DweepDiary.com | ABOUT US | Tuesday, 23 April 2024

നിങ്ങളുടെ വാട്ട്സ്ആപ്പിൽ കറങ്ങി നടന്ന ഇൗ സ്ത്രീ ആര്?

In interview Special Feature Article BY Admin On 26 May 2020
കുറച്ച്‌ വർഷങ്ങൾക്ക്‌ മുന്നെ അവ്യക്തമായ ഒരു ഭാഷയിൽ പ്രത്യേക രൂപഭാവങ്ങളുളള ഇവരുടെ ഗാനം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നേരുപറഞ്ഞാൽ മിക്കവയും അവരുടെ രൂപത്തേയും ഗാനാലാപനത്തേയും കളിയാക്കുന്ന തരത്തിലുളളവയായിരുന്നു, പലതിന്റേയും തലക്കെട്ടും അതിൽ വന്നിരുന്ന കമന്റുകളും. അന്ന് തൊട്ടേ ഇവർ ആരാണെന്നും പേരെന്തെന്നും ആ ഭാഷ ഏതെന്നും അറിയാൻ ശ്രമം നടത്തിയിരുന്നു. അങ്ങിനെ അവരുടെ പേരും ഊരുമൊക്കെ കണ്ടെത്തിയെങ്കിലും അപൂർണ്ണമായ വിവരങ്ങൾ വെച്ച്‌ ഒരു പോസ്റ്റ്‌ പൂർത്തിയാക്കാൻ കഴിയാത്തത്‌ കൊണ്ട്‌ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വർഷങ്ങൾക്ക്‌ ശേഷം ഇന്ന് വീണ്ടും യൂടൂബിൽ ഫത്തൂമ മിൻത്‌ ബറക, ( അതാണ്‌ അവരുടെ യഥാർത്ഥ പേര് ) എന്ന് സെർച്ച്‌ ചെയ്തപ്പോൾ ആദ്യം വന്നത്‌ അവരെ ഖബറടക്കുന്ന‌ വീഡിയോ ആയിരുന്നു. 2013 ഏപ്രിൽ 17ന്‌ അവർ മരപ്പെട്ട്‌ കഴിഞ്ഞിരുന്നു.
ബി കിഡുഡു എന്നറിയപ്പെട്ടിരുന്ന ഫത്തൂമ ബിൻത്‌ ബറക, ഒരു കാലഘട്ടത്തിന്റെ അവസാന ഗായികയായിരുന്നു. താൻസാനിയയിലെ ഒമാൻ ഭരണപ്രദേശമായിരുന്ന സഞ്ചുബാറിൽ ( സാൻസിബാർ ) ജനിച്ച ബി കിഡുഡു താറബ്‌‌ എന്ന അറബ്‌-ആഫ്രിക്കൻ സംഗീതത്തിലെ ഏറ്റവും പ്രായം ചെന്ന ഗായികയായിരുന്നു. താറബിൽ തന്നെ സഞ്ചുബാറിയൻ ശൈലിയിലെ അവസാന ഗായികയായാണ്‌ അവർ അറിയപ്പെട്ടത്‌. ഒരു നാളികേര കച്ചവടക്കാരന്റെ മകളായി പിറന്ന അവർക്ക്‌ തന്റെ ജനന വർഷത്തെക്കുറിച്ച്‌ വലിയ ധാരണകളോ രേഖകളോ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഏറ്റവും പ്രായം ചെന്ന ഗായികയെന്ന റെക്കോഡിനായി ഗിന്നസ്‌ ബുക്ക്‌ അവരെ സമീപിച്ചെങ്കിലും പ്രായം തെളിയിക്കുന്ന രേഖകളുടെ അഭാവം നിമിത്തം അവരതിൽ നിന്ന് പിന്മാറുകയാണുണ്ടായത്‌. അവർ പറഞ്ഞ വിവരണങ്ങളുടെ അടിസ്ഥാനത്തിൽ മരണപ്പെടുമ്പോൾ നൂറ്റിപ്പത്ത്‌ വയസ്സായിട്ടുണ്ടായിരിക്കണം ബി കിഡുഡുവിന്‌.
ആറു സഹോദരങ്ങളുണ്ടായിരുന്ന കിഡുഡുവിന്റെ പിതാവ്‌ ബറകയും മാതാവ്‌ കിഡുഡുവുമായിരുന്നു. മാതാവിന്റെ പേരിനോട്‌ ചേർത്ത്‌ കിഡുഡുവിന്റെ മകൾ എന്നർത്ഥത്തിലാണ്‌ ബി കിഡുഡു എന്ന വിളിപ്പേര്‌ ഫത്തൂമക്ക്‌ വന്നത്‌. ചെറുപ്രായം തൊട്ട്‌ താൻ സഞ്ചുബാറി താറബ്‌‌‌ ഗായികയായിരുന്ന സിതി ബിൻത്‌ സഅദിൽ നിന്ന് ഗാനങ്ങൾ കേട്ടാണ്‌ വളർന്നതെന്നും അവരുടെ അടുക്കൽ വിദേശികളടക്കമുളളവർ ഗാനം കേൾക്കാൻ വരുമ്പോൾ താനും അവിടെ ഉണ്ടാവാറുണ്ടെന്നും അങ്ങിനെ കണ്ടും കേട്ടുമാണ്‌ താൻ പഠിച്ചതെന്നും സിതി ബിൻത്‌ സഅദ്‌ തന്റെ ഗുരുവായിരുന്നുവെന്നും ബി കിഡുഡു ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.
സൻസിബാറിലെ പാരമ്പര്യ ജനപ്രിയ ഗായികയായിരുന്ന ബി കിഡുഡുവിന്‌‌ വളരെ ചെറുപ്രായത്തിൽ തന്നെ പിതാവിന്റെ നിർബന്ധത്താൽ വിവാഹിതയാവേണ്ടി വന്നിരുന്നു. എന്നാൽ ഭർത്തൃപീഠനം അസഹ്യമായതിനാൽ അവിടെ നിന്ന് ഒളിച്ചോടിപ്പോരുകയും 1930കളിൽ വടക്കൻ ഈജിപ്തിൽ ചെന്ന് പാട്ടുപാടിയും തനിക്ക്‌ പാരമ്പര്യമായി ലഭിച്ച സഞ്ചുബാരി വൈദ്യചികിത്സയുമായി ജീവിച്ച്‌ പോന്നു. പിന്നീട്‌ 1940നു ശേഷം ഈജിപ്തിൽ നിന്ന് തിരികെ സാൻസിബാറിൽ എത്തിയ അവർ പതുക്കെ പതുക്കെ സഞ്ചുബാറി താറബ്‌‌ ഗാനശാഖയിൽ പ്രശസ്തിയിലേക്ക്‌ ഉയർന്നു. വിവിധ ആഫ്രിക്കൻ രാഷ്ട്രങ്ങൾക്ക്‌ പുറമേ ഇംഗ്ലണ്ട്‌, സ്പെയിൻ, ഒമാൻ, ഫിൻലാന്റ്‌, ജർമ്മനി, ഇറ്റലി, അമേരിക്ക തുടങ്ങി അമ്പതോളം രാഷ്ട്രങ്ങളിലും പോയി അവർ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്‌. താൻസാനിയൻ സഞ്ചുബാറി താറബ്‌ രാജ്ഞിയെന്ന്‌ അറിയപ്പെട്ട ബി കിഡുഡു ഒമാനി പാരമ്പര്യമുളള സഞ്ചുബാറി അറബിയിലും സ്വാഹിലി ഭാഷയിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്‌. പുതുതലമുറയിൽ പലർക്കും ഈ ഗാനശാഖയിൽ അറിവ്‌ പകർന്ന് നൽകുകയുമുണ്ടായി.
1999ൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ അവാർഡും 2005ൽ womex അവാർഡും 2012ൽ താൻസാനിയൻ ഗവൺമെന്റും അവാർഡുകൾ നകിയിട്ടുണ്ട്‌. ഇവരെക്കുറിച്ച്‌ ഹോളിവുഡ്‌ ചലചിത്ര നിർമ്മാതാവ്‌ ആൻഡ്രൂ ജോൺസൺ രണ്ട്‌ ഡോക്യുമെന്ററികളും നിർമ്മിച്ചിട്ടുണ്ട്‌.


വിവരങ്ങൾ വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ചത്‌. കടപ്പാട്: Abdulla Bin Hussain Pattambi

SHARE YOUR FEEDBACK

RECENT IN THIS CATEGORY