കാര്യത്തിൽ അത് തുലോം കുറവാണ്. ദ്വീപിന്റെ സവിശേഷസാഹചര്യങ്ങൾ കണക്കിലെടുത്തു കൊണ്ടുവേണം വിദ്യാഭ്യാസ പദ്ധതികളും അതിനനുസൃതമായി തൊഴിലവസരങ്ങളും രൂപപ്പെടുത്തേണ്ടത്.

കവരത്തിയിലെ ബി.എഡ് കോളേജ് റീജിയണൽ സെന്റർ ആയി പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ ബിരുദ-ബിരുദാനന്തര കോഴ്സുകൾ ദ്വീപുവാസികൾക്കു വളരെ സഹായകമായ ഒരു ബദൽ സംവിധാനമാണ്. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളൊന്നും ദ്വീപിലില്ല എന്നത് കൊണ്ടുതന്നെ നിലവിലുള്ള ഉന്നത വിദ്യാഭ്യാസസംവിധാനങ്ങളിലേക്കു കുട്ടികളെ ആകർഷിക്കാനുള്ള കോഴ്സുകളും അക്കാദമിക പ്രവർത്തനങ്ങളും കണ്ടെത്തണം.

ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടന്നുകൊണ്ട് വിശാലമായ അറിവിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. സ്റ്റുഡൻറ് എക്സ്ചേഞ്ച് പ്രോഗ്രാം പോലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കി ദ്വീപിലെ കുട്ടികൾക്ക് ഇന്ത്യയിലെ തന്നെ വിവിധ സർവകലാശാലകളിലെ പഠനാന്തരീക്ഷം പരിചയപ്പെടാനും മറ്റുമുള്ള അവസരങ്ങൾ ഒരുക്കാവുന്നതാണ്.

പാഠ്യപദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ ദ്വീപിന്റെ സ്ഥായിത്വമുള്ള വികസനവും ജനങ്ങൾക്ക് സ്വാശ്രയത്വം നേടാനുള്ള വഴികളും മുൻപോട്ടു വെയ്ക്കാൻ കഴിയുന്ന കോഴ്സുകളായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഉദാഹരണമായി, വർധിച്ചുവരുന്ന പാരിസ്ഥിതിക ഭീഷണികൾ വലിയ ആഘാതങ്ങൾ ദ്വീപിന്റെ പരിസ്ഥിതിയിൽ ഉണ്ടാക്കുന്നുണ്ട്. പാരിസ്ഥിതികമായി 'വാൾനറബിൾ' കമ്മ്യൂണിറ്റി എന്ന നിലയ്ക്ക് ക്ലൈമറ്റോളജി, മറൈൻ എക്കോളജി, ഡിസാസ്റ്റർ മാനേജ്‍മെന്റ് എന്നിങ്ങനെയുള്ള പഠനമേഖലകൾ നിലവിലുള്ള കോഴ്സുകളുടെ ഭാഗമാക്കുകയോ, പുതുതായി അത്തരം കോഴ്സുകൾ ഉൾപ്പെടുത്തുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. ദ്വീപിന്റെ തനതു സംസ്ക്കാരം, ചരിത്രം, സാഹിത്യസംഭാവനകൾ എന്നിവയെല്ലാം അതുപോലെ പരിഗണിക്കപ്പെടേണ്ട പഠനമേഖലകളാണ് . അതേസമയം ദ്വീപിനു പുറത്തുള്ള ലോകവുമായി സ്വയം ബന്ധിപ്പിക്കാനുള്ള അറിവിന്റെ തുറസ്സുകളും അവർക്കു പരിചിതമാക്കണം.

മേല്പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിന് ദ്വീപിലെ പൊതുവിലുള്ള സാങ്കേതികപരിമിതികളെ കുറച്ചു കൊണ്ടുവരുന്നതടക്കം കലാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങളിൽ ഭരണകൂടം സത്വരശ്രദ്ധ ചെലുത്തുകയും, അധ്യാപകരുടെ എണ്ണത്തിലോ തൊഴിൽസാഹചര്യങ്ങളിലോ ഉള്ള കുറവുകളും മറ്റു അപര്യാപ്‌തതകളും സമയോചിതമായി അധികൃതർ ഇടപെട്ടു പരിഹരിക്കേണ്ടതും ആണ്. ജീവിതത്തെയും ജീവനോപാധികളെയും ബന്ധപ്പെടുത്താൻ സാധിക്കുന്ന അവസരങ്ങൾ പ്രദാനം ചെയ്യാൻ ദ്വീപിലെ ഉന്നത വിദ്യഭ്യാസമേഖലയ്ക്ക് സാധിക്കണം. ദ്വീപിലെ വിദ്യാഭ്യാസപുരോഗതിയ്ക്കു ഗതിവേഗം നല്കുന്ന മികച്ച അക്കാദമിക നേട്ടങ്ങൾ കരസ്ഥമാക്കാൻ വിദ്യാർത്ഥി സമൂഹവും ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY