DweepDiary.com | Thursday, 14 November 2019

"ആദ്യം ചെയ്യുക വൻകരയിൽ മരിക്കുന്ന ലക്ഷദ്വീപുകാരന്റെ മയ്യിത്ത് ജന്മംകൊണ്ട ദ്വീപിലേക്ക് എത്തിക്കുന്ന നടപടി": സഖാവ് ഷെരീഫ് ഖാൻ (ഉള്ളത് പറഞ്ഞാല്‍)

In interview Special Feature Article / 02 April 2019
ദ്വീപ് ഡയറി പ്രതിനിധി: അഭിനന്ദനങ്ങൾ CPIM സ്ഥാനാർത്ഥിയായി തെരെഞ്ഞെടുക്കപ്പെട്ടതിൽ ആദ്യമായി അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഷെരീഫ് ഖാൻ: (ചിരിക്കുന്നു)

ദ്വീപ് ഡയറി പ്രതിനിധി: ലക്ഷദ്വീപിൽ ശക്തരായ രണ്ട് പാർട്ടികൾഅതായത് NCP യും കോൺഗ്രസ്സും ചേരിതിരിഞ്ഞ് മത്സരിക്കുമ്പോൾ അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ CPIM ജയിക്കാൻ സാധ്യതയില്ല. എന്നിട്ടും ഇത്രയും വിപുലമായി തെരെഞ്ഞെടുപ്പിനെ നേരിടുന്നതിലൂടെ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?
ഷെരീഫ് ഖാൻ: ജയിക്കുക എന്നതിലുപരി തെരെഞ്ഞെടുപ്പുകൾ CPI(M) ന്റെ ആശയ പ്രചരണ വേദിയാക്കുക എന്നത് തന്നെയാണ് ഉദ്ദേശം.

ദ്വീപ് ഡയറി പ്രതിനിധി: CPI യും CPIM ഉം കേരളത്തിൽ ഒന്നിച്ചാണ് മത്സരിക്കുന്നത് എന്നാൽ ലക്ഷദ്വീപിൽ ആകെ കുറച്ച് പേരേ ഉള്ളുവെങ്കിലും നിങ്ങൾ ഒന്നിക്കുന്നില്ല. സഖാവ് CT നജ്മുദ്ദീൻ നിരാഹാരം കിടന്നപ്പോൾ നിങ്ങളൊന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. ഈ സമീപനം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് തോന്നുന്നുണ്ടോ?www.dweepdiary.com
ഷെരീഫ് ഖാൻ: സഖാവ് CT യോട് വ്യക്തിപരമായി ഒരു പ്രശ്നവും എനിക്കില്ല. CT നിരാഹാരം കിടക്കുമ്പോൾ ഞാൻ ജയിലിലായിരുന്നു നിരാഹാര സമരം കഴിഞ്ഞ് CT ജയിൽ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇവിടുത്തെ മുഖ്യധാരാ പാർട്ടികളുടെ കാര്യത്തിൽ സ്ഥാനാർത്ഥി തന്നെയാണ് പാർട്ടി എന്നാൽ CPIM ന്റെ കാര്യത്തിൽ അങ്ങനെയല്ല CPIM-CPI സഖ്യത്തെക്കുറിച്ചൊന്നും തനിച്ചൊരഭിപ്രായം പറയാൻ എനിക്കാവില്ല പാർട്ടി എടുക്കുന്ന തീരുമാനം പൂർണ മനസ്സോടെ സ്വീകരിക്കും.

ദ്വീപ് ഡയറി പ്രതിനിധി: 2007 ലാണ് CPIM ലക്ഷദ്വീപിൽ വന്നത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ 453 വോട്ടാണ് നിങ്ങൾക്ക് ആകെ ലഭിച്ചത്. പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല. എന്താണ് നിങ്ങൾക്ക് സംഭവിച്ച പാളിച്ചകൾ?
ഷെരീഫ് ഖാൻ: അതിന് പ്രത്യേകിച്ച് കാരണമൊന്നും പറയാനില്ല സ്വതന്ത്ര ചിന്താഗതിയുള്ളവർ കുറവാണിവിടെ. CPIM ൽ ചേർന്നാൽ ജീവിക്കാനനുവദിക്കാത്ത സാഹചര്യം അഗത്തിയിലുണ്ട്. പിന്നെ ചില വലതു പക്ഷ പാർട്ടികളെപ്പോലെ ജാതിയേയും മതത്തേയും കൂട്ട് പിടിച്ചൊന്നും CPIM ന് വളരണ്ട. കുറച്ച് സമയമെടുത്താലും ഞങ്ങൾ വളരുക തന്നെ ചെയ്യും.

ദ്വീപ് ഡയറി പ്രതിനിധി: നിങ്ങൾ വ്യവസ്ഥ മാറ്റണമെന്ന് പറയുന്നു. വ്യവസ്ഥ മാറ്റണമെന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
ഷെരീഫ് ഖാൻ: CPIM ലക്ഷദ്വീപിൽ വന്നത് തൊട്ടേ പറയുന്ന കാര്യമാണിത്. ജനങ്ങൾക്ക് പ്രാതിനിധ്യമുള്ള ഒരു ഭരണം വരണം. മുഖ്യധാരാ പാർട്ടികൾ ഈ വിഷയം ചർച്ച ചെയ്യുക പോലും ചെയ്യാറില്ല. തെരെഞ്ഞെടുപ്പിലെ മുഖ്യ വിഷയമാക്കി മാറ്റാൻ കാരണം അതിനത്രയും പ്രാധാന്യം കൽപിക്കുന്നത് കൊണ്ട് തന്നെയാണ്.

ദ്വീപ് ഡയറി പ്രതിനിധി: നൂറ് ശതമാനം മുസ്ലിമീങ്ങൾ താമസിക്കുന്ന ദ്വീപുകളില്‍ CPIM ന്റെ മതങ്ങളെ നിരാകരിക്കുന്ന സമീപനം നിങ്ങൾക്കൊരു വിനയാവില്ലേ? അതിനെ എങ്ങനെ വിലയിരുത്തുന്നു?
ഷെരീഫ് ഖാൻ: മതമുണ്ടോ ഇല്ലയോ എന്നതിനേക്കാളുപരി മുസ്ലീങ്ങൾക്ക് സംരക്ഷണം നൽകാൻ CPIM ന് മാത്രമേ കഴിയൂ എന്നതാണ് യാഥാർത്ഥ്യം. ഉദാഹരണത്തിന്, ഗോമാംസത്തിന്റെ പേരിൽ CPIM ഭരിച്ച സംസ്ഥാനങ്ങളിൽ ഒരു മുസ്ലിം പോലും കൊല്ലപ്പെട്ടിട്ടില്ല. CPIM മതത്തെ എതിർക്കുന്നില്ല. പക്ഷേ മതത്തിന്റെ പേരിലുള്ള രാഷ്ട്രീയവും കലാപവുമൊന്നും ഞങ്ങൾ വെച്ച് പൊറുപ്പിക്കാനാവില്ല.

ദ്വീപ് ഡയറി പ്രതിനിധി: ഷെരീഫ്ഖാൻ കൂടുതലും അറിയപ്പെടുന്നത് അഗത്തിയിൽ വെച്ച് നടന്ന ബൈക്ക് കത്തിക്കൽ കേസുമായി ബന്ധപ്പെട്ടാണ്. എന്താണ് യഥാർത്ഥത്തിൽ അന്ന് സംഭവിച്ചത്?
ഷെരീഫ് ഖാൻ: അതിന് മുമ്പ് നടന്ന വേറൊരു കേസിൽ ഞാൻ പ്രതിയാക്കപ്പെടുന്നതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. അബൂബക്കർ എന്ന ഒരു രോഗി തലച്ചോറിൽ രക്തം കട്ട പിടിക്കുന്ന ഒരസുഖവുമായി ബന്ധപ്പെട്ട് അഗത്തി ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഞങ്ങൾ അന്വേഷിച്ചപ്പോൾ രോഗിയെ ഇവാക്വേറ്റ് ചെയ്യാന്‍ ഹെലികോപ്റ്റർ വിളിച്ചിട്ടുണ്ടെന്നും അന്ന് തന്നെ രോഗിയെ കൊച്ചിയിലെത്തിക്കുമെന്നുമാണ് അധികൃതര്‍ പറഞ്ഞത്. എന്നാൽ പിറ്റേന്ന് മൂന്ന് മണിയോടെയാണ് ഹെലികോപ്റ്റർ രോഗിയെയും കൊണ്ട് കൊച്ചിയിലേക്ക് തിരിച്ചത്. ഈ സമയത്തൊക്കെ ഹെലികോപ്റ്റർ വിഐപികളേയും വഹിച്ച് അഗത്തിയിലേക്കും ബംഗാരത്തേക്കുമൊക്കെ പറന്നു കൊണ്ടിരുന്നു. വൈകി വന്നത് കൊണ്ട് രോഗി കൊച്ചി എത്തുന്നതിന് മുമ്പേ മരണപ്പെട്ടു. ഇത് ഞങ്ങള്‍ ചോദ്യം ചെയ്തു. ഞങ്ങളും രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡോ. ബാവയും തമ്മിൽ വാക്കുതർക്കമുണ്ടായി. എല്ലാ പാർട്ടിക്കാരും അന്നവിടെ പോയിരുന്നെങ്കിലും ഞങ്ങൾക്കെതിരെ കള്ളക്കേസുണ്ടാക്കുകയും പോലീസ് മർദ്ദനം നടത്തുകയും ചെയ്തു. അന്ന് തീരാത്ത വൈരാഗ്യം ബൈക്ക് കത്തിച്ച കള്ളക്കേസിൽ കുടുക്കി സര്‍ക്കിള്‍ ഇന്‍സ്പെക്ട്ടര്‍ സമീർ പകപോക്കുകയായിരുന്നു.

ദ്വീപ് ഡയറി പ്രതിനിധി: കേരളത്തിൽ നടക്കുന്ന അക്രമ രാഷട്രീയത്തിന്റെ പശ്ചാത്തലത്തിൽ CPIM ദ്വീപില്‍ വരുമ്പോള്‍ അക്രമം കൂടുന്നുവെന്ന് ഒരു ധാരണ പൊതുജനങ്ങള്‍ക്കുണ്ട്. നിങ്ങൾ തന്നെ അക്രമത്തിന്റെ പാതയിലാണ് പ്രസിദ്ധനാകുന്നത്. ഷെരീഫ് ഖാൻ ഒരു ഗുണ്ടയായിട്ടാണറിയപ്പെടുന്നത് എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾക്ക് നിഷേധിക്കാൻ പറ്റുമോ?
ഷെരീഫ് ഖാൻ: ആന്ത്രോത്ത് ജമാഅത്ത് പള്ളിയിൽ വെടിവെപ്പ് നടത്തിയത് CPIM ആയിരുന്നോ? അമിനിയിൽ കടകൾ കത്തിച്ചത്, ആന്ത്രോത്തിൽ വീട്ടിൽ കേറി മറുനാട്ടുകാരിയായ സ്ത്രീയെ വസ്ത്രാക്ഷേപം ചെയ്തത്, അമിനിയിൽ മയ്യിത്ത് തട്ടിയെറിഞ്ഞത്, 2014 ലെ തെരെഞ്ഞെടുപ്പ് സമയത്ത് കല്‍‍പേനിയിൽ നടന്ന അക്രമങ്ങൾ നടത്തിയത് CPIM അല്ലായിരുന്നല്ലോ? ഇവിടെ, മുമ്പുള്ളവർ നടത്തിയ ലിസ്റ്റ് ഇനിയും നീളും. CPIM പ്രതിരോധിച്ചു തുടങ്ങിയപ്പോൾ ഞങ്ങൾ അക്രമകാരികൾ... ജനങ്ങൾ ഇതൊക്കെ തിരിച്ചറിയാൻ ശേഷിയുളളവരാണ്. പിന്നെ ഞാൻ ഗുണ്ടയാണോ എന്ന ചോദ്യം... നേരത്തേ സൂചിപ്പിച്ച അബൂബക്കറിന്റെ കേസിൽ ഞങ്ങൾ ശബ്ദമുയർത്തിയത് ഗുണ്ടായിസമാണെങ്കിൽ ഞാനൊരു ഗുണ്ട എന്നറിയപ്പെട്ടോട്ടെ... പ്രതികരിച്ചത് തെറ്റായിപ്പോയെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ആ തെറ്റ് വീണ്ടും ആവർത്തിക്കുന്നതായിരിക്കും എന്നേ എനിക്ക് പറയാനുള്ളൂ.

ദ്വീപ് ഡയറി പ്രതിനിധി: നിങ്ങൾ അഥവാ ജയിക്കുകയാണെങ്കിൽ ആദ്യമായി ചെയ്യുന്ന കാര്യം എന്തായിരിക്കും?
ഷെരീഫ് ഖാൻ : ആ കാര്യത്തിൽ ഒട്ടും സംശയം എനിക്കില്ല. ഞാൻ ജയിക്കുകയാണെങ്കിൽ വൻകരയിൽ വെച്ച് മരിക്കുന്ന ലക്ഷദ്വീപുകാരന്റെ മയ്യിത്ത് ജന്മം കൊണ്ട ദ്വീപിലേക്ക് എത്തിക്കാനുള്ള വ്യവസ്ഥ ആദ്യമുണ്ടാക്കും.www.dweepdiary.com

ദ്വീപ് ഡയറി പ്രതിനിധി: എല്ലാവിധ വിജയാശംസകളും നേരുന്നു, ദ്വീപ് ഡയറിയോട് സഹകരിച്ചതിന് നന്ദി.

അഭിമുഖം pdf രുപത്തില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

SHARE YOUR FEEDBACK

RECENT IN THIS CATEGORY